കുഞ്ഞുമുഹമ്മദിന്‍റെ അപകട മരണം: സർക്കാർ വാദം പച്ചക്കള്ളമെന്ന് ദൃക്സാക്ഷി
text_fieldsജാഫർ
ആലുവ: ആലുവ-മൂന്നാർ റോഡിൽ കുഴിയിൽ വീണ് പരിക്കേറ്റ കുഞ്ഞുമുഹമ്മദ് മരിച്ച സംഭവത്തിലെ സർക്കാർ വാദം പച്ചക്കള്ളമാണെന്ന് ദൃക്സാക്ഷി. സംഭവം ഉണ്ടായയുടൻ കുഞ്ഞുമുഹമ്മദിനെ ആശുപത്രിയിൽ എത്തിച്ച കുട്ടമശ്ശേരി സ്വദേശി ജാഫർ വട്ടപ്പിള്ളിക്കുന്നാണ് മരണ കാരണം തലക്കേറ്റ ക്ഷതമേറ്റേണെന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞമാസം 20ന് രാവിലെ ഒമ്പതുമണിയോടെയാണ് അപകടം. സമീപത്ത് വ്യാപാരം നടത്തുന്ന ജാഫർ ഈ സമയം കടയിൽ സർബത്ത് എടുത്ത് കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ നടന്ന അപകടം നേർക്കുനേർ കണ്ടതാണെന്നും കുഞ്ഞുമുഹമ്മദിന് ഹെൽമറ്റ് ഉണ്ടായിരുന്നുവെന്നും ജാഫർ പറയുന്നു. ഹെൽമറ്റ് തെറിച്ച് തൊട്ടടുത്ത കാനയിലേക്ക് വീഴുകയായിരുന്നു.
മുഖമടിച്ചാണ് വീണത്. മുഖത്താകെ ചോര ഒലിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന കുഞ്ഞുമുഹമ്മദിനെ താനും മാറംപള്ളി സ്വദേശി നവാസും കൂടിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ജാഫർ പറഞ്ഞു. അപകട കാരണം റോഡിലെ കുഴിതന്നെയാണെന്ന് കുഞ്ഞുമുഹമ്മദിന്‍റെ മകൻ മനാഫും പറയുന്നു. വീഴ്ചയിൽ തലക്കേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയത്. കുഴിയിൽ വീണാണ് അപകടമുണ്ടായതെന്ന് ആ സമയത്തുതന്നെ പൊലീസിന് വിവരം നൽകിയിരുന്നതായും മനാഫ് പറയുന്നു. മരണ കാരണം കുഴിയിൽ വീണതുമൂലമല്ലെന്ന് മരിച്ചയാളുടെ മകൻ പറഞ്ഞതായാണ് സർക്കാർ ഹൈകോടതിയിൽ അറിയിച്ചത്. ഈ പരാമർശമാണ് ദൃക്‌സാക്ഷിയും മകനും തള്ളിപ്പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

