വൈകുന്നേരമായാൽ ടോർച്ച് വേണം; കൗതുകമായി എ.ടി.എം
text_fieldsഅരൂക്കുറ്റി: രാത്രിയായാൽ ടോർച്ചുമായി വന്നാൽ മാത്രം പണം കിട്ടുന്ന എ.ടി.എം കൗതുകമാകുന്നു. വടുതല ജങ്ഷന് പടിഞ്ഞാറ് ഭാഗത്തുള്ള അരൂക്കുറ്റി എസ്.ബി.ഐ എ.ടി.എമ്മിലാണ് കൗതുകക്കാഴ്ച.
ഇടുങ്ങിയ സ്ഥലത്ത് സ്ഥിതിചെയ്യുന്ന എ.ടി.എമ്മിൽ വൈകീട്ട് അഞ്ചോടെ ഇരുട്ടാകും. എന്നാൽ, കൗണ്ടറിനകത്തെ ബൾബ് തെളിയുന്നത് രാത്രി ഏഴര കഴിഞ്ഞും. നേരമിരുട്ടിയാൽ തനിയെ തെളിയേണ്ട ബൾബിന്റെ സമയക്രമം മാറിയതാണ് പ്രശ്നം. അതുവരെ പണമെടുക്കാൻ വരുന്നവരെല്ലാം മൊബൈൽ വെളിച്ചത്തിലാണ് കാര്യം സാധിക്കുന്നത്. എട്ട് മാസത്തിലധികമായി ഈ ‘ഒളിച്ചുകളി’ തുടങ്ങിയിട്ട്. ബാങ്കുകാരോട് പരാതി പറഞ്ഞ് തോറ്റെന്നാണ് നാട്ടുകാരുടെ പരാതി. എ.ടി.എം നോക്കുന്നത് തങ്ങളല്ലെന്ന് പറഞ്ഞ് അവർ കൈയൊഴിയുന്നതിനാൽ പണം വേണ്ടവരെല്ലാം പതിവായി മൊബൈലുമായി വരുകയാണ് ചെയ്യുന്നത്.