എ. ഷൗക്കത്ത്, നെഹ്റു ട്രോഫിയുടെ ‘സ്വന്തം ലേഖകൻ’
text_fieldsഒരുമിച്ച് മാധ്യമപ്രവർത്തനം നടത്തിയ കവിയും എഴുത്തുകാരനുമായ ഏഴാച്ചേരി രാമചന്ദ്രനുമായി മുതിർന്ന മാധ്യമപ്രവർത്തകൻ എ. ഷൗക്കത്ത് സൗഹൃദം പങ്കിടുന്നു
ആലപ്പുഴ: അരനൂറ്റാണ്ടിലേറെയായി നെഹ്റുട്രോഫി വള്ളംകളിയുടെ സ്വന്തം ലേഖകനാണ് മുതിർന്ന മാധ്യമപ്രവർത്തകൻ എ. ഷൗക്കത്ത്. പ്രായം 73 പിന്നിട്ടും ചരിത്രനിയോഗമായി റിപ്പോർട്ടിങ്ങിനായി ഇത്തവണയും പുന്നമടയിലെത്തും. 1972ൽ തുടക്കമിട്ട അച്ചടിമാധ്യമ റിപ്പോർട്ടിങ്ങിന്റെ തുടർച്ച നിലനിർത്താനാണിത്. നാട്ടുകാർ ഷൗക്കത്ത് ഇക്കയെന്ന് വിളിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ സതേൺ സ്റ്റാർ പത്രത്തിന്റെ റിപ്പോർട്ടറാണ്.
ഗീത ഡെയ്ലിയിൽ ജോലി ചെയ്യുമ്പോഴാണ് ആദ്യമായി നെഹ്റുട്രോഫി റിപ്പോർട്ടിങ്ങിന് എത്തുന്നത്. അക്കാലത്തെ ‘സാഹസം’ നിറഞ്ഞ റിപ്പോർട്ടിങ് തന്നെയാണ് മനസ്സിലേക്ക് ആദ്യമെത്തുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിന്റെ പ്രഖ്യാപനമുണ്ടായത് വള്ളംകളി വേദിയിലാണ്. 1961ലെ നെഹ്റുട്രോഫി ജലമേളയുടെ ഉദ്ഘാടകൻ മുഖ്യമന്ത്രി പട്ടംതാണുപിള്ളയായിരുന്നു. ആയോഗത്തിൽ സംബന്ധിച്ച ആരോഗ്യമന്ത്രി വി.കെ. വേലപ്പനാണ് പ്രഖ്യാപനം നടത്തിയത്. ആദ്യകാല പത്രപ്രവർത്തകൻ എൻ.വി. പ്രഭുവാണ് നെഹ്റുട്രോഫി വള്ളംകളിയുടെ പ്രശസ്ത്രി രാജ്യാന്തരതലത്തിലേക്ക് എത്തിച്ചത്.
അക്കാലത്ത് ദ ഹിന്ദുവിന്റെ റിപ്പോർട്ടറായി വള്ളംകളിയെക്കുറിച്ചുള്ള എഴുത്താണ് അതിന് നിമിത്തമായത്. വെള്ളത്തിലൂടെ പാമ്പുപോലെ ഇഴയുന്ന ചുണ്ടൻവള്ളത്തിന് ‘സ്നേക് ബോട്ട്’ എന്നാണ് ഇംഗ്ലീഷിൽ മൊഴി മാറ്റം നടത്തിയത്. ഇത് ലോകാത്തര ശ്രദ്ധപിടിച്ചുപറ്റി. ഇതോടെയാണ് ആലപ്പുഴയിലും കുട്ടനാടും മാത്രമായി ഒതുങ്ങേണ്ട ‘വള്ളംകളി’ കൂടുതൽ ജനകീയമായത്. ഇതിൽ അക്കാലത്തെ പത്രപ്രവർത്തകർക്ക് വലിയപങ്കുണ്ട്. കുട്ടനാടിന്റെ മൺട്രോതുരുത്തിൽ മാത്രം നടന്ന വള്ളംകളിക്ക് ആലപ്പുഴ പുന്നമട അനുയോജ്യമാണെന്ന് കണ്ടെത്തിയത് അന്നത്തെ ദിനമണി പത്രത്തിലെ ലേഖകൻ ടി.കെ. കരുണാകരനാണ്.
തുടക്കങ്ങളിൽ റിപ്പോർട്ടിങ് വളരെ പ്രയാസകരമായിരുന്നു. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ കഴിഞ്ഞാലുടൻ പത്രഓഫിസുകളിലേക്ക് ഫോൺ വിളിച്ചാണ് ഫലം അറിയിച്ചിരുന്നത്. പ്രധാനപത്രങ്ങൾക്കെല്ലാം ടെലിപ്രിന്റർ വഴിയാണ് വാർത്ത അയച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കമ്പ്യൂട്ടറുകളുടെ കടന്നുവരവ്. പിന്നീട് മെയിൽവഴിയായി. കാലം മാറിയതോടെ വാട്സ്ആപ് അടക്കമുള്ള ന്യൂതനസംവിധാനങ്ങൾ എത്തിയതോടെ വാർത്തകൾ ‘തത്സമയം’ റിപ്പോർട്ട് ചെയ്യാനും സമൂഹമാധ്യമങ്ങളിലേക്ക് പങ്കുവെക്കാനും കഴിയുന്നു.
കേരളഭൂഷണം, കേരളധ്വനി, ഗീത, കേരളീയൻ, ഭാരതീയൻ, സിറാജ് എന്നീ പത്രങ്ങളിലും ഷൗക്കത്ത് പ്രവർത്തിച്ചിട്ടുണ്ട്. മുൻപ്രധാനമന്ത്രി മൻമോഹൻസിങ്, മുൻരാഷ്ട്രപതിമാരായ വി.വി. ഗിരി, കെ.ആർ. നാരായണൻ, സോണിയ ഗാന്ധി, സിനിമതാരങ്ങളായ മമ്മൂട്ടി, ചീരഞ്ജീവി, അല്ലുഅർജുൻ, ക്രിക്കറ്റ് താരം സചിൻ തെണ്ടുൽകർ എന്നിവർ വിശിഷ്ടാതിഥികളായെത്തി ആവേശംനിറച്ച വള്ളംകളിയും അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആലപ്പുഴ വലിയമരം വാർഡ് പ്ലാംപറമ്പിൽ വീട്ടിലാണ് താമസം. ഭാര്യ: സീനത്ത് ബീവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

