ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു
text_fieldsആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തിന്റെ തകര്‍ന്നുവീണ ഭാഗം
ആലപ്പുഴ: ഉദ്ഘാടനം കഴിഞ്ഞ ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു. പൊളിഞ്ഞഭാഗം വീണ് യൂക്കാലിമരം ഒടിഞ്ഞ് സമീപത്തെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. അന്തർസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വീട്ടില്‍ ആരുമില്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. റോഡിന് കുറുകെ മരം ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് വൈദ്യുതി കമ്പികള്‍ പൊട്ടിവീണു.
ഇതോടെ പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം. അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ നിലകളിലേക്ക് പോകുന്ന പൈപ്പുകള്‍ മറച്ചുകെട്ടിയ ഭാഗമാണ് പൂർണമായും ഇടിഞ്ഞുവീണത്. നഗരസഭയുടെ ശതാബ്ദിയോട് അനുബന്ധിച്ച് 12കോടി ചെലവിലാണ് കെട്ടിടം നിർമിച്ചത്. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തിക്കുകയായിരുന്നു ലക്ഷ്യം.
2020ൽ കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും തുറന്നുപ്രവര്‍ത്തിച്ചിട്ടില്ല. കെട്ടിടത്തിന്റെ അടര്‍ന്നുവീണ ഭാഗം അപകടാവസ്ഥയിലാണെന്ന നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. കെട്ടിട നിര്‍മാണത്തിലെ അപാകതമൂലമാണ് നഗരസഭയുടെ പ്രവര്‍ത്തനം മാറ്റാതിരുന്നതെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. ഉദ്ഘാടനം കഴിഞ്ഞശേഷം കെട്ടിടം പരിപാലിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് യു.ഡി.എഫും ആരോപിച്ചു.
അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസർ ജോജി എന്‍.ജോയിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി. സന്തോഷ്, ആര്. രാജേഷ്, ജി. രാജീവ്, രതീഷ്, എ.ജെ. ബെഞ്ചമിൻ, മുഹമ്മദ്നിയാസ്, കെ.പി. പുഷ്പരാജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

