എ.സി റോഡ് നവീകരണം പള്ളാത്തുരുത്തിയിൽപുതിയപാലം ഉയരും
text_fieldsആലപ്പുഴ: എ.സി റോഡ് നവീകരണ ഭാഗമായി നിർമാണം നിർത്തിവെച്ച പള്ളാത്തുരുത്തിയിൽ പുതിയപാലം ഉയരും. തൂണുകളുടെ പൈലിങ് തിങ്കളാഴ്ച മുതൽ തുടങ്ങും. ദേശീയജലപാത ചട്ടങ്ങൾ പാലിച്ച് തയാറാക്കിയ രൂപരേഖക്ക് കെ.എസ്.ടി.പി അംഗീകാരം നൽകിയതോടെയാണ് പുതിയപാലം യാഥാർഥ്യമാകുന്നത്. പഴയപാലം അതേപടി നിലനിർത്തി 10.4 മീറ്ററിൽ സമാന്തരമായിട്ടാകും പുതിയത് നിർമിക്കുന്നത്. ജലാശയത്തിൽ നിർമിക്കുന്ന തൂണുകളുടെ അകലത്തിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. മധ്യഭാഗത്തെ തൂണുകൾ തമ്മിലുള്ള അകലം 72 മീറ്ററാക്കി മാറ്റിയതാണ് പുതിയമാറ്റം. ഇതിനാൽ ബോട്ടുകൾക്കും വള്ളങ്ങൾക്കും സുഗമമായി സഞ്ചരിക്കാനാകുമെന്ന് ഊരാളുങ്കൽ പ്രോജക്ട് മാനേജർ ജയരാജ് നമ്പ്യാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
മാനദണ്ഡങ്ങൾ പാലിക്കാതെ തുടക്കത്തിൽ തയാറാക്കിയ പ്ലാനിൽ അപാകത കണ്ടെത്തിയ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ഡബ്ല്യു.എ.എ) നിർമാണം തടയുകയായിരുന്നു. ഇതോടെ ആലപ്പുഴ-ചങ്ങനാശ്ശേരി പാതയിൽ നെടുമുടി, കിടങ്ങറ വലിയപാലങ്ങൾക്കൊപ്പം തീർക്കേണ്ട പള്ളാത്തുരുത്തി പാലം നിർമാണം അനന്തമായി നീണ്ടു.
രണ്ടുവർഷം മുമ്പ് നിർമാണം തുടങ്ങിയ പാതയിലെ രണ്ടുപാലം ഒഴിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. പണ്ടാരക്കളം മേൽപാലത്തിന്റെ നിർമാണത്തിന് തടസ്സം മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനാണ്. ലൈൻ മാറ്റുന്നതിന് പുതിയ വൈദ്യുതി ടവർ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പള്ളാത്തുരുത്തി പാലത്തിന്റെ തൂണുകളുടെ നിർമാണത്തിനുള്ള പൈലിങ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇതിന് ആവശ്യമായ യന്ത്രസാമഗ്രികളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
മധ്യഭാഗത്ത് കൂടുതൽ സൗകര്യം കിട്ടുന്നവിധം ബോട്ടുകൾക്കും വള്ളങ്ങൾക്കും സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന വിധത്തിലേക്ക് രൂപരേഖ മാറ്റിയതോടെ 30 കോടി അധികമായി വേണ്ടിവരും. ഇതിന് കെ.എസ്.ടി.പിയുടെ അംഗീകാരം ലഭിച്ചതോടെയാണ് നിർമാണം ആരംഭിക്കുന്നത്. ജലാശയങ്ങളിൽ പാലം നിർമിക്കുമ്പോൾ തൂണുകൾ തമ്മിലുള്ള അകലം 40 മീറ്റർ വേണമെന്നാണ് വ്യവസ്ഥ. നേരത്തേ 29 മീറ്റർ കണക്കാക്കിയാണ് പ്ലാൻ തയാറാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചുമതലയിൽ 2020 ഒക്ടോബർ 12നാണ് നിർമാണത്തിന് തുടക്കമിട്ടത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

