പുന്നമടയിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടി; ഒരാളുടെ നില ഗുരുതരം
text_fieldsപുന്നമട ഫിനിഷിങ് പോയന്റിന് സമീപം ഏറ്റമുട്ടിയ സംഘം യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു
ആലപ്പുഴ: പുന്നമട ഫിനിഷിങ് പോയന്റിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടി. മൂന്നുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഹൗസ്ബോട്ടിൽ കായൽസൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ബോട്ടിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് ഒരുമാസം മുമ്പുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കമ്പിവടി ഉപയോഗിച്ചുള്ള അടിയിൽ താടിയെല്ല് തകർന്ന ആകാശ് എന്ന യുവാവിനാണ് ഗുരുതരപരിക്കേറ്റത്.
ഇയാൾ വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന ലിബിൻ, അഖിൽ എന്നിവർക്കും പരിക്കേറ്റു. സംഭവത്തിൽ കണ്ടാലറിയാവുന്ന ഒരാൾ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ നോർത്ത് പൊലീസ് കേസെടുത്തു. ഷിജിൻ, പ്രജീഷ്, കൊച്ചുമോൻ, വിമൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഹൗസ്ബോട്ട് ടെർമിനലിന് സമീപത്തെ സ്വകാര്യഹോട്ടലിന്റെ കായലിനോട് ചേർന്നുള്ള പ്രദേശത്തായിരുന്നു ആക്രമണം. ഞായറാഴ്ച ഉച്ചക്ക് 2.30നാണ് സംഭവങ്ങൾക്ക് തുടക്കം.
സഞ്ചാരികളെ ബോട്ടിൽ കയറ്റുന്നതുമായുണ്ടായ തർക്കമാണ് ആദ്യഏറ്റുമുട്ടലിന് വഴിയൊരുക്കിയത്. സംഭവമറിഞ്ഞ് നോർത്ത് പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇവർ മടങ്ങിയതിന് പിന്നാലെ വൈകീട്ട് 5.30ന് കൂടുതൽ പേരെത്തി സംഘം ചേർന്ന് മർദിക്കുകയായിരുന്നു. കമ്പിവടി, പൈപ്പ് തുടങ്ങിയവ ഉപയോഗിച്ച് യുവാക്കളെ വളഞ്ഞിട്ടായിരുന്നു ആക്രമണം. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹൗസ് ബോട്ട് മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

