Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:31 AM IST Updated On
date_range 5 April 2022 5:31 AM IST93ലും വ്രതംമുടക്കാതെ അബ്ദുൽഖാദർ
text_fieldsbookmark_border
ആലപ്പുഴ: 93ാം വയസ്സിലും പ്രായത്തിന്‍റെ അവശതകൾ മറന്നും വ്രതപുണ്യം നേടുന്നതിന്‍റെ തിരക്കിലാണ് നീർക്കുന്നം കാട്ടുങ്കൽചിറയിൽ അബ്ദുൽഖാദർ. എട്ട് വയസ്സ് മുതൽ തുടങ്ങിയ നോമ്പെടുക്കൽ ഇക്കാലമത്രയും മുടക്കിയിട്ടില്ല. അസുഖംപിടിപെട്ട ചില സന്ദർഭങ്ങളിൽ മാത്രമാണ് വ്രതത്തിന് അവധി നൽകിയത്. വീടിനുസമീപത്തെ നീർക്കുന്നം ഇജാബ പള്ളിയിലേക്ക് ഇപ്പോഴും നടന്നാണ് പ്രാർഥനക്ക് പോകുന്നത്. പുലർച്ച നാലിന് എഴുന്നേൽക്കും. 'ഇടയത്താഴം' കഴിച്ചശേഷം സുബഹി ബാങ്കിന്റെ വിളി കാതോർത്തിരിക്കും. പിന്നെ പള്ളിയിലേക്ക് പോകും. നമസ്കാരവും ഖുർആൻ പാരായണവും കഴിഞ്ഞ് രാവിലെ ഏഴുമണിയോടെ വീട്ടിൽ തിരിച്ചെത്തും. ളുഹറിന് പള്ളിയിലെത്തിയാൽ നോമ്പുകാലത്തെ ഖുർആൻക്ലാസും കഴിഞ്ഞാവും മടക്കം. അസറും മഗ്രിബും നോമ്പുതുറയും ഇഷായും താറാവീഹും അടക്കമുള്ള പ്രാർഥനാദിനചര്യകൾ ആവേശത്തോടെ പൂർത്തിയാക്കുന്ന സന്തോഷത്തിലാണ് അബ്ദുൽഖാദർ പഴയകാല നോമ്പനുഭവങ്ങൾ 'മാധ്യമ'ത്തോട് പങ്കിട്ടത്. പണ്ട് പ്രായമായ വിരലിലെണ്ണാവുന്നവർ മാത്രമാണ് നോമ്പുതുറക്ക് പള്ളിയിൽ എത്തിയിരുന്നത്. ചെറുപ്പക്കാർ ആരുമുണ്ടായിരുന്നില്ല. സാമ്പത്തികമുള്ള ആരെങ്കിലും എത്തിക്കുന്ന 'കഞ്ഞി' മാത്രമാണ് നോമ്പുതുറക്കായി പള്ളിയിൽ കിട്ടുന്നത്. മൺചട്ടിയിലാണ് വിളമ്പിയിരുന്നത്. കാലംപുരോഗമിച്ചപ്പോഴാണ് വിഭവസമൃദ്ധമായ ഭക്ഷണംപോലും കിട്ടിത്തുടങ്ങിയത്. ഓരോവീട്ടുകാരുടെ വകയായിട്ടായിരുന്നു അന്നത്തെ നോമ്പുകഞ്ഞി. നീർക്കുന്നം ഇജാബ പള്ളിയിൽ അക്കാലത്ത് ഒത്തുകൂടാൻ 12പേരിലധികം ഉണ്ടായിരുന്നില്ല. നീർക്കുന്നം 'ചാണയിൽ' കുടുംബത്തിലെ അംഗമായ ഉപ്പൂപ്പയുടെ കാലത്ത് വീട്ടിൽ കഞ്ഞിവെച്ച് നൽകുന്നത് ഓർമയിലുണ്ട്. ഇതിനൊപ്പം റബീഊൽ അവ്വൽ 12ന് കൊട്ടനിറച്ച് ചോറും വിളമ്പിയിരുന്നു. അക്കാലത്ത് ഇജാബയിലും കിഴക്കേപള്ളിയിലുമാണ് ചോറുവെച്ച് കൊടുത്തിരുന്നത്. പണ്ട് മൈക്ക് ഇല്ലാതിരുന്ന കാലത്തുപോലും പള്ളിയിൽനിന്നുള്ള ബാങ്ക് വിളികേട്ടാണ് പ്രദേശത്തുകാർ നോമ്പുതുറന്നിരുന്നത്. പണ്ടത്തെയും ഇപ്പോഴത്തെയും വ്രതകാലത്തെ വ്യത്യാസം ചോദിച്ചാൽ താങ്ങാൻ പറ്റാത്ത കനത്ത ചൂടാണെന്നായിരുന്നു മറുപടി. കെട്ടിടങ്ങളൊക്കെ വരുന്നതിന് മുമ്പ് റോഡരികിൽ നിറയെ മരങ്ങളായിരുന്നു. ഈ തണൽപറ്റി അക്കാലത്ത് ആലപ്പുഴക്ക് കാൽനടയായിട്ടായിരുന്നു സഞ്ചാരം. ഇപ്പോഴത്തെ വെയിലിൽ ഒരടിപോലും നടക്കാൻ കഴിയില്ല. നേരത്തേ വീട്ടിൽ തന്നെ പലചരക്ക് കട നടത്തിയിരുന്നു. അഞ്ചാണും ഒരുപെണ്ണും ഉൾപ്പെടെ ആറുമക്കളുണ്ട്. APL abdulkhader അബ്ദുൽഖാദർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story