ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ 8.8 കോടി തട്ടിയ കേസ്: ഒരാൾ പിടിയിൽ
text_fieldsഭാരതിക്കണ്ണൻ അംഗമുത്തു, ശബരീഷ് ശേഖർ
ആലപ്പുഴ: സ്റ്റോക്ക് ഇൻവെസ്റ്റമെന്റ് ഗ്രൂപിന്റെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി എട്ടുകോടി എട്ട് ലക്ഷം തട്ടിയ കേസിലെ രണ്ട് പ്രതികളിൽ ഒരാൾ പിടിയിൽ.
സേലം സ്വദേശി ഭാരതിക്കണ്ണൻ അംഗമുത്തുവിനെയാണ് (23) പിടിയിലായത്. വയോധികനിൽനിന്ന് ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 8,08,81,317 രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഒരു വാട്സ്ആപ്പിലൂടെ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് കമ്പനി പ്രതിനിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും തുടർന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയക്കാൻ നിർദേശിക്കുകയുമായിരുന്നു.
ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് 73 തവണയാണ് 2025 ഏപ്രിൽ 24 മുതൽ 2025 ഡിസംബർ 20 വരെയാണ് പ്രതികൾ പണം വാങ്ങിയത്. 'ലാഭം' പിൻവലിക്കാൻ സർവിസ് ചാർജ്, ബ്രോക്കറേജ് ഫീ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി കൂടുതൽ തുക നിക്ഷേപിക്കണമെന്നും എന്നാൽ നിക്ഷേപിച്ച തുക പിൻവലിക്കാൻ സാധിക്കുകയുള്ളൂവെന്നും തട്ടിപ്പുകാർ അറിയിച്ചു. തുടർന്ന് ശബരീഷ് ശേഖർ എന്നയാളുമായി ചേർന്ന് സേലം ഓൾഡ് ബസ് സ്റ്റാൻഡിന് സമീപം വാലിയന്റ് സ്ട്രൈവ് കോർപഹേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി ആരംഭിച്ച് കമ്പനിയുടെ പേരിൽ ഭാരതിക്കണ്ണൻ അംഗമുത്തു, ശബരീഷ് ശേഖർ എന്നിവരുടെ പേരിൽ അക്കൗണ്ട് തുടങ്ങി. തുടർന്ന് ഈ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്നു തവണകളിലായി 35.5 ലക്ഷം രൂപ അയക്കുകയും ചെയ്തു.
അറസ്റ്റിലായ പ്രതിയിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് ശബരീഷിനെ കുറിച്ച് അറിയുന്നത്. ഇയാൾ ട്രിച്ചി സെൻട്രൽ പ്രിസണിൽ സമാനമായ കേസിൽ ശിക്ഷയനുഭവിച്ചിട്ടുള്ളതായി പൊലീസ് അറിയിച്ചു. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു കർണാടക, തമിഴ്നാട്, ജാർഖണ്ഡ്, ജമ്മു കാശ്മീർ, ഒഡിഷ, മഹാരാഷ്ട്ര, ബീഹാർ, വെസ്റ്റ് ബംഗാൾ, തെലങ്കാന, രാജസ്ഥാൻ, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിലായി അന്വേഷണം നടത്തുന്നുണ്ട്. വ്യാജ കാൾ സെന്ററുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സേലം ജില്ലയിലെ ഓമലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. ശർമ്മിള മുമ്പാകെ ഹാജരാക്കിയ പ്രതിയെ ആലപ്പുഴയിലെത്തിച്ചു. തുടർന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. പ്രിയങ്ക മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ, എസ്.ഐ വി.എസ്. ശരത്ചന്ദ്രൻ, സി.പി.ഒമാരായ കെ. റികാസ്, ജേക്കബ് സേവ്യർ, എം. മിഥുൻനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

