ജില്ലയിലെ 53 റേഷൻ കടകൾ ഇനി സ്മാർട്ട്; ബാങ്കിങ് സേവനവും ലഭ്യം
text_fieldsആലപ്പുഴ: റേഷൻകടകളിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങൽ മാത്രമല്ല ഇനി ബാങ്കിങ് ഇടപാടും സാധ്യം. ബാങ്കിങ് സേവനമുൾപ്പെടെ വൈവിധ്യവത്കരണവുമായി ജില്ലയിൽ 53 റേഷൻകടകൾ അടുത്തമാസം സ്മാർട്ടാകും. കാർഡുടമകൾക്ക് ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ റേഷൻകടയിൽനിന്ന് 5,000 രൂപവരെ പിൻവലിക്കാം. കൂടാതെ, അക്ഷയകേന്ദ്രങ്ങൾ നൽകുന്ന സേവനങ്ങളും ലഭിക്കും. വൈദ്യുതി, വെള്ളക്കരം എന്നിവയുടെ ബില്ലുകളാണ് അടക്കാൻ കഴിയുക. മാവേലിസ്റ്റോറുകളില്ലാത്ത പ്രദേശങ്ങളിലെ സ്മാർട്ട് റേഷൻകടകളിൽനിന്ന് സബ്സിഡി സാധനങ്ങളും ലഭിക്കും. ഭാവിയിൽ കൂടുതൽ സേവനങ്ങളും ഇതിന്റെ ഭാഗമാകും. റേഷൻവിതരണത്തിനുപയോഗിക്കുന്ന ഇ-പോസ് യന്ത്രങ്ങൾവഴിയാണ് സ്മാർട്ട് റേഷൻകടകളിലെ മറ്റുസേവനങ്ങൾ നൽകുന്നത്.
ഭക്ഷ്യഭദ്രതാനിയമം നിലവിൽവന്നതുമുതൽ റേഷൻകടകളിൽ ബാങ്കിങ് സേവനമാരംഭിക്കാൻ പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഇപ്പോഴാണ് യാഥാർഥ്യമാകുന്നത്. ഒരുവിഭാഗം റേഷൻവ്യാപാരികൾ കടകൾ സ്മാർട്ടാകുന്നതിൽ ആശങ്കയിലാണ്. സ്മാർട്ട് റേഷൻകടകൾതേടി കാർഡുടമകൾ പോയാൽ സാധാരണ റേഷൻകടകളുടെ വരുമാനം കുറയുമെന്നാണ് സംശയം. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകിയിരിക്കുകയാണ് സംഘടന നേതാക്കൾ.