50ാം വിവാഹവാർഷികം; ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം നൽകി ഭാസ്കരൻ നായരും ഗിരിജാമണിയും
text_fields50ാം വിവാഹ വാർഷികത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയുടെ
സംഭാവന ഭാസ്കരൻ നായർ ജില്ല കലക്ടർ ഹരിത വി. കുമാറിന് കൈമാറുന്നു
തുറവൂർ: 50ാം വിവാഹ വാർഷികത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി തുറവൂർ നെടുംപുറത്ത് ഭാസ്കരൻ നായരും ഭാര്യ ഗിരിജാമണിയും.ജില്ല കലക്ടർ ഹരിത വി. കുമാറിന് കലക്ടറേറ്റിൽ എത്തി ഭാസ്കരൻ നായരും സുഹൃത്തുക്കളും തുക കൈമാറി. കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ കുത്തിയതോട് യൂനിറ്റ് പ്രസിഡൻറായ ഭാസ്കരൻ നായർ മുൻ സഹകരണ വകുപ്പ് ജീവനക്കാരനാണ്. ഗിരിജാമണി അധ്യാപികയായിരുന്നു.
2020ൽ 47ാം വിവാഹ വാർഷിക സ്മരണക്ക് 47,000 രൂപ സംഘടന വഴി ചേർത്തല തഹസിൽദാർക്ക് സമർപ്പിച്ചിരുന്നു.2021 മുതൽ ലോട്ടറി വിൽപനക്കാർ ഉൾപ്പെടെ ആറു ഭിന്നശേഷിക്കാർക്ക് 1000 രൂപ വീതം ‘സാന്ത്വന സ്പർശം പിതൃസ്മരണ’ എന്ന പേരിൽ സാമൂഹിക ക്ഷേമ പെൻഷൻ സംഘടനകൾ വഴി വീട്ടുപടിക്കൽ നൽകിവരുന്നുണ്ട്. 2022 ൽ 11 പേർക്കായി വർധിപ്പിച്ചു. ഈ വർഷം മുതൽ കേരള സ്റ്റേറ്റ് പെൻഷൻ യൂനിയൻ കുത്തിയതോട് യൂനിറ്റ് മറ്റ് ആറ് അംഗങ്ങൾക്കുകൂടി പങ്കുചേർത്തു. ഇപ്പോൾ 17 പേർക്ക് 1000 രൂപ വീതം സാമൂഹിക പെൻഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.
വീടില്ലാത്തവർക്ക് വീടുവെച്ച് നൽകാൻ സർക്കാറിന് ഭാസ്കരൻ നായർ തുറവൂർ തെക്ക് വില്ലേജിൽ 4.55 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയായില്ല. സഹകരണ മന്ത്രി വി.എൻ. വാസവന് 2021 ജൂലൈ നാലിന് സംഘടന വഴി അപേക്ഷ സമർപ്പിച്ചിട്ടും സർക്കാർ നടപടി ഉണ്ടാകാത്തതിനെ തുടർന്ന്, കൃഷ്ണതേജ കലക്ടറായിരുന്നപ്പോൾ 2022 സെപ്റ്റംബർ ഒന്നിന് നേരിട്ടും അപേക്ഷ നൽകി. ‘കരുതലും കൈത്താങ്ങും’ അദാലത്തിലും അപേക്ഷ നൽകി.ഭൂമി ഏറ്റെടുത്ത് വീടുെവച്ച് പാവങ്ങൾക്ക് നൽകാൻ ഭാസ്കരൻ നായർ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

