ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന: ആലപ്പുഴ ജില്ലയിൽ 502 കിലോ മത്സ്യം നശിപ്പിച്ചു
text_fieldsഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിൽ മത്സ്യവ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു (ഫയൽചിത്രം)
ആലപ്പുഴ: ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ പിടികൂടി നശിപ്പിച്ചത് 502 കിലോ പഴകിയ മത്സ്യം. ഇതിൽ 300 കിലോ ഫോർമാലിൻ ചേർത്ത മത്സ്യവുമുണ്ട്. ഫുഡ് സേഫ്റ്റി ഓഫിസർമാരുടെ നേതൃത്വത്തിൽ അരൂർ മുതൽ ചെങ്ങന്നൂർവരെയുള്ള മത്സ്യമാർക്കറ്റുകളും ലേലവിപണികളും കേന്ദ്രീകരിച്ച് നടത്തിയ സ്പെഷൽ ഡ്രൈവിലാണ് ഫോർമാലിൻ ചേർത്ത മത്സ്യം ഉൾപ്പെടെ പഴകിയമത്സ്യം പിടികൂടിയത്.
'ഓപറേഷൻ മത്സ്യ'യുടെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് നേതൃത്വത്തിൽ ഫിഷറീസ് വകുപ്പും ആരോഗ്യവകുപ്പും ചേർന്ന് 117 പരിശോധനകളാണ് നടത്തിയത്. ആലപ്പുഴ വഴിച്ചേരി മാർക്കറ്റിൽനിന്ന് ഫോർമാലിൻ ചേർത്തതും പഴകിയതുമായ 107 കിലോ, ചെങ്ങന്നൂർ കൊല്ലകടവ് മാർക്കറ്റിൽനിന്ന് 90 കിലോ, ഹരിപ്പാട് മാർക്കറ്റിൽനിന്ന് 300 കിലോ മത്സ്യവുമാണ് പിടികൂടി നശിപ്പിച്ചത്. 27 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. ഫോർമാലിന്റെ സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരത്തെ ഗവ. അനലിറ്റിക്കൽ ലാബിലേക്ക് പരിശോധനക്ക് അയച്ചു. രാസവസ്തുക്കൾ അടങ്ങിയ മീൻ പിടികൂടിയാൽ പിഴയടച്ച് രക്ഷപെടാതിരിക്കാൻ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മായം തിരിച്ചറിയാനാകാതെ
കർണാടക, ആന്ധ്ര, തമിഴ്നാട് അടങ്ങുന്ന സംസ്ഥാനങ്ങളിൽനിന്ന് കണ്ടെയ്നറുകളിൽ എത്തുന്ന മത്സ്യങ്ങളിലാണ് ഫോർമാലിൻ, അമോണിയപോലുള്ള രാസവസ്തുക്കൾ ചേർക്കുന്നത്. ഇവ കലർത്തിയ മത്സ്യത്തിലെ മായം പലപ്പോഴും ഉപഭോക്താക്കൾക്ക് തിരിച്ചറിയാനാവില്ല.
ഇടക്കിടെ ഭക്ഷ്യസുരക്ഷ വിഭാഗം മാർക്കറ്റുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനയിൽ മാത്രമാണ് ഫോർമാലിന്റെ സാന്നിധ്യം തന്നെ കണ്ടെത്തുന്നത്. പരിശോധനകൾ കഴിയുമ്പോൾ വീണ്ടും പഴയപടിയാകും. കേടുകൂടാതിരിക്കാൻ ചൂര, കേര, വറ്റ, ആവോലി അടക്കമുള്ളയിലാണ് ഫോർമാലിൻ കലർത്തുന്നത്. എന്നാൽ, മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനമില്ല.
ഫോര്‍മാലിന്‍ അപകടകാരി
അര്‍ബുദത്തിന് കാരണമാകുന്ന ഫോര്‍മാള്‍ഡിഹൈഡ് എന്ന രാസപദാര്ഥത്തില്നിന്നാണ് ഫോര്‍മാലിന്‍ വേര്‍തിരിച്ചെടുക്കുന്നത്. മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ കേടാകാതിരിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഫോര്‍മാലിന്റെ ഉപയോഗം ഛര്‍ദി, കുടൽപുണ്ണ്, മറ്റ് ഉദരരോഗങ്ങള്‍ എന്നിവയുണ്ടാകും.
പഴകിയ മത്സ്യ വിൽപന തകൃതി; പരിശോധനയില്ല
വൈപ്പിൻ: പഴകിയതും രാസവസ്തുക്കൾ കലർത്തിയതുമായ മത്സ്യങ്ങൾ വിൽക്കുന്നതായി പരാതി. പഴകിയ മത്സ്യവിൽപന തടയാൻ നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധന ഗ്രാമപ്രദേശങ്ങളിലും വ്യാപിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. തദ്ദേശീയമായി പിടിക്കുന്ന മത്സ്യങ്ങൾക്ക് വില ഏറിയതിനാൽ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള മീനുകളാണ് വ്യാപകമായി മീൻ തട്ടുകളിലും മറ്റും വിൽപനക്ക് എത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് അടക്കം കണ്ടെയ്നർ ലോറികളിൽ എത്തിക്കുന്ന ഇവ ഏതെങ്കിലും കേന്ദ്രത്തിൽ വെച്ച് ചെറു വാഹനങ്ങളിലേക്ക് പകർത്തിയാണ് ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ തീരദേശ മേഖലകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മീൻ ആഴ്ചകളോളം കേടുകൂടാതെ ഇരിക്കാൻ രാസവസ്തു പ്രയോഗം നടത്തിയാണ് വാഹനങ്ങളിൽ കയറ്റി വിടുന്നത്. കാഴ്ചയിൽ കബളിപ്പിക്കാൻ പറ്റുന്ന തരത്തിലാണ് ഇവ വിൽപനക്ക് എത്തിക്കുന്നത്. പരിശോധനയിലൂടെ മാത്രമേ പഴക്കവും പ്രയോഗിച്ചിട്ടുള്ള രാസവസ്തുക്കളുടെ വിവരവും കണ്ടെത്താൻ കഴിയുകയുള്ളൂ. എന്നിട്ടും യാതൊരു തരത്തിലുള്ള പരിശോധനയും നടക്കുന്നില്ലെന്നും നാട്ടുകാർ പരാതി പറയുന്നു. പിടികൂടിയാൽ തന്നെ പേരിന് സാമ്പിൾ എടുത്തശേഷം ലോഡ് കുഴിച്ചുമൂടുന്നതാണ് രീതി . കേസുകളും ദുർബലമായിരിക്കും. ഈ സാഹചര്യത്തിൽ മറ്റിടങ്ങളിൽനിന്നും എത്തുന്ന മീൻ പരിശോധിച്ച് ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്താൻ പഞ്ചായത്തുകൾ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

