വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; പിഞ്ചുകുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsകാറ്റിലും മഴയിലും ഒരു ഭാഗം ഇടിഞ്ഞു വീണ പുതുവൽ റൂബിയുടെ വീട്
അമ്പലപ്പുഴ: കാറ്റിലും മഴയിലും വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. മൂന്ന് പിഞ്ചുകുഞ്ഞങ്ങളടക്കമുള്ളവർ വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 17-ാം വാർഡ് കോമന പുതുവൽ റൂബിയുടെ വീടിന്റെ അടുക്കള ഭാഗമാണ് കാലപ്പഴക്കം മൂലം ഇടിഞ്ഞു വീണത്. റൂബി അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഈ ഭാഗം വലിയ ശബ്ദത്തോടെ നിലം പതിക്കുകയായിരുന്നു. ഹോളോ ബ്രിക്സ് കൊണ്ടു നിർമിച്ച ചുവരാണ് തകർന്നു വീണത്. ഈ സമയം മകൻ നജീബും നജീബിന്റെ മൂന്ന് പിഞ്ചുമക്കളും തൊട്ടടുത്തുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
18 വർഷം മുമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച വീടിന്റെ മറ്റ് ഭാഗവും ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ഒന്നര സെന്റ് സ്ഥലത്ത് നിർമിച്ചിരിക്കുന്ന ഈ വീട് പൊളിച്ച് മറ്റൊരു വീട് നിർമിക്കാനുള്ള സാമ്പത്തിക ശേഷി കുടുംബത്തിനില്ല.
ലൈഫ് ഭവന പദ്ധതിയിൽ ഒരു വർഷം മുൻപ് വീട് അനുവദിച്ചെങ്കിലും തീര പരിപാലന നിയമ പരിധിയിൽപ്പെട്ട സ്ഥലമായതിനാൽ പുതിയ നിർമാണത്തിന് അനുമതി ലഭിക്കാതെ വന്നതോടെ ലൈഫ് വീടും ഇവർക്ക് നഷ്ടപ്പെട്ടു. പിഞ്ചുകുഞ്ഞുങ്ങളുമായി എങ്ങോട്ടു പോകണമെന്നറിയാതെ വിഷമിക്കുകയാണ് വൃദ്ധയും മകനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

