ഒഴിയാതെ മഴക്കെടുതി 430 വീട് തകർന്നു
text_fieldsആലപ്പുഴ: പകൽ മാനംതെളിഞ്ഞിട്ടും ജില്ലയിലെ ചിലയിടങ്ങളിൽ ആഞ്ഞുവീശിയ കാറ്റിലും കനത്തമഴയിലും ദുരിതം ഇരട്ടിയായി. കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ ജലനിരപ്പ് ഉയർന്നു.
കപ്പൽ അപകടത്തിൽ ആറാട്ടുപുഴയിൽ കരക്കടിഞ്ഞ കണ്ടെയ്നറിന് സമീപം ഡോൾഫിൻ ചത്തുപൊങ്ങിയത് തീരദേശത്ത് ആശങ്കയായി. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മഴക്കെടുതി തുടരുന്നതിനാൽ അമ്പലപ്പുഴ താലൂക്കിലെ കരുമാടിയിൽ തുറന്ന ദുരത്വാസ ക്യാമ്പ് തുടരുകയാണ്. കരുമാടി സെന്റ് നിക്കോളാസ് എൽ.പി സ്കൂളിലെ ക്യാമ്പിൽ നാല് കുടുംബങ്ങളിലെ 18 പേരാണ് കഴിയുന്നത്.
കാലവർഷത്തിൽ ഇതുവരെ മരം വീണ് മാത്രം തകർന്നത് 430 വീടാണ്. ഇതിൽ 11 എണ്ണം പൂർണമായും നശിച്ചു. അമ്പലപ്പുഴ- അഞ്ച്, ചേർത്തല- ഒന്ന്, കുട്ടനാട്- ഒന്ന്, കാർത്തികപ്പള്ളി- ഒന്ന്, ചെങ്ങന്നൂർ- മൂന്ന് എന്നിങ്ങനെയാണ് പൂർണമായും വീടുകൾ തകർന്നത്. ഭാഗികമായി തകർന്ന വീടുകളിൽ ഏറെയും നാശം അമ്പലപ്പുഴ താലൂക്കിലാണ്.
ഇവിടെ മാത്രം 151 വീടുകൾക്ക് നാശുമുണ്ടായി. ചേർത്തല- 112, കുട്ടനാട്- 79, കാർത്തികപ്പള്ളി- 16, മാവേലിക്കര- 13, ചെങ്ങന്നൂർ- 48 എന്നിങ്ങനെയാണ് ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം. ജില്ലയിൽ മാവേലിക്കര, ഹരിപ്പാട്, ചേർത്തല എന്നിവിടങ്ങളിലാണ് നേരിയ തോതിൽ മഴ ലഭിച്ചത്.
കുട്ടനാട്ടിൽ കിഴക്കൻ വെള്ളത്തിന്റെ വരവും വേലിയേറ്റവും തുടരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. പമ്പ, മണിമലയാർ, അച്ചൻകോവിലാർ നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ഇത് അപകടനിലക്ക് മുകളിലെത്തിയതിനാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാകും.
ജലവിഭവ വകുപ്പ് പരിശോധനയിൽ പള്ളാത്തുരുത്തി, നെടുമുടി മേഖലയിൽ ജലനിരപ്പ് അപകടനിലക്ക് മുകളിലാണെന്ന് സ്ഥിരീകരിച്ചു. നെടുമുടിയിൽ 1.69 മീറ്ററും പള്ളാത്തുരുത്തിയിൽ 1.63 മീറ്ററുമാണ് ജലനിരിപ്പ് കൂടിയത്. നെടുമുടിയിൽ 1.45 മീറ്ററും പള്ളാത്തുരുത്തിയിൽ 1.40 മീറ്ററുമാണ് അപകട നില. മഴ കനത്താൽ കുട്ടനാടിന്റെ പലയിടത്തും ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമാണുള്ളത്.
കിടങ്ങറ-മുട്ടാർ, ചതുർഥ്യാകരി-പുളിങ്കുന്ന്, പള്ളിക്കൂട്ടുമ്മ-നീലംപേരൂർ റോഡിലടക്കം വെള്ളം കയറിയെങ്കിലും ഗതാഗതം തടസ്സപ്പെട്ടില്ല. പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്ക് സമീപത്തെ കുമ്പളംചിറ പാലത്തിന്റെ തൂണുകളിൽ ഒഴുകിയെത്തിയ മാലിന്യം അടിഞ്ഞുകിടക്കുന്നത് ജലഗതാഗതത്തിന് ഭീഷണിയാണ്.
അടിയന്തര സാഹചര്യം നേരിടാൻ തോമസ് കെ. തോമസ് എം.എം.എയുടെ ഓഫിസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നു. ഫോൺ: 9645633078, 9947690199.
വ്യാഴാഴ്ച രാവിലെ 11ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തഹസിൽദാറുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് അധ്യക്ഷരുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

