നെല്ലിന്റെ വില; ഇനി കുടിശ്ശിക 35.42 കോടി
text_fieldsആലപ്പുഴ: നെല്ല് സംഭരിച്ച ഇനത്തിൽ ജില്ലയിലെ കർഷകർക്ക് ഇനി നൽകാനുള്ളത് 35.42 കോടി രൂപ. രണ്ടാംവിളവിൽ 28924 കർഷകരിൽനിന്നായി 106,834 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായി നൽകേണ്ടത് 302.55 കോടി രൂപയാണ്. ചൊവ്വാഴ്ചവരെയുള്ള കണക്കനുസരിച്ച് 24105 കർഷകർക്കായി 267.13 കോടി രൂപ വിതരണം ചെയ്തു. ശേഷിക്കുന്ന 4,819 കർഷകർക്കുള്ള കുടിശ്ശികയാണ് 35.42 കോടി. ഇത് ഓണത്തിന് മുമ്പ് ലഭിക്കാൻ സാധ്യതയില്ല.
285 കോടി രൂപയുടെ പേ ഓർഡർ ഇതുവരെ ബാങ്കുകൾക്ക് കൊടുത്തിട്ടുണ്ടെന്ന് സപ്ലൈകോ അധികൃതർ പറയുന്നു. ഇതനുസരിച്ചായാൽ 17.87 കോടി കൂടി താമസിയാതെ കർഷകർക്ക് ലഭിക്കും. സംസ്ഥാന ധനമന്ത്രി കഴിഞ്ഞ ദിവസം നെൽകർഷകർക്ക് ബോണസ് നൽകുന്നതിനായി അനുവദിച്ച 100 കോടി രൂപയിൽ ജില്ലക്കുള്ള വിഹിതം എത്തിയിരുന്നു. അതുകൂടി ചേർത്താണ് 285 കോടിയുടെ പേ ഓർഡർ ബാങ്കുകൾക്ക് നൽകിയതെന്നറിയുന്നു. അപ്പോഴും അവശേഷിക്കുന്ന 17.55 കോടി എന്ന് നൽകുമെന്ന് നിശ്ചയമില്ല.
രണ്ടാംവിളയിൽ 128358 മെട്രിക് ടൺ വിളവാണ് പ്രതീക്ഷിച്ചതെങ്കിലും അതിലും ഏറെയായിരുന്നു വിളവ്. 136225 മെട്രിക് ടൺ നെല്ല് സംഭരണത്തിനായി മില്ലുകൾക്ക് അലോട്ട്മെന്റ് നൽകിയിരുന്നു. 7,867 മെട്രിക് ടണ്ണിന്റെ അധികവിളവാണ് ഉണ്ടായത്. രണ്ടാംവിള സംഭരണത്തിന്റെ അവസാന കണെക്കടുപ്പ് നടന്നത് ജൂൺ 30നായിരുന്നു. അതനുസരിച്ചാണ് 7,867 മെട്രിക് ടണ്ണിന്റെ അധികവിളവുള്ളതായി കണക്കാക്കിയത്.
53 മില്ലുകളെയാണ് സംഭരണ ചുമതല ഏൽപിച്ചത്. കാനറ ബാങ്ക്, എസ്.ബി.ഐ എന്നിവ വഴിയാണ് നെല്ലിന്റെ സംഭരണ വില വിതരണം ചെയ്യുന്നത്. കാനറ ബാങ്കിനെ 13,545 കർഷകരുടെ 157.08 കോടി നൽകാനാണ് ചുമതലപ്പെടുത്തിയത്. എസ്.ബി.ഐയെ 12,806 കർഷകരുടെ 127.77 കോടി വിതരണം നടത്താനും ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

