ആലപ്പുഴയിൽ 3398 കുടുംബം ദാരിദ്ര്യമുക്തം
text_fieldsപ്രതീകാത്മക ചിത്രം
ആലപ്പുഴ: അതിദരിദ്രരില്ലാത്ത ജില്ലയെന്ന സ്വപ്നനേട്ടത്തിലേക്ക് ജില്ല ചുവടുവെക്കുന്നു. അതിദരിദ്രരായി കണ്ടെത്തിയ 95 ശതമാനത്തോളം കുടുംബങ്ങളെയും ഇതിനകം അതിദാരിദ്ര്യമുക്തമാക്കി. അവശേഷിക്കുന്നവരെക്കൂടി രണ്ട് മാസത്തിനുള്ളില്‍ അതിദാരിദ്ര്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനം ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെയും ജില്ല ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
അന്തിമപട്ടിക പ്രകാരം അതിദരിദ്രരായി ജില്ലയില്‍ കണ്ടെത്തിയ 3613 കുടുംബങ്ങളില്‍ 3398 കുടുംബങ്ങളെയും അതിദാരിദ്ര്യമുക്തമാക്കി. അതിദാരിദ്ര്യ പട്ടികയില്‍ ജില്ലയില്‍ വീട് മാത്രം ആവശ്യമുള്ള 276 കുടുംബമാണ് ഉണ്ടായിരുന്നത്. ഇവരില്‍ 219 പേരുടെയും വീട് നിര്‍മാണം പൂര്‍ത്തീകരിച്ചു. അതിദാരിദ്ര്യത്തില്‍നിന്ന് മുക്തമാകാന്‍ വസ്തുവും വീടും ആവശ്യമുള്ള ജില്ലയിലെ കുടുംബങ്ങളുടെ എണ്ണം 196 ആയിരുന്നു. ഇതില്‍ 146 കുടുംബത്തിന് വസ്തു ലഭ്യമാക്കി. ഇവരില്‍ 41 കുടുംബം വീട് നിർമാണം പൂര്‍ത്തിയാക്കി.
ഭൂരഹിത ഭവനരഹിതരില്‍ ഭൂമി വാങ്ങിനൽകാൻ സാധിക്കാത്ത 50 കുടുംബത്തിന് ഫ്ലാറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. വീട് അറ്റകുറ്റപ്പണി ആവശ്യമുള്ള 404 കുടുംബത്തിന്റെയും അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചു. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് 2021 ജൂലൈയിലെ മാര്‍ഗരേഖപ്രകാരം അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്.
ഈ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൈക്രോപ്ലാനുകൾ ആവിഷ്കരിച്ചു നടപ്പാക്കി. അടിസ്ഥാന രേഖകളില്ലാത്തവര്‍ക്ക് ‘അവകാശം അതിവേഗം’ യഞ്ജത്തിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ്, സാമൂഹിക സുരക്ഷാ പെന്ഷന് എന്നിവ ലഭ്യമാക്കി. ഇത്തരത്തില്‍ 1423 എണ്ണം അടിയന്തര രേഖകളാണ് വിതരണംചെയ്തത്. 39 കുട്ടികളുടെ പഠനാവശ്യ യാത്രകള്‍ സൗജന്യമാക്കി യാത്രാപാസുകള്‍ നല്കി. കൂടാതെ പഠനോപകരണങ്ങളും വിതരണം ചെയ്തു. തദ്ദേശ സ്ഥാപനങ്ങള്‍ എല്ലാ അതിദാരിദ്ര്യ കുടുംബങ്ങള്‍ക്കും ഓണക്കിറ്റും ലഭ്യമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

