തിരുവിതാംകൂറിലെ ആദ്യ തൊഴിലാളി സംഘടനയുടെ ശതാബ്ദി 26 മുതൽ 31 വരെ
text_fieldsആലപ്പുഴ: തിരുവിതാംകൂറിലെ ആദ്യ തൊഴിലാളി സംഘടനയുടെ നൂറാം ജന്മവാർഷിക ആഘോഷങ്ങൾ 26 മുതൽ 31 വരെ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ ടി.ജെ. ആഞ്ചലോസ്, ജനറൽ സെക്രട്ടറി പി.വി. സത്യനേശൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു .
1922 മാർച്ച് 31നാണ് വാടപ്പുറം ബാവയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ലേബർ അസോസിയേഷൻ രൂപവത്കരിക്കുന്നത്. ട്രേഡ് യൂനിയൻ നിയമം നിലവിൽ വന്നത്തിന്റെ അടിസ്ഥാനത്തിൽ ഈ യൂനിയനാണ് തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂനിയൻ എന്ന പേരിൽ ഒന്നാമത്തെ യൂനിയനായി രജിസ്റ്റർ ചെയ്തത്. യൂനിയൻ പ്രസിഡന്റായിരുന്ന ടി.വി. തോമസിന്റെ ചരമദിനമായ 26ന് വൈകീട്ട് 5.30ന് ആലപ്പുഴ ആലുക്കാസ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
27 ന് രാവിലെ ഒമ്പതിന് സുഗതൻ സ്മാരകത്തിൽ യൂനിയന്റെ ബിസിനസ് സമ്മേളനം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് കെ. ബാവ അനുസ്മരണ പ്രഭാഷണം നടത്തും. 31ന് രാവിലെ 10ന് സമ്മേളനം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ വാടപ്പുറം ബാവ, കെ.വി. പത്രോസ് അനുസ്മരണ പ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.
വാർത്തസമ്മേളനത്തിൽ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ഡി.പി. മധു, യൂനിയൻ ഭാരവാഹികളായ ആർ. സുരേഷ്, കെ.എസ്. വാസൻ എന്നിവരും പങ്കെടുത്തു.