നൂറ്റുവൻപാറ ടൂറിസം പദ്ധതിക്ക് 2.20 കോടി
text_fieldsചെങ്ങന്നൂർ: ഐതിഹ്യപെരുമ പേറുന്ന നൂറ്റവൻപാറ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിക്ക് 2.20 കോടി രൂപയുടെ അംഗീകാരം. പൈതൃക ടൂറിസം പദ്ധതി നടപ്പാക്കാൻ മന്ത്രി സജി ചെറിയാന്റെ ഇടപെടലിലാണ് പുലിയൂരിലെ ഈ പദ്ധതിക്ക് ജീവൻ വെച്ചത്. വിശ്രമ സ്ഥലം, റെയിൻ ഷെൽട്ടർ, സുരക്ഷഹാൻഡ് റെയിലുകൾ, കാന്റീലിവർ വ്യൂ പോയിന്റ്, സി.സി.ടി.വി, ടോയ്ലറ്റ് സൗകര്യങ്ങൾ, റോപ്പ് വേ, സുരക്ഷാ ഗാർഡ്, മറ്റ് സുരക്ഷാസംവിധാനങ്ങളും ഏർപ്പെടുത്തും.
സന്ദർശകരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. പദ്ധതി യാഥാർഥ്യമാകുന്നതോടെ പാണ്ഡവൻപാറ, ആലാ പൂമലച്ചാൽ, കുതിരവട്ടം ചിറ അക്വാ ടൂറിസം, പദ്ധതികളുമായി സംയോജിപ്പിച്ച് കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും.
കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ സാങ്കേതിക അഭിപ്രായം കൂടി പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ നഗരസഭ 22, 23 വാർഡുകളിലാണ് പാണ്ഡവൻപാറ. പുലിയൂർ പഞ്ചായത്ത് നാലാം വാർഡിലാണ് നൂറ്റവൻപാറ. പാണ്ഡവൻപാറയിൽനിന്ന് ഒരു കിലോമീറ്റർ കിഴക്കോട്ടു മാറിയാണിത്.
നൂറ്റവൻപാറയുടെ മുകളിലാണ് നൂറ്റവൻപാറ കുടിവെള്ള പദ്ധതിയുടെ കരിങ്കല്ലുക്കൊണ്ട് നിർമിച്ച ജലസംഭരണി. നൂറ്റവൻപാറയുടെ മുകളിൽനിന്ന് ചെങ്ങന്നൂരിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ ധാരാളം ആളുകൾ എത്തിയിരുന്നു. എന്നാൽ, മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ ആളുകൾ അപകടത്തിൽപ്പെട്ടതോടെ പ്രവേശിനത്തിതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നൂറ്റവൻപാറയുടെ തെക്കുഭാഗം അഗാധ താഴ്ചയാണ്. കിഴക്കും പടിഞ്ഞാറും താഴ്ന്ന പാറക്കെട്ടുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

