ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ 21,280 താറാവുകളെ കൊന്നെടുക്കി. രോഗം കണ്ടെത്തിയ പ്രഭവകേന്ദ്രങ്ങളുടെ ഒരുകിലോമീറ്റർ ചുറ്റളവിലെ താറാവുകളെയും പക്ഷികളെയും പിടികൂടി മൃഗസംരക്ഷണ വകുപ്പിെൻറ ആറ് ദ്രുത പ്രതികരണ സംഘത്തിെൻറ (ആർ.ആർ.ടി) നേതൃത്വത്തിലാണ് കൊന്ന് സംസ്കരിച്ചത്. കരുവാറ്റ -8065, ചെറുതന -3325, പുറക്കാട് -9100, നെടുമുടി -790 എന്നിങ്ങനെയാണ് കൊന്നത്.
നേരേത്ത പക്ഷിപ്പനി സ്ഥിരീകരിച്ച തകഴി, നെടുമുടി, കരുവാറ്റ എന്നിവിടങ്ങളിലെ താറാവുകൾ അടക്കമുള്ള പക്ഷികളെയാണ് നശിപ്പിച്ചത്. രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ചെറുതനയിലാണ് ഏറ്റവുമൊടുവിൽ രോഗം കണ്ടെത്തിയത്. ചെറുതന ആനാരി താനക്കണ്ടത്തിൽ ദേവരാജെൻറ 8000 താറാവുകൾക്കാണ് രോഗം ബാധിച്ചത്. ഇവയിൽ പകുതിയും ചത്തു. ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെയും പക്ഷികളെയുമാണ് കൊന്നത്. ഇന്നു കരുവാറ്റ കൊച്ചുപറമ്പിൽ ദേവരാജൻ -10,000, തോട്ടുകടവിൽ ചന്ദ്രൻ -8,500, ചെറുതന ചിറയിൽ രഘുനാഥൻ -1500 എന്നിങ്ങനെയാണ് കള്ളിങ് പൂർത്തിയാക്കുന്നത്.
പക്ഷികളെ നശിപ്പിച്ച പ്രദേശങ്ങളിൽ അണുനശീകരണവും നടത്തി. താറാവുകളെ ദഹിപ്പിച്ച സ്ഥലത്തുണ്ടായിരുന്ന തൂവലുകളും കാഷ്ഠവും നശിപ്പിച്ചു. പ്രദേശത്തു ഡീസൽ തളിച്ചു കത്തിച്ചശേഷം നീറ്റുകക്കയും ബ്ലീച്ചിങ് പൗഡറും വിതറി. പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമുടിയിലെ മൂന്ന് കർഷകരുടെ 9920 താറാവുകളെയാണ് ഇതുവരെ നശിപ്പിച്ചത്.