Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:04 AM IST Updated On
date_range 9 Aug 2022 12:04 AM ISTകൃഷിനാശമില്ലാത്ത സീസണില്ല; മൂന്ന് ദിവസത്തിനിടെ മുങ്ങിയത് 1183 ഏക്കർ
text_fieldsbookmark_border
ആലപ്പുഴ: മഴ പെയ്തിറങ്ങുമ്പോൾ മാത്രമല്ല മഴക്ക് ശേഷമുള്ള കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാകുന്നതോടെയും കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ മട വീഴ്ച പതിവാണ്. ഒരു സീസണും കർഷകർക്ക് നഷ്ടം വരുത്താതെ കടന്നുപോകുന്നില്ല. കുട്ടനാട്ടിൽ രണ്ട് പാടശേഖരങ്ങളിലായി മൂന്ന് ദിവസത്തിനിടെ മടവീണ് 1183 ഏക്കർ നെൽകൃഷിയാണ് നശിച്ചത്. കുട്ടനാട്ടിൽ രണ്ടാംകൃഷി ഇറക്കിയ പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. പുറംബണ്ട് ബലപ്പെടുത്താൻ കാര്യമായ പ്രവർത്തനമൊന്നും നടക്കുന്നില്ലെന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. നെടുമുടി പൊങ്ങപാടശേഖരത്തിൽ തായിപ്പള്ളി നാൽപതിൽച്ചിറ ഭാഗത്ത് പുറംബണ്ടിൽ അള്ള് രൂപപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ഇവിടെ വിത നടന്നത്. കഴിഞ്ഞ വർഷവും ഇവിടെ മടവീണിരുന്നു. വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നതിനാൽ കൈനകരി കൃഷിഭവൻ പരിധിയിലെ ആറുപങ്ക്, ചെറുകാലി കായൽ എന്നിവിടങ്ങളിലും മടവീഴുമെന്ന ഭീതിയുണ്ട്. കക്കി ഡാം തുറക്കുന്നതോടെ ജലനിരപ്പ് ഉയരാനാണ് സാധ്യതയെന്നത് ഭീതി വർധിപ്പിക്കുന്നു. മടവീണ് ചമ്പക്കുളത്തെ രണ്ട് വീടുകൾ ഞായറാഴ്ച രാത്രി തകർന്നു. പുറംബണ്ടിൽ താമസിക്കുന്ന മുപ്പത്തിയഞ്ചിൽ വീട്ടിൽ ജയൻ, നൂറുപറച്ചിറ ഓമനക്കുട്ടൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജയന്റെ വീട് പൂർണമായും വെള്ളത്തിൽ മുങ്ങി. പുലർച്ച ആറ് മണിയോടെയാണ് ചമ്പക്കുളം പഞ്ചായത്ത് നാലാം വാർഡിലെ തെക്കേക്കര മൂലംപള്ളിക്കാട് പാടശേഖരത്തിൽ മടവീണത്. പാടത്തോട് ചേർന്നുള്ള നൂറുപറച്ചിറ ഓമനക്കുട്ടന്റെ വീട് വെള്ളപ്പാച്ചിലിൽ തകർന്നു. ശനിയാഴ്ച രാത്രി ബണ്ടിൽ അള്ള് വീണയുടനെ നാട്ടുകാരും വാർഡ് മെംബറും മുൻകൈ എടുത്ത് ഇവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. സിമന്റ് കട്ടകൊണ്ട് കെട്ടിയ വീട്ടിലെ മുഴുവൻ സാധനങ്ങളും നഷ്ടപ്പെട്ടെന്ന് ഓമനക്കുട്ടൻ പറഞ്ഞു. സഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്. 160 ഏക്കർ വരുന്ന പാടത്ത് രണ്ടാം കൃഷിക്കായി നിലം ഒരുക്കൽ പൂർത്തിയായപ്പോഴാണ് മടവീഴ്ച. പഞ്ചായത്ത് ഒമ്പതാം വാർഡിൽ ആറുന്നൂറ് ചക്കംകരി പാടത്ത് ശനിയാഴ്ച രാത്രി ഒമ്പതരയയോടെയാണ് മടവീണത്. ശക്തമായ വെള്ളപ്പാച്ചിലിൽ സമീപത്തെ ജയകുമാറിന്റെ വീടിന്റെ അടിത്തറ ഇളകി ഒരു ഭാഗത്തേക്ക് ചരിഞ്ഞു. ഭാര്യ കവിതയുമായി ജയൻ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു. സാധന സാമഗ്രികളെല്ലാം നശിച്ചു. വീട് എത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. 155 ഏക്കർ വരുന്ന പാടത്ത് രണ്ടാം കൃഷി ഇറക്കിയിട്ട് 45 ദിവസമേ ആയിട്ടുള്ളൂ. മടവീണതോടെ 88 കർഷകർ ചേർന്നിറക്കിയ കൃഷി പൂർണമായും വെള്ളത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story