Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:36 AM IST Updated On
date_range 6 May 2022 5:36 AM ISTഭൂമി തരം മാറ്റിക്കിട്ടിയില്ല; ചുവപ്പുനാടയിൽ കുരുങ്ങി ശ്മശാന നിർമാണം
text_fieldsbookmark_border
തുറവൂർ: കുത്തിയതോട് പഞ്ചായത്തിലെ പൊതുശ്മശാനത്തിന്റെ നിർമാണം ചുവപ്പുനാടയിൽ കുരുങ്ങി വൈകുന്നു. ശ്മശാനത്തിന് സ്വന്തമായി സ്ഥലമുണ്ടെങ്കിലും ഡേറ്റ ബാങ്കിൽ നിലമായതിനാൽ തരം മാറ്റിനൽകാൻ അധികൃതർ കാട്ടുന്ന താമസമാണ് നിർമാണം അനന്തമായി നീളാൻ കാരണം. ചാവടി-പള്ളിത്തോട് റോഡരികിൽ തുറവൂർ കരിയോട് ചേർന്ന് പള്ളിക്കച്ചിറയിലാണ് ആധുനിക പൊതുശ്മശാനം നിർമിക്കാൻ വർഷങ്ങൾ മുമ്പ് പദ്ധതിയിട്ടത്. പഞ്ചായത്തിലെ രണ്ടാം വാർഡിൽ 26 സെന്റ് സ്ഥലം കണ്ടെത്തുകയും 2015 ആഗസ്റ്റ് അഞ്ചിന് തറക്കല്ലിടുകയും ചെയ്തു. എ.എം. ആരിഫ് എം.എൽ.എ ആയിരിക്കെ 43 ലക്ഷം രൂപ വകയിരുത്തി. പക്ഷേ ഭൂമിയെ സംബന്ധിച്ച വിഷയത്തിൽ തട്ടി തുടക്കത്തിൽതന്നെ നിർമാണം നിലച്ചു. കാടുകയറിയ സ്ഥലമിപ്പോൾ സാമൂഹികവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമാണ്. പഞ്ചായത്തിൽ പൊതുശ്മശാനം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മൃതദേഹം സംസ്കരിക്കാനിടമില്ലാത്തതിനാൽ നൂറുകണക്കിന് കുടുംബങ്ങളാണ് വലയുന്നത്. തീരദേശം ഉൾപ്പെടെ16 വാർഡിലായി വ്യാപിച്ചുകിടക്കുന്ന കുത്തിയതോട് ജനസാന്ദ്രതയേറിയ പഞ്ചായത്തുകളിൽ ഒന്നാണ്. സംസ്കാരം സ്ഥലപരിമിതി മൂലം സ്വന്തം വീട്ടിൽ നടത്താൻ കഴിയാത്ത സ്ഥിതിയാണ്. കായലോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമായി നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. അരൂർ മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തിലും പൊതുശ്മശാനങ്ങൾ ഇല്ല. അരൂരിലെ പൊതുശ്മശാനവും എറണാകുളം ജില്ലയിലെ നെട്ടൂർ പൊതുശ്മശാനവുമാണ് ഇവർക്ക് ആശ്രയം. വീട് പൊളിച്ച് സംസ്കാരത്തിന് ഇടം കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്. സ്ഥല പരിമിതി മൂലം വീടിന്റെ മുറ്റത്തുവരെ മൃതദേഹം സംസ്കരിക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. ഒറ്റമഴയിൽ വെള്ളക്കെട്ടിലാകുന്ന പ്രദേശങ്ങളാണ് ഭൂരിഭാഗവും. പൊതുശ്മശാനം നിർമിക്കാനുള്ള സ്ഥലം തരം മാറ്റിക്കിട്ടുന്നതിന് സർക്കാറിന് നിരന്തരം നിവേദനം നൽകിയതിനെത്തുടർന്ന് നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആധുനികരീതിയിലെ പൊതുശ്മശാനം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ ഭരണസമിതി ഊർജിതമാക്കിയതായി പഞ്ചായത്ത് പ്രസിഡന്‍റ് പി. വത്സല 'മാധ്യമ'ത്തോട് പറഞ്ഞു. APL kuthiyathode smashanam ചിത്രം: ശ്മശാന നിർമാണത്തിന് കണ്ടെത്തിയ സ്ഥലത്ത് സ്ഥാപിച്ച ശിലാഫലകം കാടുകയറിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story