Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:29 AM IST Updated On
date_range 6 May 2022 5:29 AM ISTപദ്ധതികൾ കടലാസിൽ; കായികരംഗത്ത് ജില്ല കിതക്കുന്നു
text_fieldsbookmark_border
ആലപ്പുഴ: മികച്ച മൈതാനങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതെ ആലപ്പുഴ. പദ്ധതികൾ പലതുണ്ടെങ്കിലും ഒന്നും പൂർത്തിയായിട്ടില്ല. ജില്ലയിലെ കായികസൗകര്യങ്ങളുടെ അപര്യാപ്തത താരങ്ങളുടെ വളർച്ചക്കും വെല്ലുവിളിയാകുന്ന സ്ഥിതിയിലും അടിയന്തര ഇടപെടലിന് അധികൃതർ മുതിരുന്നില്ല. 2019ലെ സംസ്ഥാന സ്കൂൾ കായികമേളയിലെ മെഡൽ നേട്ടത്തിൽ ആദ്യത്തെ 10 സ്ഥാനത്ത് ജില്ല ഉണ്ടായിരുന്നില്ല. ഭൗതിക സൗകര്യങ്ങൾ അന്നത്തേതിനെക്കാൾ മെച്ചപ്പെട്ടിട്ടില്ല ഇപ്പോഴും. ഇ.എം.എസ് സ്റ്റേഡിയമാണ് യാഥാർഥ്യമാകേണ്ടവയിൽ പ്രധാനപ്പെട്ടത്. ഇത് ഇപ്പോഴും കടലാസിലാണ്. 13,000 പേർക്ക് ഇരിക്കാവുന്ന ഗാലറി. എട്ട് വരി 400 മീറ്റർ ട്രാക്ക്. 124 കടമുറി. ശൗചാലയ സംവിധാനം. വിപുല പാർക്കിങ് സൗകര്യം. ഫുട്ബാൾ കോർട്ട്-ഇതൊക്കെയാണ് സ്റ്റേഡിയം വിഭാവന ചെയ്യുന്നത്. 12 വർഷം മുമ്പ് സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടന വേളയിൽ നഗരസഭ നൽകിയ വാഗ്ദാനമാണിവയൊക്കെ. 2010 ആഗസ്റ്റ് 28ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്തത്. അന്നത്തെ നഗരസഭ അധ്യക്ഷൻ പി.പി. ചിത്തരഞ്ജൻ ഇപ്പോൾ ആലപ്പുഴ എം.എൽ.എയാണ്. വർഷം പലത് പോയെങ്കിലും സ്റ്റേഡിയം മാത്രം വന്നില്ല. തകർന്നടിഞ്ഞു കിടക്കുകയാണ് സ്റ്റേഡിയം ഇപ്പോൾ. ഒരുഭാഗം പൂർണമായി കാടുകയറി. മൈതാനത്ത് പലയിടത്തും കുഴി. മാലിന്യകേന്ദ്രമായും മാറി. മദ്യക്കുപ്പികൾ, കാലി സിഗരറ്റ് പാക്കറ്റുകൾ തുടങ്ങിയവ നിറഞ്ഞു. ഫുട്ബാൾ ഗോൾ പോസ്റ്റ് വളഞ്ഞു. ഗാലറിയിലെ ഇരിപ്പിടങ്ങളിൽ ടൈൽ ഇളകിമാറി കിടക്കുന്നു. പലയിടത്തും ടൈൽതന്നെയില്ല. ചെങ്ങന്നൂർ പെരുങ്കുളം പാടത്തെ 20 ഏക്കർ ഭൂമിയിൽ 49 കോടി രൂപ കിഫ്ബി ഫണ്ടിൽനിന്ന് വകയിരുത്തി 2018ൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയം നിർമാണം ആരംഭിച്ചതും ഇഴഞ്ഞുനീങ്ങുന്നു. ഇൻഡോർ സ്റ്റേഡിയത്തിന്റെ മേൽക്കൂര നിർമാണം ബാക്കിയാണ്. ഫുട്ബാൾ ഗ്രൗണ്ടിനായി മണ്ണ് നിറക്കുന്ന ജോലി നടക്കുന്നു. രണ്ട് പവിലിയന്‍റെ നിർമാണം പൂർത്തിയായി. സ്വിമ്മിങ്പൂളിന്റെ നിർമാണം ആരംഭിച്ചിട്ടില്ല. 15,000 കാണികൾക്ക് ഇരിക്കാവുന്ന ഗാലറിയോടുകൂടിയ സ്റ്റേഡിയത്തിൽ എട്ട് വരി സിന്തറ്റിക് ട്രാക്കും ഫുട്ബാൾ ടർഫും ജംപ് പിറ്റുകളും ഉണ്ടാവും. ഹോക്കി കോർട്ട്, രാജ്യാന്തര നിലവാരമുള്ള സ്വിമ്മിങ് പൂൾ, ഔട്ട്ഡോർ കോർട്ട്, ജിംനേഷ്യം തുടങ്ങിയവയും സ്റ്റേഡിയത്തിന്റെ ഭാഗമായിരിക്കും. നാല് വർഷം മുമ്പ് പ്രീതികുളങ്ങര സ്കൂളിനോട് ചേർന്ന് തുടങ്ങിയ മിനി സ്റ്റേഡിയത്തിന്റെ നിർമാണവും മെല്ലെപ്പോക്കിലാണ്. 200 മീറ്റർ സിന്തറ്റിക് ട്രാക്ക് ഉൾപ്പെടുന്ന സ്റ്റേഡിയത്തിൽ ഇൻഡോർ വോളിബാൾ കോർട്ടും ജിംനേഷ്യവും പദ്ധതിയിലുണ്ട്. 5.15 കോടി രൂപ ചെലവിൽ കിറ്റ്കോയാണ് നിർമിക്കുന്നത്. 2019-20ൽ ഹരിപ്പാട് ഗവ.ബോയ്സ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ സ്റ്റേഡിയം നിർമിക്കാൻ അഞ്ച് കോടി രൂപ ബജറ്റിൽ അനുവദിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഒരു കോടിയായി ചുരുക്കി. ദേശീയപാത വികസനം നടപ്പാകുമ്പോൾ ഗ്രൗണ്ടിന്റെ വിസ്തീർണം കുറയുമെന്ന പ്രശ്നവുമുണ്ട്. തണ്ണീർമുക്കം പഞ്ചായത്ത് സ്റ്റേഡിയം ഇപ്പോൾ ചെറിയ കാടാണ്. 96 സെന്റിലെ സ്റ്റേഡിയത്തിൽ കായികപരിശീലനത്തിന് സൗകര്യമില്ല. അവിടെയാണ് പ്രദേശത്തെ റോഡ് നിർമാണസാമഗ്രികൾ സൂക്ഷിക്കുന്നത്. മാവേലിക്കരയിലെ മൈതാനമാണ് നിലവിലെ ബസ് സ്റ്റാൻഡ്. കുട്ടനാട്ടിലെ ഉപജില്ല കായികമേളകൾക്ക് മറ്റു പ്രദേശങ്ങളെ ആശ്രയിക്കണം. വെള്ളപ്പൊക്കത്തിൽ മൈതാനങ്ങൾ തകർന്നതോടെ പരിശീലനത്തിനും മേളകൾ നടത്താനും വെളിയനാട് സബ്ജില്ല ആശ്രയിക്കുന്നത് ചങ്ങനാശ്ശേരി നഗരസഭ സ്റ്റേഡിയത്തെയാണ്. മങ്കൊമ്പ് ഉപജില്ലയിലെ മത്സരങ്ങൾ പുന്നപ്ര കാർമൽ കോളജ് മൈതാനത്ത് നടക്കും. കുട്ടനാട് മേഖലയിലെ ഏക മൈതാനം എടത്വ സെന്റ് അലോഷ്യസ് കോളജിലേതാണ്. സ്കൂൾ കായികമേള നടത്താൻപോലും ഇടമില്ലാത്ത സ്ഥിതിയാണ് ജില്ലക്ക്. കായികമേളകൾക്ക് ചേർത്തല സെന്റ് മൈക്കിൾസ് കോളജ് ഗ്രൗണ്ടും പുന്നപ്ര കാർമൽ പോളിടെക്നിക് ഗ്രൗണ്ടും ഉൾപ്പെടെ ആശ്രയിക്കണം. 400 മീറ്റർ ട്രാക്കുള്ള ഒരു സ്റ്റേഡിയംപോലും ജില്ലയിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story