Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 5:28 AM IST Updated On
date_range 4 May 2022 5:28 AM ISTകുടിവെള്ള പദ്ധതികൾ മഴക്കാലത്തിനുമുമ്പ് പൂര്‍ത്തീകരിക്കണം -ജില്ല വികസന സമിതി
text_fieldsbookmark_border
സര്‍ക്യൂട്ട് ടൂറിസം പ്രോജക്ടുകള്‍ ആവിഷ്കരിക്കണം ആലപ്പുഴ: കുടിവെള്ള വിതരണ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മഴക്കാലത്തിനുമുമ്പ് പൂര്‍ത്തീകരിക്കണമെന്ന് ജില്ല വികസന സമിതി യോഗം നിര്‍ദേശിച്ചു. എ.എം. ആരിഫ് എം.പിയാണ് യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശം അവതരിപ്പിച്ചത്. അമൃത്, ജലജീവന്‍ മിഷനുകളില്‍ ഉള്‍പ്പെട്ട കുടിവെള്ള വിതരണ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത് ജൂൺ പകുതിയോടെ പൂര്‍ത്തീകരിക്കണം. ഇതിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ രണ്ടാംഘട്ട പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ദേശീയപാതയുടെ വശങ്ങളിലെ പൊട്ടിയതും പഴകിയതുമായ കുടിവെള്ള പൈപ്പുകള്‍ മാറ്റിസ്ഥാപിക്കണം. വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് നിരത്ത്-ദേശീയപാത വിഭാഗങ്ങള്‍, ജലസേചനം എന്നീ വകുപ്പുകള്‍ സംയുക്തമായി സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കണം. പാതിരാമണല്‍ ദ്വീപില്‍ പരിസ്ഥിതി സൗഹൃദ ടൂറിസം പ്രോജക്ടുകള്‍ പരിഗണിക്കാവുന്നതാണെന്നും ഇതിന്‍റെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന് പരിസ്ഥിതി സംരക്ഷണത്തില്‍ പഠനം നടത്തുന്ന ഏജന്‍സികളെ സമീപിക്കാവുന്നതാണെന്നും എം.പി നിര്‍ദേശിച്ചു. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്ത് പാതിരാമണല്‍- അര്‍ത്തുങ്കല്‍-അന്ധകാരനഴി-ആലപ്പുഴ-തോട്ടപ്പള്ളി-കായംകുളം തീരപ്രദേശങ്ങളെ യോജിപ്പിക്കുന്ന സര്‍ക്യൂട്ട് ടൂറിസം പ്രോജക്ടുകള്‍ ആവിഷ്കരിക്കണം. ഇതിന് എം.പി ഫണ്ടില്‍നിന്ന് തുക അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാത്രികളില്‍ ചേര്‍ത്തല-അരൂക്കുറ്റി ഉള്‍പ്പടെയുള്ള ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ബസ് സര്‍വിസ് ഇല്ലാത്തതിനാല്‍ ജനം ബുദ്ധിമുട്ടുന്നതായി ദലീമ ജോജോ എം.എല്‍.എ അറിയിച്ചു. ഈ മേഖലയില്‍ മതിയായ യാത്രസൗകര്യം ഏര്‍പ്പെടുത്തുന്നതിന് മോട്ടോര്‍ വാഹന വകുപ്പും കെ.എസ്.ആര്‍.ടി.സിയും സാധ്യത പരിശോധിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. അപ്പര്‍ കുട്ടനാട് ഉള്‍പ്പെടെ മേഖലകളിലെ തോടുകളുടെ നവീകരണത്തിന് 27 കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിന് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജലസേചന വകുപ്പ് അറിയിച്ചു. ജില്ല വികസന കമീഷണര്‍ കെ.എസ്. അഞ്ജു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ല പ്ലാനിങ് ഓഫിസര്‍ ദീപ ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സൂപ്പർ ഫാസ്റ്റിന് പിന്നിൽ ലോറിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക് ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിന് പിന്നിൽ തണ്ണിമത്തൻ കയറ്റിവന്ന ലോറി ഇടിച്ചുകയറി ഒരാൾക്ക് പരിക്കേറ്റു. ഒരാൾ കുടുങ്ങിക്കിടന്നു. ചന്ദന (18), സുനിൽ (46) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലവൂർ ബ്ലോക്ക് ജങ്ഷന് സമീപത്തായിരുന്നു സംഭവം. ഭാഗിക ഗതാഗത തടസ്സം സൃഷ്ടിച്ചു കിടക്കുകയായിരുന്ന ഇരുവാഹനവും സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. റോഡിൽ ചിതറിക്കിടന്ന ചില്ലുകഷണങ്ങൾ വെള്ളം പമ്പ് ചെയ്ത് അപകടസാധ്യതയും ഒഴിവാക്കി. ആലപ്പുഴ അഗ്നിരക്ഷാസേനയുടെ മൂന്ന് യൂനിറ്റ് ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ എച്ച്. സതീശന്‍റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ എസ്. സനൽകുമാർ, ടി.ജെ. ജിജോ, വിപിൻരാജ്, പി.പി. പ്രശാന്ത്, എസ്. സുജിത്ത്, പി. അഖിലേഷ്, എൻ.എസ്. ഷൈൻകുമാർ, എം.പി. പ്രമോദ് , എൻ.ജി. പുരുഷോത്തമൻ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മണ്ണഞ്ചേരി പൊലീസ് സ്ഥലത്തുണ്ടായിരുന്നു. കോയമ്പത്തൂർനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു സൂപ്പർഫാസ്റ്റ്. ലോറി സേലത്തുനിന്ന് വരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story