Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഊർജ പ്രതിസന്ധി:...

ഊർജ പ്രതിസന്ധി: കായംകുളം വൈദ്യുതി നിലയം വീണ്ടും സജ്ജമാക്കാൻ നീക്കം

text_fields
bookmark_border
* 30 ദിവസത്തെ സമയം ചോദിച്ച്​ എൻ.ടി.പി.സി ആലപ്പുഴ​: കൽക്കരി ക്ഷാമത്തെ തുടർന്ന്​ സംജാതമായ ഊർജപ്രതിസന്ധി കണക്കിലെടുത്ത്​ കായംകുളം താപവൈദ്യുതി നിലയം വീണ്ടും തുറക്കുന്നതിന്​ ആലോചന. രൂക്ഷമായ കൽക്കരി ക്ഷാമത്തിൽ രാജ്യമാകെയുണ്ടായ പ്രതിസന്ധി ഒക്​ടോബർവരെയെങ്കിലും നീണ്ടേക്കുമെന്ന പശ്ചാത്തലത്തിലാണ്​ ഉൽപാദനച്ചെലവ്​ കൂടുതലായതിനാൽ വാങ്ങൽ അവസാനിപ്പിച്ച കായംകുളത്തുനിന്ന്​ വൈദ്യുതി വാങ്ങുന്നതിന്​ വൈദ്യുതി വകുപ്പ്​ നീക്കം തുടങ്ങിയത്​. കേന്ദ്രപൂളിൽനിന്നടക്കം വൈദ്യുതി​ ലഭ്യത കുറഞ്ഞിരിക്കെ സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലായ സാഹചര്യത്തിലുമാണിത്​. കായംകുളത്തെ നിലയം എൻ.ടി.പി.സി നിയന്ത്രണത്തിലുള്ളതാണ്​. എൻ.ടി.പി.സിയുമായി വൈദ്യുതി ബോർഡ് ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിക്കഴിഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്ത്​ 50 കോടി അധികം ചെലവിട്ട്​ പുറമെനിന്ന്​ വൈദ്യുതി വാങ്ങുന്നതിനൊപ്പം മറ്റ്​ സാധ്യതകളും ഉപയോഗപ്പെടുത്താനാണ്​ തീരുമാനം. നാഫ്ത ഇന്ധനമാക്കുന്ന കായംകുളം നിലയത്തിൽനിന്ന്‌ 350 മെഗാവാട്ട് വൈദ്യുതി ലഭിക്കും. വൈദ്യുതി വില യൂനിറ്റിന്​ 12 രൂപയിലധികമായി ഉയർന്നതിനെ തുടർന്നാണ്​ ഇവിടെനിന്ന് ഏഴുവർഷത്തിലധികമായി വൈദ്യുതി വാങ്ങുന്നത്​ സംസ്ഥാനം നിർത്തിയത്​. അടുത്തകാലംവരെ എപ്പോൾ വേണമെങ്കിലും ഉൽപാദനം നടത്താനാകും വിധം നിലയം പരിപാലിച്ചു വരുകയായിരുന്നു. ഇന്ധനവും സൂക്ഷിച്ചിരുന്നു. ഇതുകൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ ഇന്ധനം സംഭരിക്കുന്നത് കെ.എസ്.ഇ.ബി അനുമതിയോടെ കോർപറേഷൻ അവസാനിപ്പിച്ചു. പകരം 45 ദിവസം മുമ്പ്​ രേഖാമൂലമറിയിച്ചാൽ വൈദ്യുതി ഉൽപാദിപ്പിച്ച്​ നൽകാമെന്ന്​ ധാരണയുണ്ടാക്കി. ഉൽപാദനവുമായി ബന്ധപ്പെട്ട ഭൂരിപക്ഷം ജീവനക്കാരെയും മറ്റു യൂനിറ്റുകളിലേക്ക്​ മാറ്റിയത്​ കൂടാതെ നിലയത്തിലെ പരിശോധനകളും കുറച്ചു. അതിനിടെയാണ് വീണ്ടും നിലയം തുറക്കാൻ സാധ്യത തെളിയുന്നത്. ഭാരത് പെട്രോളിയം കോർപറേഷനിൽനിന്നാണ് നാഫ്ത വാങ്ങുന്നത്. ഇന്ധനം ലഭ്യമാക്കുന്നതിനും നിലയം പ്രവർത്തനക്ഷമമാക്കാൻ ജീവനക്കാരെ മറ്റു യൂനിറ്റുകളിൽനിന്ന്​ എത്തിക്കുന്നതിനുമാണ് 45 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിരിക്കുന്നത്. കെ.എസ്.ഇ.ബി ആവശ്യപ്പെട്ടാൽ പരമാവധി ഒരു മാസത്തിനകം കായംകുളത്ത് വീണ്ടും വൈദ്യുതി ഉൽപാദനം തുടങ്ങാനാകുമെന്നാണ്​ കണക്കാക്കുന്നത്​. രാജ്യത്തെ 164 താപനിലയങ്ങളിൽ നൂറിലും കൽക്കരി ശേഖരം കുറവാണ്​. 56​ നിലയങ്ങളിൽ 10 ശതമാനം പോലുമില്ല. 26 എണ്ണത്തിൽ അഞ്ച്​ ശതമാനത്തിൽ താഴെയാണ് കൽക്കരി ശേഖരം​. മേയ്​ 31വരെ യൂനിറ്റിന്​ 20 രൂപ നിരക്കിൽ 250 മെഗാവാട്ട്​ വൈദ്യുതി വാങ്ങാനാണ്​ അടിയന്തര തീരുമാനം. മറ്റ്​ സംസ്ഥാനങ്ങളെ അപേക്ഷിച്ച്​ സ്ഥിതി കേരളത്തിൽ മെച്ചമാണ്​. പിക്​​ലോഡ്​ സമയത്തെ 15 മിനിറ്റ്​ നിയന്ത്രണം പരിമിതപ്പെടുത്തുന്നതിന്​ കൂടി ലക്ഷ്യമിട്ടാണ്​ വൈദ്യുതി ലഭ്യത വർധിപ്പിക്കൽ നീക്കമെന്നാണ്​ സൂചന. കായംകുളം നിലയത്തിൽനിന്ന്‌ 22 മെഗാവാട്ട് സൗരവൈദ്യുതി ഏപ്രിൽ ഒന്നുമുതൽ കെ.എസ്.ഇ.ബിക്ക് കിട്ടിത്തുടങ്ങിയത്​ ഇപ്പോഴത്തെ സാഹചര്യത്തിൽ ആശ്വാസമാണ്​. യൂനിറ്റിന് 3.16 രൂപ നിരക്കിലാണ് ഈ വൈദ്യുതി ലഭിക്കുന്നത്. മേയ്​ മുതൽ കായംകുളത്തുനിന്ന് 70 മെഗാവാട്ട് സൗരവൈദ്യുതികൂടി ലഭിക്കും. സൗരപാനലുകൾ സ്ഥാപിച്ചാണ് ഉൽപാദനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story