Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:28 AM IST Updated On
date_range 1 April 2022 5:28 AM ISTസാമൂഹിക വനവത്കരണം ജനപങ്കാളിത്തത്തോടെ നടപ്പാക്കും -മന്ത്രി
text_fieldsbookmark_border
വനം വകുപ്പ് ജില്ല ആസ്ഥാന മന്ദിരം തുറന്നു ആലപ്പുഴ: സാമൂഹിക വനവത്കരണ പ്രവർത്തനം ജനപങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. വനം വകുപ്പ് ജില്ല ആസ്ഥാന മന്ദിരം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വനമില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ. മറ്റു ജില്ലകളിലേതുപോലെ ആലപ്പുഴയിലും സ്വാഭാവിക വനവത്കരണ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് വനം വകുപ്പ് നടപടികൾ സ്വീകരിച്ചുവരുകയാണ്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തൈകൾ ഉൽപാദിച്ച് സ്കൂളുകൾ, കോളജുകൾ, തദ്ദേശ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ സഹകരണം ഉറപ്പാക്കി വൃക്ഷവത്കരണം നടപ്പാക്കും. വഴിയോര തണൽ പദ്ധതി നടപ്പാക്കി വരുകയാണ്. സ്കൂൾ-കോളജ് എന്നിവിടങ്ങളിൽ ഫോറസ്ട്രി ക്ലബ് രൂപവത്കരിച്ച് വിദ്യാവനം പദ്ധതി നടപ്പാക്കുന്നുണ്ട്. വിദ്യാർഥികളിൽ പ്രകൃതി സംരക്ഷണ ബോധം ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്ന സ്വകാര്യ ഭൂവുടമകൾക്ക് പ്രോത്സാഹനം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ കണ്ടൽ തൈകൾ വെച്ചുപിടിപ്പിക്കാൻ ഭൂവുടമകൾക്ക് അവബോധം നൽകും. കണ്ടൽ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനൊപ്പം കാവുകളുടെ സംരക്ഷണത്തിന് ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. വിവിധ വൃക്ഷവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വനവിജ്ഞാന വ്യാപന അവബോധം, തണ്ണീർത്തട പരിപാലന പദ്ധതി എന്നിവ നടപ്പാക്കും. കടൽ ക്ഷോഭം തടയുന്നതിന് ആലപ്പുഴ ബീച്ച് മുതൽ പുന്നപ്ര തീരംവരെ ഒമ്പതു കിലോമീറ്ററിൽ കാറ്റാടി മരം വെച്ചുപിടിപ്പിച്ചത് വിജയമായിരുന്നു. ഇതേ മാതൃകയിൽ ചേർത്തല അർത്തുങ്കൽ മുതൽ ആലപ്പുഴ മണ്ഡലം വരെ 9.8 കിലോമീറ്ററിൽ കടലോരത്ത് 2021-22ൽ ഒരു ലക്ഷം കാറ്റാടിതൈകൾ വെച്ചുപിടിപ്പിച്ചു. ജില്ലയിലെ 11ബ്ലോക്കുകളിലുള്ള നഴ്സറികളിലായി 11 ലക്ഷം വൃക്ഷത്തൈകൾ വിവിധ പഞ്ചായത്തുകളിൽ നടുന്നതിനായി തയാറാക്കി വരുകയാണെന്നും മന്ത്രി പറഞ്ഞു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുഖ്യ വനം മേധാവി പി.കെ. കേശവൻ ആമുഖ പ്രഭാഷണം നടത്തി. സോഷ്യൽ ഫോറസ്ട്രി അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ. പ്രദീപ് കുമാർ, കൊല്ലം സോഷ്യൽ ഫോറസ്ട്രി ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി. സാജൻ, സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കെ. സജി തുടങ്ങിയവർ പങ്കെടുത്തു. കർഷക തൊഴിലാളി പെൻഷൻ 5000 രൂപയാക്കണം -ഡി.കെ.ടി.എഫ് ആലപ്പുഴ: കർഷക തൊഴിലാളി പെൻഷൻ 5000 രൂപയാക്കി ഉയർത്തണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ക്ഷേമനിധി അംശാദായം മൂന്നുമടങ്ങാണ് വർധിപ്പിച്ചത്. ഇതിന് ആനുപാതികമായി പെൻഷൻ 5000 രൂപയാക്കുന്നതിനൊപ്പം വിദ്യാഭ്യാസ, വിവാഹ, പ്രസവ, മരണാനന്തര ആനുകൂല്യങ്ങൾ ഉൾപ്പെടെ ആനുകൂല്യങ്ങളും വർധിപ്പിക്കണം. വിവാഹ ധനസഹായം മക്കൾ ജനിച്ച ശേഷം പോലും ലഭിക്കാത്ത അവസ്ഥയാണ്. പ്രസവ ധനസഹായത്തിന്‍റെയും അവസ്ഥ ദയനീയമാണ്. ഇന്ധനവില അനിയന്ത്രിതമായി വർധിപ്പിച്ച് ജനത്തെ ദുരിതത്തിലാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്ത, നാലിന് ജില്ല കേന്ദ്രങ്ങളിൽ നടത്തുന്ന വിലക്കയറ്റമില്ലാത്ത ഇന്ത്യ (മേഹംഗൈം മുക്ത ഭാരത് അഭിയാൻ) പരിപാടി വിജയിപ്പിക്കാൻ യോഗം അഭ്യർഥിച്ചു. ജില്ല പ്രസിഡൻറ് ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ. ഷൗക്കത്ത്, മങ്കൊമ്പ് സദാശിവൻ, എൻ. മോഹൻദാസ്, വർഗീസ് മാത്യു തുണ്ടിയിൽ, വി.വി. സുഗണൻ, കെ.എൽ. ജോണി, ജി. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story