Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:32 AM IST Updated On
date_range 30 March 2022 5:32 AM ISTരണ്ടാം ദിനവും ജനജീവിതം സ്തംഭിച്ചു
text_fieldsbookmark_border
കലക്ടറേറ്റിൽ ജോലിക്കെത്തിയവരെ തടഞ്ഞു; ആർ.ഡി ഓഫിസിൽ ആരുമെത്തിയില്ല ആലപ്പുഴ: കേന്ദ്രസർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയന്‍റെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിന്‍റെ രണ്ടാംദിനവും ജനജീവിതം സ്തംഭിച്ചു. ഡയസ്നോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്ക് ഓഫിസിലെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല. സർക്കാർ ഓഫിസുകൾ തുറന്നെങ്കിലും ഹാജർനില കുറവായിരുന്നു. കെ.എസ്.ആർ.ടി.സി നാമമാത്ര സർവിസാണ് നടത്തിയത്. ജലഗതാഗത വകുപ്പിന്‍റെ ബോട്ടുകൾ പൂർണമായും ഓടിയില്ല. ടൂറിസം മേഖലയിൽ ഉണർവേകി ഹൗസ് ബോട്ടുകളും ശിക്കാരവള്ളങ്ങളും സഞ്ചാരികളുമായി കായൽ ചുറ്റി. കലക്ടറേറ്റിൽ നാലുപേരാണ് ജോലിക്കെത്തിയത്. ദുരന്തനിവാരണ അതോറിറ്റിയിൽ മൂന്നും കൺട്രോൾ റൂമിൽ ഒരാളുമാണ് ഹാജരായത്. ആർ.ഡി ഓഫിസിൽ ആരുമെത്തിയില്ല. റവന്യൂ വിഭാഗത്തിൽ നാലുപേർ ജോലിക്കെത്തി. കണ്ടല്ലൂർ വില്ലേജിൽ രണ്ടും ചെങ്ങന്നൂർ താലൂക്ക് ഓഫിസിൽ തഹസിൽദാറും ഒരുജീവനക്കാരനും ജോലിക്കെത്തി. ബഹുഭൂരിപക്ഷം സർക്കാർ ജീവനക്കാരും ജോലിയിൽനിന്ന് വിട്ടുനിന്നു. ഓട്ടോ-ടാക്സി, സ്വകാര്യബസുകൾ എന്നിവ ഓടിയില്ല. ആലപ്പുഴ ഡിപ്പോയിൽനിന്ന് മൂന്ന് കെ.എസ്.ആർ.ടി.സി സർവിസ് നടത്തി. തിരുവല്ല, എറണാകുളം, കായംകുളം റൂട്ടിലേക്ക് ഫാസ്റ്റ് പാസഞ്ചറുകളാണ് ഓടിയത്. 120 ജീവനക്കാരിൽ 29പേർ ഹാജരായെങ്കിലും സർവിസുകൾ പലതും നടത്താനായില്ല. യാത്രക്കാരുടെ എണ്ണത്തിൽ വൻകുറവുണ്ടായതാണ് പ്രശ്നം. ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് കൊട്ടാരക്കര-കോട്ടയം ചെയിൻ സർവിസ് നടത്തിയ ജീവനക്കാർക്കുനേരെ കൊട്ടാരക്കരയിൽ പണിമുടക്ക് അനുകൂലികളായ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കൈയേറ്റ ശ്രമമുണ്ടായി. ഡ്രൈവർ എം.എസ് നന്ദകുമാർ, കണ്ടക്ടർ ജി. പ്രദീപ്കുമാർ എന്നിവർക്കുനേരെയാണ് കൈയേറ്റ ശ്രമമുണ്ടായത്. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നെങ്കിലും ഗ്രാമീണമേഖലയിൽ കടകൾ തുറന്നു. നഗരത്തിലെ ബേക്കറികളും ചില ഹോട്ടലുകളും തുറന്നു. നഗരത്തിലെ തിയറ്ററുകളിൽ ഫസ്റ്റ് ഷോ പ്രദർശനമുണ്ടായിരുന്നു. ആരോഗ്യമേഖലയെയും കാര്യമായി ബാധിച്ചു. ജീവനക്കാരുടെ യാത്രക്ക് ആംബുലൻസ് അടക്കമുള്ള ഗതാഗതസൗകര്യങ്ങൾ ഒരുക്കിയെങ്കിലും പലരും എത്തിയില്ല. ഇത് കോവിഡ് വാക്സിൻ വിതരണത്തെയും ബാധിച്ചു. ആലപ്പുഴ ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് ഒ.പികളിൽ ഡോക്ടർമാർ എത്തിയെങ്കിലും രോഗികൾ കുറവായിരുന്നു. തുടർച്ചയായ നാലുദിവസമാണ് ബാങ്കുകൾ അടഞ്ഞുകിടന്നത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണപ്രവർത്തനവും നടന്നില്ല. തൊഴിലാളികൾ, കൃഷിക്കാർ, ബാങ്ക് ജീവനക്കാർ, ഇൻഷുറൻസ് മേഖലയിലെ ജീവനക്കാർ, തുറമുഖ തൊഴിലാളികൾ തുടങ്ങിയവർ പണിമുടക്കിൽ അണിചേർന്നു. ജില്ലയിലെ പഞ്ചായത്ത്-മുനിസിപ്പൽ പ്രദേശങ്ങളിൽ ഒരുക്കിയ സമരകേന്ദ്രങ്ങളിൽനിന്ന് തൊഴിലാളികളുടെ പ്രകടനവും ധർണയും നടന്നു. ആലപ്പുഴ ടൗൺഹാളിന് മുന്നിൽ പണിമുടക്കിന്‍റെ സമാപനസമ്മേളനം എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ് വി. മോഹൻദാസ് ഉദ്ഘാടനംചെയ്തു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ് ഡി. സുധീഷ്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ല സെക്രട്ടറി സി. ജയരാജ്, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് വി.എസ്. മണി തുടങ്ങിയവർ സംസാരിച്ചു. APL strike പണിമുടക്കിൽ വിജനമായ ദേശീയപാതയിലെ പുന്നപ്ര ജങ്ഷൻ APL punnapra market പണിമുടക്കിൽ വ്യാപാരം നിലച്ച പുന്നപ്ര മാർക്കറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story