Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:28 AM IST Updated On
date_range 27 March 2022 5:28 AM ISTഗർഭസ്ഥശിശു മരിച്ചു; വനിത-ശിശു ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്
text_fieldsbookmark_border
ആലപ്പുഴ: ബീച്ചിലെ വനിത - ശിശു ആശുപത്രിയിൽ ഗർഭസ്ഥശിശു മരിച്ചെന്ന പരാതിയിൽ ഗൈനക്കോളജി ഡോക്ടർക്കെതിരെ കേസെടുത്തു. തൃശൂർ ഇരിങ്ങാലക്കുട പത്മാലയത്തിൽ ഗോപാലിന്‍റെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്. ഡിവൈ.എസ്.പി എൻ.ആർ. ജയരാജിനാണ് അന്വേഷണച്ചുമതല. ഗോപാലിന്‍റെ ഭാര്യ കഞ്ഞിപ്പാടം സ്വദേശി ദേവിക നാലുമാസം ഗർഭിണിയായിരുന്നു. ബീച്ച് ആശുപത്രിയിലാണ് പരിശോധന നടത്തിയിരുന്നത്. കഴിഞ്ഞ ശനിയാഴ്ച ഗർഭസ്ഥശിശുവിന് അനക്കമില്ലെന്ന് തോന്നിയ ദേവിക ഗൈനക്കോളജി ഡോക്ടറുടെ നിർദേശമനുസരിച്ച് ആശുപത്രിയിൽ എത്തി. അപ്പോൾ ഡോക്ടർ പ്രസവ മുറിയിലായിരുന്നു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ ആണ് പരിശോധിച്ചത്. ഗൈനക്കോളജി ഡോക്ടറോട് ഫോണിൽ ബന്ധപ്പെട്ട ഡ്യൂട്ടി ഡോക്ടർ തിങ്കളാഴ്ച പരിശോധനക്ക് എത്താൻ നിർദേശിക്കുകയായിരുന്നു. തിങ്കളാഴ്ച എത്തി സ്കാനിങ് നടത്തിയപ്പോൾ കുട്ടി നേരത്തേ മരിച്ചതായി കണ്ടെത്തി. പിറ്റേന്ന് കുട്ടിയെ പുറത്തെടുക്കാൻ മരുന്ന് നൽകി. ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയതോടെ കുട്ടിയെ പുറത്തെടുക്കാൻ ദേവികയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതര സാഹചര്യമായിട്ടും നിരീക്ഷണത്തിൽ വെക്കാനോ മികച്ച മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാനോ ഗൈനക്കോളജിസ്റ്റ് തയാറായില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ഗോപാൽ ആരോപിച്ചു. ജന്മനായുള്ള പ്രശ്നമാണോ എന്നറിയില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ഷാജി പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ല മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മെഡിക്കൽ ബോർഡിന്‍റെ അഭിപ്രായം കൂടി വാങ്ങി തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റിൽ 'എല്ലാവർക്കും വീട്; ഭക്ഷണം' പദ്ധതി പട്ടണക്കാട്: 'എല്ലാവർക്കും വീട്, എല്ലാവർക്കും ഭക്ഷണം, ആരോഗ്യമുള്ള ജനത' എന്ന ലക്ഷ്യത്തിലേക്ക് വലിയ ചുവടുവെപ്പാണ് ഈ ഉദ്ദേശ്യത്തിന് മുൻഗണന നൽകുന്ന പദ്ധതികളോടെ അവതരിപ്പിച്ച പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റെന്ന് വൈസ് പ്രസിഡൻറ് ആർ. ജീവൻ പറഞ്ഞു. കതിരുക്കാണാ പാടങ്ങളായി മാറിയ പൊക്കാളി നിലങ്ങൾ നെല്ല് വിളയുന്ന ഐശ്വര്യത്തിന്‍റെ പാടങ്ങളായി മാറ്റാൻ ബജറ്റ് വഴിതെളിക്കും. പഞ്ചായത്തുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരിക്കാനും പശ്ചാത്തല മേഖലയിൽ പദ്ധതികൾക്ക് മുൻഗണന നൽകുന്ന പദ്ധതികൾക്കുമായി തുക പ്രതീക്ഷിക്കുകയാണ്. കൃഷി, ജലസംരക്ഷണം, പ്രകൃതിവിഭവ വികസന പദ്ധതികൾക്ക് മുൻഗണന നൽകിയുള്ള പദ്ധതികൾ തയാറാക്കി മുന്നോട്ടുപോകും. വികസന പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകുന്ന യൂനിറ്റ് തുടങ്ങും. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. ആധുനിക സജ്ജീകരണങ്ങളുള്ള കളിസ്ഥലം, പൊതുശ്മശാനം എന്നിവക്ക് സ്ഥലം വാങ്ങാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story