Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:28 AM IST Updated On
date_range 17 March 2022 5:28 AM ISTകരാറുകാരൻ മുങ്ങി; കെ.പി.എ.സി ജങ്ഷൻ-ലക്ഷ്മി തിയറ്റർ റോഡിന് ശാപമോക്ഷമില്ല
text_fieldsbookmark_border
കായംകുളം: ദേശീയപാതയെ കെ.പി റോഡുമായി ബന്ധിപ്പിക്കുന്ന റോഡിൻെറ നിർമാണം സ്തംഭനത്തിൽ. കെ.പി.എ.സി ജങ്ഷൻ-ലക്ഷ്മി തിയറ്റർ റോഡാണ് യാത്രക്കാർക്ക് ദുരിതം സമ്മാനിച്ച് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. ഓട നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതും പരിസരവാസികളെയും യാത്രക്കാരെയും വലക്കുന്നു. ഓടക്കായി തുരന്ന മണ്ണ് അതേപടി റോഡിൽ കിടക്കുന്നതാണ് പ്രശ്നം. രണ്ടുവർഷം മുമ്പാണ് 400 മീറ്റർ നീളത്തിൽ ഓട നിർമിക്കാൻ കരാർ നൽകിയത്. വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാത്തതാണ് നിർമാണത്തിന് കാലതാമസമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിച്ചിട്ട് നാളുകളായിട്ടും സ്ഥിതി പഴയതുതന്നെ. ഓടനിർമാണത്തിന് കോൺക്രീറ്റ് ജോലി കഴിഞ്ഞതുമാത്രം മിച്ചം. ഓടക്ക് മൂടി ഇടാത്തത് അപകടഭീഷണിയും ഉയർത്തുന്നു. ഇല്ലിക്കുളം ഭാഗത്തെ വളവിൽ ഓടയിലെ കോൺക്രീറ്റിലെ ഇരുമ്പുകമ്പികൾ ഉയർന്നുനിൽക്കുന്നതും പ്രശ്നമാണ്. ഇത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതിന് കാരണമാകുന്നതായി പരാതിയുണ്ട്. കെ.പി റോഡിൽനിന്ന് ദേശീയപാതയിലേക്ക് നഗരത്തിരക്ക് ഒഴിവാക്കി എളുപ്പത്തിൽ യാത്രചെയ്യാൻ കഴിയുന്ന മാർഗമാണ് അധികൃത അനാസ്ഥയിൽ നിലച്ചിരിക്കുന്നത്. ചേരാവള്ളി ഭാഗത്തുനിന്ന് ടൗണിലേക്ക് എത്താനുള്ള എളുപ്പവഴിയും ഇതാണ്. റോഡിലെ പഞ്ചമി മില്ലിന്റെ സമീപം മുതൽ ഇരട്ടക്കുളം ഭാഗം വരെയാണ് യാത്ര ദുസ്സഹമാക്കുന്ന തരത്തിൽ തകർന്നത്. പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. രാത്രിയാത്രികർ കുഴിയിൽ വീണുള്ള അപകടങ്ങളും പതിവാണ്. റോഡ് നിർമാണം വേഗത്തിലാക്കാൻ നടപടി വേണമെന്നാണ് ആവശ്യം. ചിത്രAPLKY1ROAD തകർന്ന കെ.പി.എ.സി ജങ്ഷൻ-ലക്ഷ്മി തിയറ്റർ റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
