Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:28 AM IST Updated On
date_range 14 March 2022 5:28 AM ISTഎന്തൊരുചൂടാണ്...ചുട്ടുപൊള്ളി ആലപ്പുഴ
text_fieldsbookmark_border
വരുംദിവസങ്ങളിലും ചൂട് കൂടും; ആരോഗ്യസംരക്ഷണത്തിന് മുൻകരുതൽ വേണം ആലപ്പുഴ: കനത്തചൂടിൽ ചുട്ടുപൊള്ളി ആലപ്പുഴ. ശരാശരി താപനിലയെക്കാൾ 2.5 ഡിഗ്രി ഉയർന്ന് ഞായറാഴ്ച 36 ഡിഗ്രി സെൽഷ്യസ് ചൂടാണ് ജില്ലയിൽ അനുഭവപ്പെട്ടത്. ശനിയാഴ്ചയും സമാനചൂടാണ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥനിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. ഫെബ്രുവരി മുതൽ പലദിവസങ്ങളിലും പകൽ താപനില ആലപ്പുഴയിൽ ഉയർന്നാണ് നിൽക്കുന്നത്. പകൽ താപനില ക്രമാതീതമായി ഉയർന്നതിനാൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാതപം ഏൽക്കുന്നത് ഒഴിവാക്കാൻ ജോലിസമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെ ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെ വിശ്രമവേളയാണ്. റെക്കോഡ് ചൂടിലേക്ക് ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധവേണമെന്നാണ് വിദഗ്ധരുടെ നിർദേശം. 37ഡിഗ്രിയാണ് ശരീരത്തിന്റെ ഊഷ്മാവ്. രണ്ടോ മൂന്നോ ഡിഗ്രി ചൂടുയർന്നാൽ ശരീരത്തിന് താങ്ങാൻ കഴിയില്ല. നിർജലീകരണം, വിശപ്പ് കുറയൽ, ശാരീരിക പ്രവർത്തനങ്ങളുടെ മന്ദത എന്നിവക്ക് കാരണമാകും. ഇതിനൊപ്പം ചർമരോഗങ്ങളും വർധിക്കും. ശാരീരിക അധ്വാനം കൂടുതലുള്ള തൊഴിലുകളും അമിത വ്യായാമവും ഒഴിവാക്കണം. ചൂടും തണുപ്പും മാറിമാറി അനുഭവപ്പെടുന്നതിനാൽ ആരോഗ്യസംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. വരണ്ട കിഴക്കൻ കാറ്റും തെളിഞ്ഞ ആകാശവുമാണ് ചൂടുകൂടാൻ കാരണം. പെട്ടെന്നുള്ള കാലാവസ്ഥമാറ്റത്തിൽ കുട്ടികളിൽ തളർച്ചയും ക്ഷീണവും അനുഭവപ്പെടും. വേനൽക്കാലരോഗങ്ങൾ തടയാൻ കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം. ത്വഗ്രോഗങ്ങൾ അകറ്റാൻ ദിവസവും രണ്ടുനേരം കുളിക്കണമെന്നാണ് ഡോക്ടർമാർ നൽകുന്ന നിർദേശം. ഇനിയും ചൂട് ഉയരുമോ? ഓരോ ദിവസത്തെയും കാലാവസ്ഥമാറ്റത്തിൽ ചൂട് റെക്കോഡിലെത്തുമോയെന്ന് ആശങ്ക. 1987 ഏപ്രിൽ ഒന്നിനാണ് ആലപ്പുഴയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. അന്ന് 38.2 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്. അന്തരീക്ഷ ഈർപ്പം (ആർദ്രത) കാരണം പൊതുവേ ചൂട് കൂടുതലാണെങ്കിലും ആലപ്പുഴയിൽ അടുത്തകാലത്തെങ്ങും താപനില ഇത്രയും ഉയർന്നിട്ടില്ല. എന്നാൽ, കഴിഞ്ഞ ഒരുമാസത്തിനിടെ പല ദിവസങ്ങളിലും സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് ആലപ്പുഴയിലാണ്. ഈ മാസം 21ന് സൂര്യൻ ഭൂമധ്യരേഖക്കുനേരെ വരുന്നതിനാൽ അതുവരെ ചൂട് വർധിക്കും. ഗുജറാത്ത്, ബിഹാർ, ആന്ധ്ര, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിൽ ഉഷ്‌ണതരംഗമുണ്ട്. അതിന്‍റെ സ്വാധീനം കേരളത്തിലും നിലനിൽക്കുന്നുണ്ട്. ഈ ഘട്ടത്തിൽ സാധാരണനിലയിൽനിന്ന് മൂന്ന് ഡിഗ്രി വരെ ചൂട് കൂടാനുള്ള സാധ്യതയുണ്ട്. കോവിഡ്: പ്രത്യേക ശ്രദ്ധവേണം കാലാവസ്ഥയിലെ മാറ്റത്തിൽ കോവിഡ്ബാധിതർക്കും കോവിഡ് മാറിയവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ശ്വാസകോശരോഗങ്ങൾ, ന്യുമോണിയ, കിതപ്പ്, ക്ഷീണം, ഫംഗസ് രോഗങ്ങൾ എന്നിവ ഉണ്ടാകാം. രാത്രി തണുപ്പ് കൂടുന്നതിനാൽ ശ്വാസകോശരോഗങ്ങൾ ഉള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തണം. കോവിഡ് വന്നവർ വേനൽക്കാലത്ത് അമിത വ്യായാമം ചെയ്യുന്നത് താപശരീര ശോഷണത്തിന് ഇടയാക്കും. ശരീരത്തിൽനിന്ന് ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണിത്. വിയർപ്പിലൂടെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങൾ നഷ്ടപ്പെടും. തന്മൂലം ക്ഷീണവും തളർച്ചയും ഉണ്ടാകും. കരിക്കിൻവെള്ളം, ഉപ്പിട്ട നാരങ്ങവെള്ളം, ചൂടുവെള്ളം എന്നിവ ക്ഷീണം മാറാനും ശരീരത്തിലെ ലവണനഷ്ടം പരിഹരിക്കാനും സഹായിക്കും. എടുക്കാം മുൻകരുതൽ * രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക * നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കുപ്പിയിൽ കരുതുക * പുറത്തേക്ക് ഇറങ്ങുമ്പോൾ കുട, തൊപ്പി എന്നിവ ഉപയോഗിക്കുക * ഉപ്പുചേർത്ത വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, നാരങ്ങാവെള്ളം, സംഭാരം എന്നിവ കുടിക്കണം * നട്ടുച്ചക്ക് പാചകത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക * പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗമുള്ളവർ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത് * കുട്ടികൾ മണിക്കൂറുകളോളം തുടർച്ചയായി കളിക്കുന്നത് ഒഴിവാക്കണം * വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിൽ കുട്ടികളെ ഇരുത്തിയിട്ട് പോകരുത് * ദിവസം രണ്ടര മുതൽ മൂന്നര ലിറ്റർ വരെ വെള്ളം കുടിക്കുക * പോഷകാഹാരങ്ങൾ ശീലമാക്കുക * കാരറ്റ്, വെള്ളരിക്ക, സവാള, തക്കാളി എന്നിവ ചേർത്ത് സലാഡുകൾ കഴിക്കുക * അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക * സൺഗ്ലാസുകൾ ഉപയോഗിക്കുക * തണുത്ത വെള്ളംകൊണ്ട് ശരീരം ഇടക്കിടെ തുടക്കുക ചിത്രങ്ങൾ: APL MB 01 High Temperature വെയിലേറ്റ് വാടരുത്... കനത്തചൂടിൽ ജോലിചെയ്ത് തളർന്ന തൊഴിലാളിയായ യുവാവ് കുപ്പിവെള്ളമൊഴിച്ച് മുഖം തണുപ്പിക്കുന്നു. ആലപ്പുഴയിൽനിന്നുള്ള ദൃശ്യം ചിത്രം: മനു ബാബു APL MB 02 Venal Theruvunaaya ഇനി നീന്തിത്തുടിക്കാം... ആലപ്പുഴയിൽ അന്തരീക്ഷ താപനില ഉയർന്നതോടെ മുപ്പാലത്തിനുസമീപത്തെ കനാലിൽ വെള്ളത്തിലിറങ്ങി ശരീരം തണുപ്പിക്കുന്ന തെരുവുനായ് ചിത്രം: മനു ബാബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story