Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:29 AM IST Updated On
date_range 8 March 2022 5:29 AM ISTകുട്ടനാട്ടിൽ ശുദ്ധജലക്ഷാമം രൂക്ഷം
text_fieldsbookmark_border
കുട്ടനാട്: കിയോസ്കുകൾ നോക്കുകുത്തികളാവുകയും സമാന്തരജലവിതരണം നിലച്ചതും കുട്ടനാട്ടിൽ ശുദ്ധജലക്ഷാമം രൂക്ഷമാക്കുന്നു. 13 പഞ്ചായത്തുകളുള്ള കുട്ടനാട്ടിൽ ഏറെ സമരങ്ങൾക്കും നിവേദനങ്ങൾക്കും ഒടുവിൽ കേന്ദ്രീകൃത ജലവിതരണം ലക്ഷ്യമിട്ട് ആരംഭിച്ച കിയോസ്കുകൾ നോക്കുകുത്തികളായി. 2000 ലിറ്റർ സംഭരണ ശേഷിയുള്ള കിയോസ്കുകളാണ് ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്നത്. ടാങ്കറുകളിൽ ജലമെത്തിച്ച് കിയോസ്കുകളിൽ നിറച്ചുവെച്ചാൽ പ്രാദേശികമായി ജനങ്ങൾ ആവശ്യത്തിന് എടുത്തു കൊണ്ടുപോകുകയാണ് പതിവ്. പ്രാരംഭഘട്ടത്തിൽ കിയോസ്കുകൾ നിറക്കാൻ കാണിച്ച ഇടപെടലുകൾ പിന്നീട് ഇല്ലാതായി. ഇതോടെ കാലിയായിരുന്ന കിയോസ്കുകൾ വെയിലും മഴയുമേറ്റ് നശിച്ചു. വേനൽ കടുക്കുന്നതോടെ കരവാഹനങ്ങളിലും ജല വാഹനങ്ങളിലും കുടിവെള്ളമെത്തിക്കുന്ന സമാന്തര ജലവിതരണവും നടന്നിരുന്നു. പഞ്ചായത്തുകളുടെ ഇടപെടലിലാണ് റവന്യൂ വകുപ്പ് ജല വിതരണത്തിന് നടപടി സ്വീകരിച്ചിരുന്നത്. നിലവിൽ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വിതരണം നടക്കുന്നില്ലെന്ന് പരാതിയുണ്ട്. കുട്ടനാടിൻെറ ദാഹമകറ്റാൻ കൊണ്ടുവന്ന 14 ദശ ലക്ഷം ലിറ്റർ ജലം ശുദ്ധീകരിച്ച് പ്രതിദിനം വിതരണം ചെയ്യാൻ ശേഷിയുള്ള നീരേറ്റുപുറം ജലശുദ്ധീകരണ ശാലയും മതിയായ അളവിൽ ജലവിതരണം നടത്താൻ പ്രാപ്തമായില്ല. പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പ് ലൈനുകളാണ് ജലവിതരണത്തിന് തടസ്സമാകുന്നത്. ഫലപ്രദമായ പൈപ്പ് ലൈനുകൾ സ്ഥാപിച്ചാൽ ഒരു പരിധി വരെ ശുദ്ധജല പ്രതിസന്ധി ഒഴിവാക്കാനാകും. എന്നാൽ, നിരവധി പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും വിതരണപൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലികൾ അനന്തമായി നീളുകയാണ്. തലവടിയിലുൾപ്പെടെ മൂന്നോളം പ്രദേശങ്ങളിൽ സ്ഥാപിച്ച ഉപരിതല ജലസംഭരണി ഇന്നും വെള്ളം കണ്ടിട്ടില്ല. 12 മാസവും വെള്ളം വറ്റാത്ത പ്രദേശങ്ങൾ കുട്ടനാട്ടിലുണ്ടെന്നിരിക്കെ ശുദ്ധജല ലഭ്യതക്ക് നിർവാഹമില്ലാതെ ദുരിതം പേറുകയാണ് ഇവർ. മുട്ടാർ, തലവടി, എടത്വ, വീയപുരം, നീലംപേരൂർ,വെളിയനാട് തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുടിനീരിന് പിന്നാലെ ദൈനംദിനാവശ്യങ്ങൾക്ക് പോലും ജലം ലഭിക്കുന്നില്ല. പാടശേഖരങ്ങളിൽ ഉപയോഗിക്കുന്ന രാസവളങ്ങളുടെയും കീടനാശിനികളുടെയും അവശിഷ്ടങ്ങൾ ജലാശയങ്ങളിലേക്ക് ഒഴുകി എത്തുന്നതിനാൽ നദികളിലെയും തോടുകളിലെയും വെള്ളവും ഉപയോഗ രഹിതമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story