Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:28 AM IST Updated On
date_range 7 March 2022 5:28 AM ISTചെട്ടികുളങ്ങര കുംഭഭരണി ഇന്ന്
text_fieldsbookmark_border
മാവേലിക്കര: ഓണാട്ടുകരയില്‍ കുഭമാസത്തിലെ ശിവരാത്രി നാളില്‍ ആരംഭിച്ച കുഭഭരണി മഹോത്സവ ആഘോഷങ്ങള്‍ തിങ്കളാഴ്ച കെട്ടുത്സവങ്ങളായി ക്ഷേത്രസന്നിധിയിലെ കളിക്കണ്ടത്തില്‍ അണിനിരക്കും. ഓണാട്ടുകരയില്‍ അണിയിച്ചൊരുക്കുന്ന കെട്ടുകാഴ്ചകള്‍ പ്രശസ്തമാണ്. ശില്‍പസൗന്ദര്യ ആരാധകര്‍ എത്തിച്ചേരുന്ന സംഗമവേദികൂടിയാണ് ഈ തിരുവുത്സവം. ശിവരാത്രി മുതല്‍ കുംഭഭരണിവരെയുള്ള ദിനങ്ങള്‍ നാടും നാട്ടുകാരും ഒരേമനസ്സോടെ അധ്വാനിക്കുന്നതിന്റെ ഫലമാണ് അംബരചുംബികളായ കെട്ടുകാഴ്ചകള്‍. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, പേള, നടക്കാവ് കരക്കാര്‍ കുതിരകളെയും കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂര്‍, ആഞ്ഞലിപ്ര, മേനാമ്പള്ളി കരക്കാര്‍ തേരുകളെയും മറ്റംതെക്ക് കരക്കാര്‍ ഹനുമാനെയും പാഞ്ചാലിയെയും മറ്റം വടക്കു കരക്കാര്‍ ഭീമനെയും അണിയിച്ചൊരുക്കിയിരിക്കുന്നത്. കുഭഭരണി ദിനത്തിൽ വൈകീട്ട് നാല് മുതല്‍ 13കരക്കാരുടെയും കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലെത്തിച്ചേരും. ക്ഷേത്ര തിരുമുന്നിൽ ദേവിയെ ദര്‍ശിച്ച് അനുഗ്രഹം നേടി ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടക്കാവ് എന്നിങ്ങനെ കരകളുടെ ക്രമം അനുസരിച്ച് കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തില്‍ അണിനിരക്കും. പുലര്‍ച്ച മൂന്നിന് ജീവതയില്‍ എഴുന്നള്ളുന്ന ദേവി തെക്കേമുറ്റത്തെ വേലകളിയും കുളത്തില്‍ വേലകളിയും ദര്‍ശിച്ച് കരക്കാര്‍ സമര്‍പ്പിച്ച കെട്ടുകാഴ്ചകള്‍ക്കുമുന്നില്‍ എത്തി കരക്കാരെയും ഭക്തരെയും അനുഗ്രഹിച്ചു മടങ്ങുന്നതോടെ കുംഭഭരണി മഹോത്സവത്തിന് സമാപനം കുറിക്കും. ആചാരവിശുദ്ധിയോടെ കുത്തിയോട്ടങ്ങള്‍ അമ്മക്ക് മുന്നിലെത്തും മാവേലിക്കര: ആചാരവിശുദ്ധിയോടെയും ചിട്ടവട്ടങ്ങളോടെയും കുത്തിയോട്ടങ്ങള്‍ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ എത്തിച്ചേരും. രാവിലെ ആറ് മുതല്‍തന്നെ കുത്തിയോട്ട വീടുകളില്‍നിന്ന് കുത്തിയോട്ട ഘോഷയാത്രകള്‍ ആരംഭിക്കും. ശിവരാത്രി നാള്‍ മുതല്‍ കുത്തിയോട്ടം പരിശീലിപ്പിച്ച കുത്തിയോട്ട വഴിപാട് ബാലകരെ അമ്മക്ക് ബലി നല്‍കുന്നു എന്നതാണ് ഇതിന്റെ സങ്കല്‍പം. ബാലന്മാരെ ഒരുക്കി തലയില്‍ കിന്നരിവച്ച തൊപ്പി, മണിമാല, കൈയില്‍ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച് അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാര്‍ത്തി ഇരുകൈയും ശിരസ്സിനു മുകളില്‍ ചേര്‍ത്തു പിടിച്ച് കൈയില്‍ പഴുക്കപ്പാക്ക് തറച്ച കത്തി പിടിപ്പിച്ചുമാണ് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. താലപ്പൊലി, വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവയും കുത്തിയോട്ട ഘോഷയാത്രക്ക് കൊഴുപ്പേകും. അമ്മക്ക് മുന്നില്‍ സമര്‍പ്പിക്കാനുള്ള പണക്കിഴിയും മറ്റും അടങ്ങുന്ന നെട്ടൂര്‍ പെട്ടിയെന്ന ആമാടപ്പെട്ടി വഴിപാടുകാരനൊ അയാള്‍ നിര്‍ദേശിക്കുന്ന വ്യക്തിയൊ ചുമന്നുകൊണ്ട് ഘോഷയാത്രയുടെ ഭാഗമാകും. ചില സ്ഥലങ്ങളില്‍ കുത്തിയോട്ട വീടുകളിലും കുതിരച്ചുവടുകളിലും പ്രത്യേക സ്ഥലങ്ങളിലും ചൂരല്‍ മുറിയല്‍ കര്‍മം നടക്കും. തുടര്‍ന്ന് കുത്തിയോട്ട പാട്ടുകളും പാടി ക്ഷേത്രത്തില്‍ എത്തിച്ചേരും. ദേവിസന്നിധിയില്‍ നാലുപാദം ചുവട് വെച്ചശേഷം ഇടുപ്പില്‍ കോര്‍ത്തിരിക്കുന്ന നൂല്‍ ദേവിക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ട വഴിപാട് പൂര്‍ത്തിയാകും. ഇത്തവണ കരകളില്‍നിന്നും പുറത്തുനിന്നുമായി എട്ട് കുത്തിയോട്ടമാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story