Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:36 AM IST Updated On
date_range 6 March 2022 5:36 AM ISTയുദ്ധഭൂമിയില്‍നിന്ന് നാട്ടിലെത്തി മാളവിക
text_fieldsbookmark_border
ചാരുംമൂട്: യുദ്ധഭൂമിയായ യുക്രെയ്നിലെ ഖാർകിവിൽനിന്ന് ആറുനാള്‍ നീണ്ട നരകയാതനകള്‍ക്കൊടുവില്‍ നാട്ടിലെത്തിയ സന്തോഷത്തിലാണ് മാളവിക. ചാരുംമൂട് അമൃതബിന്ദുവില്‍ രാജേഷ് കുമാർ-ബിന്ദു ദമ്പതികളുടെ മകളാണ്. ഖാര്‍കിവ് നാഷനല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ മാളവിക ബുധനാഴ്ച രാത്രി പോളണ്ടില്‍ എത്തിയത് അറിഞ്ഞപ്പോഴാണ് കുടുംബാംഗങ്ങളുടെ ആശങ്കയകന്നത്. ഖാർകിവിൽ മാളവികക്കൊപ്പം ഉണ്ടായിരുന്ന ഭർത്താവ് ആദർശ് എം.ഡി പഠനം പൂർത്തിയാക്കി നാട്ടിലുണ്ട്. യുദ്ധം തുടങ്ങിയ ഫെബ്രുവരി 24 മുതല്‍ മാളവിക ഉൾപ്പെടുന്ന വിദ്യാർഥികൾ ഫ്ലാറ്റിന് അടിയിലെ ബങ്കറില്‍ അഭയം തേടുകയായിരുന്നു. ഷെല്ലിങ്ങിന്റെയും ബോംബിങ്ങിന്റെയും ഭൂമി വിറക്കുന്ന വന്‍ശബ്ദം കാരണം പേടിയോടെയായിരുന്നു കഴിഞ്ഞിരുന്നത്. 24ന് രാവിലെ വാങ്ങി വെച്ചിരുന്ന ബിസ്‌കറ്റും വെള്ളവും കുടിച്ചാണ് ഇത്രയും ദിവസം കഴിഞ്ഞതെന്ന് മാളവിക പറഞ്ഞു. അപകടമാണെന്ന് അറിയാമായിരുന്നിട്ടും സ്വയമെടുത്ത തീരുമാനപ്രകാരം ചൊവ്വാഴ്ച രാവിലെ ഇവര്‍ യുദ്ധമുഖത്തൂടെ കാറില്‍ ഖാര്‍കിവ് റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രയായി. റോഡില്‍ നിറയെ പട്ടാളക്കാര്‍ നിലയുറപ്പിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് പ്ലാറ്റ് ഫോമില്‍ നില്‍ക്കുമ്പോള്‍ സമീപത്ത് അത്യുഗ്രന്‍ സ്‌ഫോടനങ്ങളുണ്ടായി. തിക്കിത്തിരക്കി ട്രെയിനില്‍ കയറി പടിഞ്ഞാറന്‍ നഗരമായ ലിവീവില്‍ എത്തി. അവിടെനിന്ന കുറെ കുട്ടികള്‍കൂടി ചേര്‍ന്ന് ബസ് വാടകക്കെടുത്ത് രണ്ടു മണിക്കൂര്‍ യാത്ര ചെയ്ത് അതിര്‍ത്തി കടന്ന് പോളണ്ടിൽ എത്തുകയായിരുന്നു. തുടർന്ന് ഡൽഹിയിലും അവിടെനിന്ന് വെള്ളിയാഴ്ച വൈകീട്ടോടെ നെടുമ്പാശ്ശേരിയിലും എത്തിച്ചേർന്നു. ഫോട്ടോ: കഴിഞ്ഞവർഷം അവധിക്ക് വന്നപ്പോൾ യുക്രെയ്നിൽനിന്ന് കൊണ്ടുവന്ന യാഹുവെന്ന നായ്ക്കുട്ടിക്കൊപ്പം മാളവികയും കുടുംബാംഗങ്ങളും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
