Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:30 AM IST Updated On
date_range 2 March 2022 5:30 AM ISTകനാൽ കവിഞ്ഞൊഴുകി; കടയിലും വീടുകളിലും വെള്ളം കയറി
text_fieldsbookmark_border
ചാരുംമൂട്: കെ.ഐ.പി കനാൽ കവിഞ്ഞൊഴുകി കടയിലും വീടുകളിലും വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം. നൂറനാട്ടെ പലചരക്കുകട മഞ്ഞിപ്പുഴ സ്റ്റോഴ്സ്, സമീപത്തെ ഷൺമുഖവിലാസം, മുരുകാലയം എന്നീ വീടുകളിലേക്കാണ് വെള്ളം ഇരച്ചുകയറിയത്. ചൊവ്വാഴ്ച പുലർച്ച മൂന്നോടെയാണ് വെള്ളം കയറുന്നത് കടയിലെ ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്. ഓടിക്കൂടിയ പ്രദേശവാസികൾ ഏറെ പ്രയാസപ്പെട്ടാണ് പലചരക്കുകടയിൽനിന്ന് ഭക്ഷ്യവസ്തുക്കൾ നീക്കം ചെയ്തത്. ലക്ഷക്കണക്കിനു രൂപയുടെ കാലിത്തീറ്റ, പിണ്ണാക്ക്, അരി, ഉപ്പ്, ഗോതമ്പ് ചാക്കുകളാണ് നശിച്ചത്. മുറികളിലേക്കും അടുക്കളകളിലേക്കും ശുചിമുറികളിലേക്കും വെള്ളം ഇരച്ചുകയറിയതിനെത്തുടർന്ന് വീടുകളിലുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും നശിച്ച നിലയിലാണ്. സ്ഥലത്തെത്തിയ പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബി. വിനോദും ഗ്രാമപഞ്ചായത്ത് അംഗം വേണു കാവേരിയും നാട്ടുകാരും ചേർന്ന് സാധനങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനു സഹായിച്ചു. നൂറനാട് ഷട്ടർ ഭാഗത്തുനിന്ന് പള്ളിക്കൽ ഭാഗത്തേക്ക് പോകുന്ന ഉപകനാൽ രാത്രി ഒരു നിയന്ത്രണവുമില്ലാതെ തുറന്നു വിട്ടതിനെത്തുടർന്നാണ് കനാൽ കവിഞ്ഞെഴുകിയത്. മുതുകാട്ടുകര മണിമംഗത്ത് സജീവിൻെറ ഉടമസ്ഥതയിലുള്ള കട 54 വർഷമായി പ്രവർത്തിക്കുന്ന വ്യാപാരകേന്ദ്രമാണ്. നാലുവർഷത്തിനുള്ളിൽ ആറാം തവണയാണ് കടയിലേക്ക് വെള്ളം കയറുന്നത്. ആദ്യതവണ 10 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. പരാതി നൽകിയെങ്കിലും നാലുവർഷമായിട്ടും നടപടിയില്ല. കനാൽ വെള്ളം കയറി ഇതുവരെ 30 ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി ഉടമ പറയുന്നു. കെ.ഐ.പി അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് സംഭവത്തിന് കാരണമെന്ന് പ്രസിഡന്‍റ് ബി. വിനോദ് കുറ്റപ്പെടുത്തി. ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു. പടം''. പലചരക്കുകടയിലെ ഭക്ഷ്യവസ്തുക്കൾ കനാൽ വെള്ളം കയറി നശിച്ച നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
