Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:28 AM IST Updated On
date_range 24 Feb 2022 5:28 AM ISTപുഞ്ചക്കൊയ്ത്തിന് ചെലവേറും; യന്ത്രങ്ങളുടെ കൂലി കൂട്ടി
text_fieldsbookmark_border
ആലപ്പുഴ: കൊയ്ത്തുയന്ത്രം കിട്ടാതെ ഇക്കുറിയും കുട്ടനാട്ടിൽ കർഷകർ വലയും. കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ യന്ത്രക്ഷാമം പരിഹരിക്കുന്നതിന് നടപടിയുണ്ടാകാത്തതാണ് പ്രശ്നം. യന്ത്രങ്ങളുടെ വാടകകൂട്ടി നിശ്ചയിച്ച് പിരിയുകയായിരുന്നു. കൂലി ഏകീകരണം സംബന്ധിച്ചായിരുന്നു മുഖ്യചർച്ച. സംഭരണവുമായി ബന്ധപ്പെട്ടും ചുമട്ടുകൂലി, വാരുകൂലി എന്നിവയും ചർച്ച ചെയ്തില്ലെന്ന് കർഷകർ പറയുന്നു. കൃഷിയിടം കണക്കാക്കിയാൽ ഏകദേശകണക്കനുസരിച്ച് കുറഞ്ഞത് 600 യന്ത്രങ്ങൾ വേണം. 500 എന്നാണ് കൃഷി വകുപ്പിൻെറ കണക്ക്. 310 എണ്ണമേ എത്തിക്കാൻ കഴിയൂ എന്നാണ് ഏജന്‍റുമാരുടെ നിലപാട്. മാർച്ച് അവസാനത്തോടെയാണ് പുഞ്ചക്കൊയ്ത്ത് തുടങ്ങുക. ഏപ്രിലിൽ കർണാടകയിലും ആന്ധ്രയിലും കൊയ്ത് ആരംഭിക്കുന്ന സാഹചര്യത്തിലാണിത്. അവിടെ നിന്നുള്ളവ വരാതിരിക്കുകയോ പെട്ടെന്ന് കൊണ്ടുപോകേണ്ടി വരുകയോ ചെയ്താൽ കുട്ടനാട്ടിൽ ക്ഷാമമുണ്ടാകും. കനത്തമഴയും കിഴക്കൻ വെള്ളത്തിൻെറ വരവും കാരണം പുഞ്ചവിത വൈകിയിരുന്നു. ഇതോടെ ഏതാണ്ട് ഒരേകാലയളവിലാണ് കുട്ടനാടൻ പാടങ്ങളിൽ പുഞ്ച തുടങ്ങിയത്. ഇക്കാരണത്താൽ കൊയ്ത്തും ഒരേസമയത്ത് തന്നെയാകും. എല്ലാപാടത്തും ഒരേസമയം തന്നെ യന്ത്രങ്ങളും ആവശ്യമായി വരും. കൊയ്ത്തുയന്ത്രങ്ങളുടെ വാടക നിരക്ക് 100 രൂപയാണ് വർധിപ്പിച്ചത്. സാധാരണ പ്രദേശത്ത് മണിക്കൂറിന് 1900 രൂപയും വള്ളത്തിൽ കയറ്റി കൊണ്ടുപോകുന്ന സ്ഥലത്ത് 2000 രൂപയും ഈടാക്കാനാണ് മന്ത്രി പി. പ്രസാദിൻെറ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനം. കഴിഞ്ഞവർഷം മണിക്കൂറിന് 1800, 1900 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്. കഴിഞ്ഞതവണ ഈടാക്കിയ കൂലി തന്നെ ഇക്കുറിയും ഈടാക്കണമെന്ന് ജില്ല ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. കൊയ്യാൻ എടുക്കുന്ന സമയം ഏകീകരിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ നിർദേശിച്ചെങ്കിലും കൃഷിരീതി അനുസരിച്ച് (വീണ നെല്ല്, ചതുപ്പ് പ്രദേശം) സമയദൈർഘ്യം കണക്കാക്കാൻ സാധിക്കില്ലെന്ന് കൊയ്ത്തുയന്ത്ര ഏജന്‍റുമാർ നിലപാടെടുത്തതോടെ ഇതും സാധ്യമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story