Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:28 AM IST Updated On
date_range 24 Feb 2022 5:28 AM ISTതിരശ്ശീല വീഴാത്ത ഓർമകളിൽ നാടക സമിതി
text_fieldsbookmark_border
കായംകുളം: കെ.പി.എ.സിയുടെ നാടകത്തട്ടിലൂടെ കലാകേരളത്തിൻെറ ഉയരത്തിലേക്ക് പിച്ചവെച്ച ലളിതയുടെ നല്ല ഓർമകളുമായി നാടകസങ്കേതം. നടിയാകാനായി 17ാം വയസ്സിൽ കെ.പി.എ.സിയിൽ എത്തിയത് മുതലുള്ള ഓർമകൾ പഴയ മനസ്സുകളിൽ ഇപ്പോഴും മായാതെയുണ്ട്. അഞ്ചര പതിറ്റാണ്ടായി തുടർന്നുവന്ന വൈകാരിക ബന്ധമാണ് അറ്റുപോയിരിക്കുന്നത്. കെ.പി.എ.സി എന്ന നാടക സമിതിയെ പുതിയ തലമുറ അറിയാൻ കാരണക്കാരി ആയതിലും ലളിത ഏറെ അഭിമാനിച്ചിരുന്നു. 'യുദ്ധകാണ്ഡം' നാടകത്തിൽ പാടി അഭിനയിക്കാൻ എത്തിയ മഹേശ്വരിയെ കെ.പി.എ.സി ലളിതയാക്കി പരിവർത്തിപ്പിച്ചത് തോപ്പിൽ ഭാസിയായിരുന്നു. അഭിനയത്തിലും സംഭാഷണത്തിലുമുള്ള 'ലളിത ശൈലിയാണ്' വളർച്ചക്ക് ഘടകമായത്. കെ.പി.എ.സി സുലോചനയുടെ അഭാവത്തിലാണ് പുതിയ നടിക്കുവേണ്ടിയുള്ള അന്വേഷണം ലളിതയിലേക്ക് എത്തിയത്. ആദ്യ നാടകമായ യുദ്ധകാണ്ഡത്തിൽ ഗോവിന്ദൻകുട്ടി, അടൂർ ഭവാനി എന്നിവരോടൊപ്പമാണ് അഭിനയിച്ചത്. വയലാർ രാമവർമ, എം.എസ്. ബാബുരാജ് എന്നിവരും ആദ്യന്തം ഈ നാടകത്തിൻെറ റിഹേഴ്സൽ ക്യാമ്പിൽ സജീവമായിരുന്നു. തുടർന്ന് കൂട്ടുകുടുംബം, തുലാഭാരം, ജീവിതം അവസാനിക്കുന്നില്ല, ഇന്നലെ ഇന്ന് നാളെ, മാനസപുത്രി എന്നീ നാടകങ്ങളിലും പ്രധാന വേഷങ്ങൾ ചെയ്തു. 1972 വരെ കെ.പി.എ.സിയുടെ മുഖ്യ കലാകാരിയായി നിറഞ്ഞുനിന്നു. കൂട്ടുകുടുംബം സിനിമയിൽ അവസരം ലഭിച്ചതോടെയാണ് നാടക അഭിനയത്തിന് തിരശ്ശീലയിട്ടത്. സിനിമയിൽ ഉയരങ്ങൾ താണ്ടുമ്പോഴും നാടകത്തിനോടുള്ള അതിരറ്റ പ്രണയമാണ് ഉള്ളിൽ സൂക്ഷിച്ചിരുന്നത്. അവസരം കിട്ടിയാൽ വീണ്ടും നാടകത്തിൽ അഭിനയിക്കണമെന്ന മോഹം പങ്കുവെച്ചിരുന്നതായി കെ.പി.എ.സി സെക്രട്ടറി എ. ഷാജഹാൻ ഓർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story