Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:29 AM IST Updated On
date_range 22 Feb 2022 5:29 AM ISTസ്കൂൾ മുറ്റം വീണ്ടും ഉണർന്നു; ഇനി മുഴുവൻ സമയം പഠിക്കാം
text_fieldsbookmark_border
-സ്കൂൾ മുറ്റവും ക്ലാസ് മുറിയും പഴയപടിയായി ആലപ്പുഴ: 23 മാസത്തെ കാത്തിരിപ്പിനും ആശങ്കക്കും വിരാമമിട്ട് മുഴുവൻ സമയം പഠിക്കാൻ അവസരമൊരുക്കി സ്കൂളുകൾ വീണ്ടുമുണർന്നു. പ്രീപ്രൈമറി മുതൽ പ്ലസ് ടുവരെയുള്ള കുട്ടിക്കൂട്ടങ്ങൾ തിങ്കളാഴ്ച ഒഴുകിയെത്തിയതോടെ സ്കൂൾ മുറ്റവും ക്ലാസ് മുറിയും പഴയപടിയായി. ലോകമാതൃഭാഷ ദിനത്തിലെ പഠനം വിദ്യാർഥികൾ പ്രതിജ്ഞയെടുത്താണ് ആരംഭിച്ചത്. ചിലയിടങ്ങളിൽ സ്കൂൾ അസംബ്ലി ചേർന്ന് പ്രതിജ്ഞചൊല്ലി. ജില്ലയിൽ മുഴുവൻ വിദ്യാലയങ്ങളിലും കളിചിരിയും ശബ്ദകോലാഹങ്ങളും വീണ്ടും വന്നെത്തിയതിന്‍റെ സന്തോഷം വിദ്യാർഥികളിലും അധ്യാപകരിലും നിറഞ്ഞുനിന്നു. പ്രീപ്രൈമറി തലത്തിലുള്ള ചില സ്കൂളുകളിൽ കുരുന്നുകളുടെ പാട്ടും കലാപരിപാടികളും നടന്നു. നേരത്തേ ബാച്ചുതിരിച്ച് വേർപിരിച്ച കൂട്ടുകാർ ഒരേക്ലാസ് മുറിയിൽ വീണ്ടും ഒന്നിച്ചപ്പോൾ സമൂഹ അകലവും വഴിമാറി. ഉച്ചഭക്ഷണത്തിന് പുറത്തിറക്കിയപ്പോൾ കോവിഡ് മാനദണ്ഡവും കാറ്റിൽപറന്നു. എന്നാൽ, മാസ്ക് എല്ലാവരും ധരിച്ചിരുന്നു. പൂർണതോതിൽ സജ്ജമായ ആദ്യദിനം 90 ശതമാനമായിരുന്നു ഹാജർ നില. പനി, ജലദോഷം അടക്കമുള്ളവരും കോവിഡ് ബാധിച്ച വീടുകളിൽനിന്നുള്ള വിദ്യാർഥികളും സ്കൂളിൽ വരേണ്ടതില്ലെന്ന് പ്രത്യേക നിർദേശം നൽകിയിരുന്നു. മുഴുവൻ പഠനസമയത്തിനുള്ള ടൈംടേബിൾ നേരത്തേ ക്രമീകരിച്ചുനൽകി. ഇതനുസരിച്ചാണ് പുസ്തകവും ബാഗും കുടിവെള്ളവുമെല്ലാം കരുതി സ്കൂളിലെത്തിയത്. നിരത്തുകളും ഏറെനാളുകൾക്കുശേഷം സജീവമായി. വാഹനത്തിരക്ക് ചിലയിടങ്ങളിൽ ഗതാഗതക്കുരുക്കിനും ഇടയാക്കി. രാവിലെയും വൈകീട്ടുമാണ് തിരക്ക് ഏറെ അനുഭവപ്പെട്ടത്. ചിലർ സ്വന്തം സൈക്കിളിലാണ് സ്കൂളിലെത്തിയത്. ഓട്ടോയിൽ കുട്ടികളെ കുത്തിനിറക്കാതെ ഇരുത്തിയായിരുന്നു ഓട്ടം. സ്കൂളിനു സമീപത്തെ കച്ചവടസ്ഥാപനങ്ങളിലും തിരക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story