Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:28 AM IST Updated On
date_range 20 Feb 2022 5:28 AM ISTവലിയഴീക്കൽ തീരത്ത് മീനില്ല; ജീവിതം വഴിമുട്ടി മത്സ്യത്തൊഴിലാളികൾ
text_fieldsbookmark_border
തൃക്കുന്നപ്പുഴ: മത്സ്യലഭ്യതയിൽ ഉണ്ടായ വലിയ ക്ഷാമം തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി. ആറാട്ടുപുഴ വലിയഴീക്കൽ ഫിഷിങ് ഹാർബർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന നൂറിലേറെ വള്ളക്കാരിൽ രണ്ടോ മൂന്നോ വള്ളക്കാർ മാത്രമാണ് ഇപ്പോൾ കടലിൽ പോകുന്നത്. കടലിൽ മത്സ്യബന്ധനത്തിന് പോകുന്നത് ഭാഗ്യപരീക്ഷണമെന്നതാണ് സ്ഥിതി. കടബാധ്യത വർധിക്കുന്നതല്ലാതെ ഒരുപ്രയോജനവും ലഭിക്കാത്തതിനാലാണ് വള്ളം ഇറക്കാത്തതെന്ന് തൊഴിലാളികൾ പറയുന്നു. കുറഞ്ഞ അളവിലെങ്കിലും മത്സ്യം ലഭിച്ചിരുന്നപ്പോൾ ഏറെ വള്ളങ്ങൾ അടുത്തിരുന്നതും വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നതുമായ വലിയഴീക്കൽ ഫിഷിങ് ഹാർബർ ഒരു മാസത്തോളമായി ശൂന്യമാണ്. കടലിൽ പോകുന്ന വള്ളക്കാർക്കാകട്ടെ വളരെ കുറച്ച് മീനാണ് കിട്ടുന്നത്. ഇതാകട്ടെ ചൂട, ചെറിയ കുറിച്ചി തുടങ്ങിയവയും. ഇന്ധനത്തിന് ചെലവാകുന്ന തുകയുടെ പകുതിപോലും ജോലിയിൽനിന്ന് ലഭിക്കുന്നില്ല. കടലിൽ പോയാൽ പ്രയോജനമില്ലാത്ത സ്ഥിതിയായതോടെ തൊഴിലാളികൾ കടബാധ്യതയിലായതായി ധീവരസഭ നേതാക്കൾ പറഞ്ഞു. പണയം വെച്ചും കടം വാങ്ങിയും മറ്റുമാണ് തൊഴിലാളി കുടുംബങ്ങൾ ദിവസങ്ങൾ തള്ളിനീക്കുന്നത്. മത്സ്യലഭ്യതക്കുറവ് നേരത്തേതന്നെ അനുഭവപ്പെട്ടിരുന്നെങ്കിലും ജനുവരി 10 മുതലാണ് സ്ഥിതി കൂടുതൽ രൂക്ഷമായത്. വലിയഴീക്കൽ ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവയും കായംകുളം അഴിമുഖത്തുകൂടി കടലിൽ പോകുകയും ചെയ്തിരുന്ന വള്ളങ്ങളിൽ രണ്ടുകൂട്ടർ മാത്രമാണ് ശനിയാഴ്ച കടലിൽ പോയത്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങളിൽ പല ഭാഗങ്ങളിലും തെർമോക്കോൾ പാളികളിൽ തൊഴിലാളികൾ കടലിൽ മത്സ്യബന്ധനം നടത്തുന്നെങ്കിലും തുച്ഛവരുമാനമാണ് ഇവർക്കും ലഭിക്കുന്നത്. വലിയഴീക്കൽ ഫിഷിങ് ഹാർബറിനോട് ചേർന്ന ഭാഗങ്ങളിൽ ആഴക്കുറവുമൂലം വലിയ മത്സ്യബന്ധന വള്ളങ്ങൾ അടുപ്പിക്കാൻ കഴിയുന്നില്ല. ബോട്ടുകളും അടുപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഡ്രഡ്ജിങ് നടത്തി ആഴം വർധിപ്പിക്കുകയും ഹാർബറിൽ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുകയും വേണമെന്ന് തൊഴിലാളികൾ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story