Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:29 AM IST Updated On
date_range 17 Feb 2022 5:29 AM ISTവനിത സുരക്ഷജീവനക്കാര്‍ക്കെതിരെ പരാതിനൽകിയ പെൺകുട്ടിക്ക് ഭീഷണി
text_fieldsbookmark_border
-ബാലാവകാശ കമീഷനും ശിശുസംരക്ഷണ സമിതിയും നിർദേശിച്ചിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് മാതാപിതാക്കള്‍ അമ്പലപ്പുഴ: വനിത സുരക്ഷ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയതിന്‍റെ പേരില്‍ 14കാരിയെ അമ്പലപ്പുഴ ഗവ. ആശുപത്രിയില്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. രണ്ടാഴ്ചയായി ചികിത്സയില്‍ കഴിയുന്ന 14കാരിക്ക് വാര്‍ഡില്‍നിന്ന് ഒഴിവായിക്കൊടുക്കണമെന്ന നിർദേശമാണ് ജീവനക്കാര്‍ നല്‍കിയത്. ഡിസ്ചാര്‍ജ് ചെയ്യില്ലെന്നും വാര്‍ഡില്‍നിന്ന് സ്വയം പോയതായി അമ്പലപ്പുഴ പൊലീസില്‍ വിവരം നല്‍കിയിട്ടുണ്ടെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. ജീവനക്കാര്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമവും ആശുപത്രി ജീവനക്കാര്‍ ഇടപെട്ട് നടത്തുന്നതായും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ചൊവ്വാഴ്ച അമ്മയെയും 14കാരിയെയും സൂപ്രണ്ട് ഓഫിസില്‍ വിളിച്ചുവരുത്തി. സൂപ്രണ്ടിന്‍റെ അസാന്നിധ്യത്തില്‍ മൂന്നുപേരാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇതിനുശേഷമാണ് പരാതി പിന്‍വലിക്കാന്‍ നിർദേശിച്ചത്. പരാതി പിന്‍വലിക്കില്ലെന്ന് പറഞ്ഞതോടെയാണ് വാര്‍ഡില്‍നിന്ന് സ്വയം മാറിക്കൊടുക്കണമെന്ന് നഴ്സിങ് ജീവനക്കാര്‍ നിർദേശിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് 14കാരിക്ക് കൂട്ടിരിക്കാന്‍ വന്ന ഇളയ സഹോദരിയെ വനിത സുരക്ഷ ജീവനക്കാര്‍ മർദിച്ചത്. കഞ്ഞിയുമായി വാര്‍ഡിലെത്തിയ 13കാരിയോട് മോശമായ വാക്കുകള്‍ ഉപയോഗിച്ച് സംസാരിച്ചതിനോട് പ്രതികരിച്ച പെണ്‍കുട്ടിയെ രണ്ട് വനിത സുരക്ഷ ജീവനക്കാര്‍ മർദിക്കുകയായിരുന്നു. തുടര്‍ന്ന് 13കാരിയും സുരക്ഷ ജീവനക്കാരുമായി പിടിവലിയുണ്ടായി. കുട്ടിയെ മർദിക്കുന്ന ഭാഗം ഒഴിവാക്കി പിടിവലി നടത്തുന്നത് മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മർദിച്ച വിവരം കുട്ടികള്‍ ബാലാവകാശ കമീഷനെ അറിയിച്ചു. കമീഷന്‍ നിർദേശിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി കുട്ടികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനുശേഷമാണ് പെണ്‍കുട്ടികള്‍ മർദിച്ചെന്നാരോപിച്ച് സുരക്ഷ ജീവനക്കാരും ചികിത്സ തേടിയത്. അമ്പലപ്പുഴ പൊലീസില്‍നിന്ന് തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. സുരക്ഷ ജീവനക്കാരുടെ മർദനത്തില്‍ തലക്ക് പരിക്കേറ്റ് ചികിത്സയിലായ കുട്ടിക്കെതിരെ വ്യാജ പരാതി നല്‍കി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മർദിച്ചവര്‍ക്കെതിരെ നിസ്സാര കേസെടുത്ത് വിട്ടയക്കുകയും ചെയ്തു. സി.പി.എം നേതാവിന്‍റെ ഭാര്യയാണ് വനിത സെക്യൂരിറ്റിയെന്ന് പറയപ്പെടുന്നു. വനിത പൊലീസില്ലാതെയാണ് കുട്ടികളുടെ മൊഴിയെടുത്തത്. കൂടാതെ കുട്ടികളുടെ മൊഴിയെടുക്കുമ്പോള്‍ പൊലീസ് യൂനിഫോം ഉപയോഗിക്കരുതെന്നാണ്. അതും പാലിച്ചിട്ടില്ല. കുട്ടികള്‍ പറഞ്ഞ രീതിയിലല്ല മൊഴിയെടുത്തതെന്നും ആരോപണമുണ്ട്. സംഭവത്തിനുശേഷം ആശുപത്രിയില്‍നിന്ന് കൊടിയ മാനസിക പീഡനമാണ് നേരിടുന്നത്. കുട്ടികളെ മോശപ്പെടുത്തുന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ബാലാവകാശ കമീഷനും ശിശുസംരക്ഷണ സമിതിയും നിർദേശിച്ചിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story