Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:29 AM IST Updated On
date_range 15 Feb 2022 5:29 AM ISTഅംഗൻവാടി എന്ന് വരും? കാത്തിരിപ്പുമായി സൗജന്യമായി സ്ഥലം നൽകിയ വയോധിക ദമ്പതികൾ
text_fieldsbookmark_border
പരാതി നൽകിയിട്ടും നടപടിയില്ല ചേര്‍ത്തല: മകന്‍റെ സ്മരണക്കായി വിട്ടുനല്‍കിയ ഭൂമിയിലെ അംഗൻവാടി പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി വയോധിക ദമ്പതികൾ. പഞ്ചായത്ത് സെക്രട്ടറി മുതല്‍ മുഖ്യമന്ത്രിക്കുവരെ പരാതി നല്‍കിയിട്ടും പരിഹാരമകലെയാണ്. കണ്ണടയും മുമ്പ് ഇതൊന്ന് പൂര്‍ത്തിയായി കാണണമെന്നാണ് ഇവരുടെ ആഗ്രഹം. ഇനിയത് സാധിച്ചില്ലെങ്കില്‍ വിട്ടുനല്‍കിയ സ്ഥലം തിരികെ കിട്ടാന്‍ നടപടി സ്വീകരിക്കുമെന്ന് മുരളീധരനും രമണിയും പൊതുപ്രവര്‍ത്തകരായ മധുസൂദനനും ശിവദാസനും വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മാടക്കല്‍ ശ്രീജാലയത്തില്‍ എസ്. മുരളീധരനും ഭാര്യ രമണിയുമാണ് സ്ഥലം വിട്ടുനല്‍കി മാതൃക കാട്ടിയിട്ടും അധികൃതരുടെ അവഗണനക്കിരയാകുന്നത്. ഒമ്പതു വര്‍ഷം മുമ്പ് അകാലത്തില്‍ മരിച്ച മകന്‍ അജോഷിന്‍റെ സ്മരണക്കായാണ് ഇവര്‍ ഭൂമി നല്‍കിയത്. സമീപത്ത് പരിതാപകരമായ സാഹചര്യത്തില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗൻവാടിക്ക് സ്വന്തം കെട്ടിടത്തിനായിട്ടാണ് വീടിനോട് ചേര്‍ന്ന നാലു സെന്‍റ് നല്‍കിയത്. ഇവിടേക്ക് ഇവർ തന്നെ പണം മുടക്കി ആറുസെന്‍റ് ഭൂമിവാങ്ങി റോഡ് സൗകര്യമൊരുക്കി. ഇത്രയുമായിട്ടും അംഗൻവാടി കെട്ടിടം മാത്രം പൂര്‍ത്തിയായില്ല. നിരന്തരമായ പരാതിയിൽ നാലുവര്‍ഷം മുമ്പ് തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി കെട്ടിടനിർമാണം തുടങ്ങിയെങ്കിലും അവസാന ഘട്ടത്തില്‍ വീണ്ടും മുടങ്ങി. ഇപ്പോള്‍ ഇതിന്റെ പൂര്‍ത്തീകരണ കാര്യത്തില്‍ അധികൃതര്‍ക്ക് ഉത്തരമില്ല. വഴിക്കും സ്ഥലത്തിനുമായുള്ള വില കണക്കാക്കിയാല്‍ 20 ലക്ഷത്തോളം മുടക്കിയാണ് 2014 മുതലുള്ള ഇവരുടെ കാത്തിരിപ്പ്. അംഗൻവാടിക്ക് പിന്നാലെ വയോജനങ്ങൾക്കുള്ള കേന്ദ്രവും ഇതിനു സമീപം ഒരുക്കാനുള്ള തയാറെടുപ്പിലാണിവര്‍. അംഗൻവാടി കെട്ടിടത്തിന്‍റെ അവശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31നു മുമ്പ് പൂര്‍ത്തിയാക്കുമെന്നും ഇതിനായി പഞ്ചായത്ത് ഫണ്ട് അനുവദിച്ച് നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്തംഗം ആര്യ എസ്.കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story