Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:39 AM IST Updated On
date_range 11 Feb 2022 5:39 AM ISTകായംകുളത്ത് വികസനത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ പോര് രൂക്ഷം
text_fieldsbookmark_border
കായംകുളം: നഗരസഭയിലെ വികസന വിഷയത്തിൽ ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷമാകുന്നു. പൊതുമരാമത്ത് പ്രവൃത്തികൾ, ആശുപത്രി വികസനം എന്നിവ സംബന്ധിച്ചാണ് പ്രധാനമായും തർക്കം. ഭരണപക്ഷമായ എൽ.ഡി.എഫും പ്രതിപക്ഷമായ യു.ഡി.എഫും അഴിമതി തന്നെയാണ് പ്രധാനമായും ഉയർത്തുന്നത്. യു.ഡി.എഫുകാരുടെ അഴിമതിക്ക് കൂട്ടുനിൽക്കാനാവില്ലെന്നാണ് ചെയർപേഴ്സൻ പി. ശശികല പറയുന്നത്. ഭരണപക്ഷം കോൺഗ്രസ് കൗൺസിലർമാരോട് രാഷ്ട്രീയ പ്രേരിത വിവേചനം കാട്ടുന്നതിനെയാണ് ചോദ്യം ചെയ്യുന്നതെന്ന് യു.ഡി.എഫും പറയുന്നു. കോൺഗ്രസ് കൗൺസിലറുടെ വാർഡിൽ വികസനം തടയുന്നതായി ആരോപിച്ച് യു.ഡി.എഫ് സമരവുമായി രംഗത്തിറങ്ങിയതോടെയാണ് തർക്കം രൂക്ഷമായത്. ആശുപത്രി വളപ്പിലെ മരം ലേലവും ചർച്ചയായതോടെ ഭരണപക്ഷമായ എൽ.ഡി.എഫും രംഗത്തിറങ്ങി. യു.ഡി.എഫ് സമരത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളാണെന്ന് എല്‍.ഡി.എഫ് ആരോപിക്കുന്നു. നഗരസഭയിലെ 44 വാര്‍ഡുകളിലും 17 കോടി ചെലവിൽ നടക്കുന്ന മരാമത്ത് പ്രവൃത്തികളിൽ ഒരു വാർഡിനോടും അവഗണന ഉണ്ടായിട്ടില്ലെന്ന് എൽ.ഡി.എഫ് പറയുന്നു. പല വാര്‍ഡുകളിലെയും പ്രവൃത്തി പൂര്‍ത്തീകരിച്ച് ബില്ല് കൊടുത്ത് തുടങ്ങി. എന്നാൽ, 28ാം വാര്‍ഡില്‍ നഗരസഭ അംഗീകരിച്ച നിലവിലുള്ള പ്രവൃത്തി ചെയ്യുന്നതിന് പകരം സ്വാർഥ താൽപര്യാർഥം മാറ്റിയതാണ് ബില്ലിന് തടസ്സമായത്. താലൂക്കാശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങൾ അട്ടിമറിക്കാനുള്ള നീക്കവും അംഗീകരിക്കില്ല. 45 കോടിയുടെ വികസനത്തിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണ്. ഇതിന്‍റെ ഭാഗമായി പഴയ കെട്ടിടങ്ങള്‍ രണ്ട് ഘട്ടമായി പൊളിച്ചുനീക്കി. നിശ്ചയച്ചതിനേക്കാൾ ഉയർന്ന തുകക്കാണ് കെട്ടിടങ്ങൾ ലേലം പോയത്. മരങ്ങള്‍ കൂടി മുറിച്ചാലെ നിർമാണം തുടങ്ങാനാകു. പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ പി. ഹരിലാല്‍, ചെയര്‍പേഴ്സൻ പി. ശശികല, വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ്, സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. സുല്‍ഫിക്കര്‍, അഡ്വ. ഫര്‍സാന ഹബീബ്, മായാദേവി, റജി മാവനാല്‍, നാദിര്‍ഷ, അഖില്‍ കുമാര്‍, ഗംഗാദേവി, ബിനു അശോകന്‍ എന്നിവര്‍ സംസാരിച്ചു. കോവിഡിന്റെ മറവിൽ ഓൺലൈൻ കൗൺസിലിന്‍റെ ജനാധിപത്യ വിരുദ്ധമായി അജണ്ടകൾ പാസാക്കുന്നത് അഴിമതി നടത്താനാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച മുനിസിപ്പൽ സെക്രട്ടറി പോലും ഒപ്പിടാത്ത വിവാദങ്ങൾ നിറഞ്ഞ അജണ്ടയാണ് പുറത്ത് വിട്ടത്. വാർഡ് കൗൺസിലറുടെ അഭിപ്രായം പോലും മാനിക്കാതെ പട്ടണത്തിലെ കാർ കമ്പനി ഷോറൂമിന് വൻകിട മോട്ടോർ സ്ഥാപിക്കാനുള്ള അനുമതി നൽകിയതിൽ അഴിമതി താൽപര്യമാണുള്ളത്. താലൂക്ക് ആശുപത്രിയിൽ മരങ്ങൾ ഇഷ്ടക്കാർക്ക് തുക കുറച്ച് ലേലം ചെയ്തതിലും അഴിമതിയുണ്ട്. യു. ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ, എ. ജെ. ഷാജഹാൻ, എ.പി. ഷാജഹാൻ, പി.സി. റോയ്, അൻസാരി കോയിക്കലേത്ത്, സുമിത്രൻ, അൻഷാദ് വാഹിദ്, പി. ഗീത, പി. നസീമ ശംസുദ്ധീൻ, ലേഖ സോമരാജൻ, ഷൈനി, അംബിക, മിനി സാമൂവൽ, ഷീജ റഷീദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story