Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:28 AM IST Updated On
date_range 11 Feb 2022 5:28 AM ISTമണ്ണഞ്ചേരിയിൽ കുടിവെള്ളം കിട്ടാക്കനി; പൈപ്പ് വെള്ളം മുടങ്ങിയിട്ട് ആഴ്ചകൾ
text_fieldsbookmark_border
കിട്ടുന്നത് മലിനജലം മണ്ണഞ്ചേരി: വേനൽ കടുക്കുംമുമ്പേ വെള്ളം കിട്ടാക്കനിയായി മണ്ണഞ്ചേരിയും പരിസരപ്രദേശങ്ങളും. കായലോര പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. ആഴ്ചകളായി പൈപ്പുകളിൽ വെള്ളമില്ല. കിട്ടുന്നതാകട്ടെ ചളിയും അഴുക്കും കലർന്ന മലിനജലമാണ്. പ്രദേശത്തെ പരമ്പരാഗത കുടിവെള്ള സ്രോതസ്സുകളായ കുളങ്ങളും കിണറുകളും വറ്റിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. കായലോര വാർഡുകളായ നാല്, അഞ്ച്, ആറ്, ഏഴ് ഭാഗത്തുള്ളവർക്കാണ് ഏറെ ക്ലേശം. പതിയാംതറ, പുത്തൻപറമ്പ്, ഇലഞ്ഞിക്കാത്തറ, എച്ചിക്കുഴി, വിരുശ്ശേരി, ഷണ്മുഖം, അമ്പലക്കടവ്, മാർക്കറ്റ് നിവാസികൾക്ക് വെള്ളം ലഭിക്കാൻ കിലോമീറ്ററുകൾ താണ്ടണം. സ്ത്രീകൾ അടക്കമുള്ളവർ തലച്ചുമടായാണ് കുടിവെള്ളം ശേഖരിക്കുന്നത്. കുടിവെള്ളം ലഭ്യമാക്കാൻ കോടികൾ മുടക്കി നിരവധി പദ്ധതികൾ തുടങ്ങിയെങ്കിലും മണ്ണഞ്ചേരിയിൽ ഒന്നും ഫലം കണ്ടില്ല. ജങ്ഷന് കിഴക്കുള്ള ഏക ആർ.ഒ പ്ലാന്‍റ് പണിമുടക്കിയിട്ട് നാളുകളായി. റോഡ്മുക്ക് ഭാഗത്തെ പമ്പിങ്ങും മിക്കവാറും തകരാറിലാണ്. കായലോര മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ വലിയവീട് ഭാഗത്ത് കൂറ്റൻ ജലസംഭരണി പണിതെങ്കിലും അത് നോക്കുകുത്തിയായി. ഈ ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ചെങ്കിലും പമ്പിങ് നടക്കുന്നില്ല. ജലവിഭവ വകുപ്പിന്‍റെ പൈപ്പിലൂടെ വരുന്ന അശുദ്ധജലമാണ് ഏക ആശ്രയം. ഗത്യന്തരമില്ലാതായതോടെ മിക്കപ്പോഴും ഉപ്പും അഴുക്കും കലർന്ന ഈ വെള്ളമാണ് കുടിക്കാനും പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. ആലപ്പുഴ കുടിവെള്ള പദ്ധതി ദിവസങ്ങളായി പണിമുടക്കിയതോടെ ഈ വെള്ളവും മണ്ണഞ്ചേരിക്കാർക്ക് അന്യമാണ്. പൊന്നാട്, മണ്ണഞ്ചേരി കിഴക്കേ പള്ളി പ്രദേശങ്ങളിൽ സുമനസ്സുകളായ ചില വ്യക്തികൾ സൗജന്യമായി നൽകുന്ന വെള്ളമാണ് ഏക ആശ്വാസം. ശുദ്ധജലക്ഷാമം രൂക്ഷമാകുമ്പോൾ നേരത്തേ വാഹനങ്ങളിലും മറ്റും ഈ പ്രദേശങ്ങളിൽ വെള്ളം എത്തിക്കാറുണ്ടായിരുന്നു. ഏറെ പ്രതീക്ഷയോടെ ജനം കാത്തിരുന്ന ജപ്പാന്‍ കുടിവെള്ളം മുഹമ്മ പഞ്ചായത്തിലെ അയ്യാടുപറമ്പ് ഭാഗത്തുവരെ മാത്രമാണുള്ളത്. ഈ പദ്ധതിയിലും മണ്ണഞ്ചേരിയെ ഉൾപ്പെടുത്തിയിട്ടില്ല. ജപ്പാൻ കുടിവെള്ള പദ്ധതി മണ്ണഞ്ചേരിയിലേക്ക് നീട്ടുകയോ ആലപ്പുഴ കുടിവെള്ള പദ്ധതി കൃത്യമായ രീതിയിൽ പ്രവർത്തിപ്പിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. പടം : 1. ജലവിഭവ വകുപ്പിന്‍റെ പൈപ്പിലൂടെ എത്തുന്ന വെള്ളത്തിലെ മാലിന്യം 2. മണ്ണഞ്ചേരിയിലെ പണിമുടക്കിയ ആർ.ഒ പ്ലാന്‍റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
