Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:28 AM IST Updated On
date_range 10 Feb 2022 5:28 AM ISTനഗരമധ്യത്തിൽ കാടൊരുക്കി അബ്ദുൽ ലത്തീഫ്
text_fieldsbookmark_border
കായംകുളം: ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളും വനവൃക്ഷങ്ങളും ഇടതൂർന്ന് വളരുന്ന പടിപ്പുരക്കൽ വീടിന്‍റെ ഹരിതഭംഗി നഗരമധ്യത്തിലെ വേറിട്ട കാഴ്ചയാകുന്നു. വാണിജ്യ നികുതിവകുപ്പിൽ ഡെപ്യൂട്ടി കമീഷണറായി വിരമിച്ച എം.എസ്.എം സ്കൂളിന് സമീപം പടിപ്പുരക്കൽ ഷഹാന മഹലിൽ അബ്ദുൽ ലത്തീഫിന്‍റെ (66) വീട്ടിലേക്ക് കടന്നാൽ വനത്തിൽ അകപ്പെട്ട അനുഭൂതിയാണ്. പ്രകൃതിയോടും മണ്ണിനോടും ചേർന്നുനിൽക്കാനുള്ള ഇദ്ദേഹത്തിന്‍റെ മോഹമാണ് വീട്ടുവളപ്പിനെ 'വന'മാക്കി മാറ്റിയത്. കായാമ്പൂ, കർപ്പൂരം, കടുക്ക, കമ്പില്ലക, അണലിവേഗം, നാഗലിംഗവൃക്ഷം, അമൃത്, മരവുരി, കമണ്ഡലു, ചെമ്മാരം, രുദ്രാക്ഷം, കാട്ടുകറിവേപ്പ്, കാട്ടുകുരുമുളക്, കാട്ടുചെമ്പകം തുടങ്ങി അപൂർവമായവയടക്കം നൂറോളം ഔഷധസസ്യ ഇനങ്ങളാണ് ഇവിടെ തഴച്ചുവളരുന്നത്. വിദേശ ഫലവൃക്ഷങ്ങളായ കെപ്പൽ, കോളാനെട്ട് തുടങ്ങിയവയും വംശനാശം നേരിടുന്ന കൊരണ്ടിപ്പഴം, ഓടപ്പഴം, പൂച്ചപ്പഴം അടക്കമുള്ളവയും ഇവിടെയുണ്ട്. കൂടാതെ ഇരുൾ, വേങ്ങ്, പൈൻ, ചെറുപുന്ന തുടങ്ങിയവയും തഴച്ചുവളരുന്നു. 2006 മുതലാണ് വീട്ടുവളപ്പിൽ അത്യപൂർവമായ വൃക്ഷത്തൈകൾ നട്ട് തുടങ്ങുന്നത്. പ്രകൃതിയോടുള്ള സ്നേഹഹമാണ് ഇതിന് കാരണമായത്. ജോലിസംബന്ധമായ യാത്രകൾക്കിടയിലാണ് അപൂർവ സസ്യങ്ങളുടെ ശേഖരം സ്വന്തമാക്കിയത്. 2011ൽ ജോലിയിൽനിന്ന് വിരമിച്ചശേഷം അഭിഭാഷകനായി എൻറോൾ ചെയ്തെങ്കിലും മണ്ണിലേക്ക് ഇറങ്ങുന്നതിനാണ് മുന്തിയ പരിഗണന നൽകിയത്. ചാലക്കുടി ഗവ. കോളജിൽനിന്ന് പ്രിൻസിപ്പലായി വിരമിച്ച ഭാര്യ ഐഷാബീവിയുടെ പിന്തുണയും വീട്ടുവളപ്പിനെ പച്ചപ്പണിയിക്കുന്നതിൽ സഹായകമായി. വീട്ടിലെ 50 സെന്‍റ് കൂടാതെ കൃഷ്ണപുരം കാപ്പിൽകിഴക്ക് ഭാഗത്തെ 50 സെന്‍റ് സ്ഥലത്തും വനവൃക്ഷങ്ങളുടെ തോട്ടം ഒരുക്കിയിട്ടുണ്ട്. കാഴ്ചയിൽ നിന്നേ മറഞ്ഞുപോയ ഇലിപ്പമരം ഇവിടുത്തെ പ്രത്യേകതയാണ്. നക്ഷത്ര സസ്യങ്ങളും പൂച്ചെടികളും ഇതിനിടയിൽ തഴച്ചുവളരുന്നു. അപൂർവ ഇനം ശഭലങ്ങളെയും ഇവിടെ കാണാം. അമൃത്, അമ്പഴം, അയ്യമ്പന, അരുണ, അരുത, അശോകം, ആടലോടകം, ഇടമ്പിരി വലമ്പിരി, ഇത്തി, ഇശങ്ക് തുടങ്ങി ഒരോ ഇനങ്ങൾക്കും മികച്ച പരിചരണമാണ് നൽകുന്നത്. പ്രകൃതിയെ സ്നേഹിക്കുന്ന പ്രവർത്തനങ്ങൾക്ക് വനംവകുപ്പിന്റെ പ്രകൃതിമിത്ര പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. മക്കളായ അനീസ്, അസീർ, ഷഹനാസ്, ഷെഹാൻ എന്നിവരുടെ പിന്തുണയും വിശ്രമകാലത്തെ ലത്തീഫിന്‍റെ പ്രകൃതിസ്നേഹ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നു. വാഹിദ് കറ്റാനം ചിത്രം : APLKY1HARITHA വീട്ടുവളപ്പിലെ 'കാട്ടി'ൽ അബ്ദുൽ ലത്തീഫ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
