Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉദ്ഘാടന മാമാങ്കങ്ങളിൽ...

ഉദ്ഘാടന മാമാങ്കങ്ങളിൽ ഒതുങ്ങി രാമഞ്ചേരി ഫിഷ്​മീൽ പ്ലാന്‍റ്

text_fields
bookmark_border
കോടികൾ ചെലവിട്ട​ ഫിഷ്​മീൽ ആൻഡ് ഓയിൽ പ്ലാന്‍റ്​ 11 വർഷമായിട്ടും യാഥാർഥ്യമായില്ല ആറാട്ടുപുഴ: തെരഞ്ഞെടുപ്പ് വേളയിലെ ഉദ്ഘാടന മാമാങ്കങ്ങളിൽ ഒതുങ്ങുകയാണ് രാമഞ്ചേരി ഫിഷ്​മീൽ ആൻഡ് ഓയിൽ പ്ലാന്‍റിന്‍റെ പ്രവർത്തനം. ഒരു പതിറ്റാണ്ടിനിടെ രണ്ട് ഉദ്ഘാടനം നടന്നെങ്കിലും പ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല. പദ്ധതി പ്രവർത്തനം വൈകുന്നത് കോടികൾ പാഴാക്കുകയാണ്​. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 2010-11ലാണ് ഫിഷ് മീൽ പ്ലാന്‍റ്​ സ്ഥാപിക്കാൻ നടപടി ആരംഭിക്കുന്നത്. 1,59,81,750 രൂപയാണ് ആദ്യ ഘട്ടം അനുവദിച്ചത്. 1.35 ഏക്കർ സ്ഥലം മത്സ്യഫെഡ് സ്വന്തമായി വാങ്ങി. 2010 ഡിസംബറില്‍ അന്നത്തെ ഫിഷറീസ് മന്ത്രി എസ്. ശര്‍മയാണ് ശിലയിട്ടത്. പലകാരണങ്ങളാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടു. യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് രമേശ് ചെന്നിത്തലയുടെ പരിശ്രമഫലമായാണ് 6.10 കോടി ചെലവഴിച്ച് നിര്‍മാണം ഏറക്കുറെ പൂര്‍ത്തീകരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തതോടെ മന്ത്രി കെ. ബാബു പ്ലാന്‍റിന്‍റെ ഉദ്ഘാടനം വിപുലമായ ചടങ്ങിൽ നിർവഹിച്ചു. യന്ത്രങ്ങൾ പിന്നെയും ചലിച്ചില്ല. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളായിരുന്നു തടസ്സമായത്. രാമഞ്ചേരിയിൽ ജനവാസമില്ലാത്തിടത്താണ് പ്ലാന്റിന്​ സ്ഥലമെടുത്തത്. അതുകൊണ്ട് തന്നെ മലിനീകരണ നിയന്ത്രണ സംവിധാനം അതനുസരിച്ചായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാൽ, സുനാമി പുനരധിവാസ പദ്ധതിയിൽപെടുത്തി പ്ലാന്‍റിന് സമീപം സുനാമി കോളനികൾ സ്ഥാപിച്ചതോടെ ഈ സംവിധാനം അപര്യാപ്തമാകുകയും നൂതന സാങ്കേതിക വിദ്യയിലുള്ള വായു-ജല മലിനീകരണ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തേണ്ടിയുംവന്നു. 9.68 കോടി ചെലവഴിച്ച് മലിനീകരണ സംസ്കരണ പ്ലാന്റ് സ്ഥാപിച്ച്​ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്‍റെ അവസാന കാലത്ത് 2020 നവംബർ രണ്ടിന്​ പ്ലാന്റിന്‍റെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വീണ്ടും നിർവഹിച്ചു. ഉദ്ഘാടന വേളയിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ച് നാലു ടൺ പച്ച മത്സ്യത്തിൽനിന്ന്​ 700 കിലോ ഫിഷ് മീലും (മീൻ പൊടി) മത്സ്യ എണ്ണയും ഉൽപാദിപ്പിച്ചു. വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം ഉടൻ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. പ്ലാന്‍റ്​ പ്രവർത്തിക്കുമെന്ന പ്രതീക്ഷയുണ്ടായെങ്കിലും അതും അസ്ഥാനത്തായി. ഉദ്ഘാടനം നടന്നതല്ലാതെ ഇതുവരെ പ്രവർത്തിച്ചിട്ടില്ല. പ്ലാന്റ് പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധത്തിന് കോടികൾ ചെലവഴിച്ച് സംസ്കരണ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടും പരിഹാരമാകാത്തതാണ് കാരണം. നാട്ടുകാരുട എതിർപ്പും നിലനിൽക്കുന്നു. പച്ച മത്സ്യം സംസ്‌കരിച്ച് മീന്‍ തീറ്റയും മത്സ്യ എണ്ണയും ഉൽപാദിപ്പിക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കേണ്ടത്​. 80 ടണ്‍ മത്സ്യം ഒരു ദിവസം സംസ്‌കരിക്കാൻ ശേഷി പ്ലാന്റിനുണ്ടത്രേ. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച യന്ത്രങ്ങളാണ് പ്ലാന്‍റിലുള്ളത്. പലതും തുരുമ്പെടുത്ത് തുടങ്ങി. യന്ത്രങ്ങൾ കേടാകാതിരിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും എത്രത്തോളം ഫലപ്രദമാകുമെന്നതിൽ ആശങ്കയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story