Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:29 AM IST Updated On
date_range 3 Feb 2022 5:29 AM ISTതണ്ണീർമുക്കം ബണ്ട് അടച്ചത് നേരത്തേ
text_fieldsbookmark_border
leeeeeaaaaaaaaaaaadddddddd ആറുവർഷത്തിനിടെ വേമ്പനാട്ട് കായലിൽ രണ്ട് കോടിയിലധികം മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് നിക്ഷേപിച്ചിരുന്നു ആലപ്പുഴ: കാലാവസ്ഥ വ്യതിയാനത്തിലും ജലം ക്രമീകരിക്കുന്ന തണ്ണീർമുക്കം ബണ്ട് ഷട്ടർ കൃത്യമായ വിലയിരുത്തലില്ലാതെ അടച്ചതിലും കായൽ മത്സ്യസമ്പത്തിൽ വൻകുറവ് വന്നതായി നിഗമനം. അടിക്കടിയുണ്ടായ വേലിയേറ്റത്തെ തുടർന്ന് ഇത്തവണ പതിവിലും നേരത്തേയാണ് തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ അടച്ചത്. ബണ്ടിന്‍റെ തെക്ക് ഭാഗത്തുനിന്നുള്ള മത്സ്യലഭ്യത ഇപ്പോൾ തീരെക്കുറഞ്ഞു. വൃശ്ചിക വേലിയേറ്റത്തോടെ ബണ്ടിന്‍റെ വടക്ക് ഭാഗത്തുനിന്ന് ഇവിടേക്ക് മത്സ്യങ്ങൾ എത്തുന്നതിന് മുമ്പ് ഷട്ടറുകൾ താഴ്ത്തുകയായിരുന്നു. ഇതാണ് പ്രധാനമായും വേമ്പനാട്ട് കായലിൽനിന്നുള്ള മത്സ്യലഭ്യതയിൽ വൻകുറവുണ്ടാക്കിയത്. ഇതോടെ മുഹമ്മ, തണ്ണീർമുക്കം, മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളിലേതു ഉൾപ്പെടെ കാൽ ലക്ഷം വരുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ വരുമാന മാർഗം അടഞ്ഞു. കായലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാൻ ആറു വർഷത്തിനിടെ വിവിധ ഇനങ്ങളിലെ രണ്ടു കോടിയിലധികം മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് നിക്ഷേപിച്ചിരുന്നു. കരിമീൻ, കൊഞ്ച്, ചെമ്മീൻ, കണമ്പ്, കൊഴുവ, കട്ട്ള, കാളാഞ്ചി, അരിഞ്ഞിൽ തുടങ്ങിയ ഇനം മത്സ്യങ്ങളാണ് നിക്ഷേപിച്ചത്. രണ്ടു മാസം മുമ്പ് അനുഭവപ്പെട്ട ശക്തമായ മഴയിൽ കിഴക്കൻ വെള്ളത്തിന്‍റെ വരവ് വർധിപ്പിച്ചപ്പോൾ കായലിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ഏതാനും ഷട്ടറുകൾ വേലിയിറക്ക സമയത്ത് തുറക്കുകയും വേലിയേറ്റ സമയം അടക്കുകയും ചെയ്തു. കാർഷിക മേഖലയിൽ ഉപ്പുവെള്ള ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ ഇത്തവണ പതിവിലും നേരത്തേ ഷട്ടർ പൂർണമായും അടച്ചിരുന്നു. ഇതോടെ നാരൻ, ചൂടൻ, കാര, തുടങ്ങിയ ചെമ്മീൻ ഇനങ്ങളും ഞണ്ട് വർഗങ്ങളും കണമ്പ്, വറ്റ, പൂമീൻ, തെരണ്ടി തുടങ്ങിയ ഇനം മത്സ്യങ്ങളും ബണ്ടിന് തെക്ക് ഭാഗത്ത് കായലിൽ കിട്ടാതായി. ഉപ്പുവെള്ളം കയറുംമുമ്പ് ഷട്ടറുകൾ അടച്ചത് മത്സ്യം കൂടാതെ കക്കയുടെയും പ്രജനനത്തെ ബാധിച്ചു. ഷട്ടറുകൾ ഡിസംബർ 15ന് താഴ്ത്തുകയും മാർച്ച് 15ന് ഉയർത്തുകയും ചെയ്യുന്ന സമയക്രമമാണ് കാലങ്ങളായി പാലിച്ചുവരുന്നത്. --------- ഷട്ടറിൽ ഉറപ്പുവേണമെന്ന് തൊഴിലാളികൾ മഴ കനത്ത് വെള്ളപ്പൊക്ക ഭീതിയിലായതോടെ ഇത് തെറ്റിച്ച് വേലിയേറ്റത്തിന്‍റെ പേരിൽ തോന്നിയപോലെ ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുന്നെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ മാറ്റം മറികടക്കുന്ന പ്രായോഗിക മാർഗങ്ങൾ ഷട്ടർ ഉയർത്തുന്നതിലും താഴ്ത്തുന്നതിലും ഉണ്ടായേ തീരുവെന്നും തൊഴിലാളികൾ പറയുന്നു. പരീക്ഷണാടിസ്ഥാനത്തിൽ തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ ഒരുവർഷം മുഴുവൻ ഉയർത്തിവെക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു. മുൻ ബജറ്റിൽ ഇക്കാര്യത്തിലെ ഉറപ്പ് പാലിക്കണം. ------ നാടൻ ഇനങ്ങൾ നൂറിൽ താഴെയായി 250ലേറെ ഇനം നാടൻ മത്സ്യങ്ങൾ നേരേത്ത വേമ്പനാട്ട് കായലിലുണ്ടായിരുന്നു. ഇത് നൂറിൽ താഴെയായി ചുരുങ്ങിയത് കാലാവസ്ഥമാറ്റത്തിന്‍റെ പ്രത്യാഘാതങ്ങളാണ്. ഹൗസ് ബോട്ട് മാലിന്യവും ജലവാഹനങ്ങളിൽനിന്നുള്ള ഇന്ധനവും കായലിൽ കലരുന്നുണ്ട്. പാടശേഖരങ്ങളിൽനിന്ന് രാസവളവും കീടനാശിനികളും ഒഴുകി കായലിൽ എത്തുന്നതും മത്സ്യസമ്പത്തിന് ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story