Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറാങ്ക്​...

റാങ്ക്​ ലിസ്റ്റിലുണ്ട്​ ഡോക്ടർമാർ; നിയമനമില്ല

text_fields
bookmark_border
* ഉച്ചക്ക്​ ശേഷമുള്ള ഒ.പി നിർത്തിവെക്കേണ്ട സാഹചര്യം ആലപ്പുഴ: ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം. മിക്കവാറും ആശുപത്രികളിൽ ഒഴിവുണ്ട്​. സ്റ്റാഫ്​ പാറ്റേൺ നടപ്പാക്കിയാൽ ഒഴിവുകൾ പതിന്മടങ്ങാകും. അതിനിടെ ആശുപത്രികളിൽ ഡോക്ടർമാർക്കടക്കം കോവിഡ്​ ബാധിച്ച്​ അവധിയിലും. സംസ്ഥാനത്ത്​ പല ആശുപത്രികളിലും ഡോക്ടർമാരുടെ കുറവ്​ കാരണം ഒ.പിയും രാത്രികാല പരിശോധനകളും നിർത്തുന്ന സാഹചര്യവുമുണ്ട്​. അടിയന്തര നിയമനത്തിന് പി.എസ്‍.സി തയാറാക്കിയ അസിസ്റ്റന്‍റ്​ സർജൻ റാങ്ക് ലിസ്റ്റിൽനിന്ന്​ നിയമനം നടത്തുന്നില്ല. ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ കുറവുള്ളതിനാൽ കോവിഡ് സാഹചര്യം നേരിടാനാണ് 2020 സെപ്റ്റംബറിൽ പി.എസ്​.സി അസി.സർജൻ പരീക്ഷ നടത്തുകയും അഭിമുഖം പോലും ഒഴിവാക്കി 2021 മാർച്ചിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തത്. മെയിൻ ലിസ്റ്റിൽ 1896 പേരും സപ്ല‍ിമെന്ററി ലിസ്റ്റിൽ ആയിരത്തിലധികം പേരും ഉൾപ്പെടുന്നതാണ് അസി.സർജൻ പട്ടിക. ഇതിൽ സംവരണ വിഭാഗങ്ങളിൽ നിന്നുള്ള 38 പേർക്ക്​ മാത്രമാണ് ഇതുവരെ നിയമനം നൽകിയത്. മെയിൻ ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയ വ്യക്തി ഉൾപ്പെടെ നൂറോളം പേർക്ക് അഡ്വൈസ് മെമ്മോ കിട്ടി ഒൻപത്​ മാസമായിട്ടും നിയമനമില്ല. റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോൾ തന്നെ മതിയായ ഡോക്ടർമാരില്ലാതെയാണ്​ കോവിഡിന്റെ രണ്ടാം തരംഗവും ഇപ്പോൾ മൂന്നാം തരംഗവും നേരിട്ടുകൊണ്ടിരിക്കുന്നത്​. അമിതഭാരത്താൽ ആരോഗ്യവകുപ്പ്​ ജീവനക്കാർ ബുദ്ധിമുട്ടുമ്പോഴും ചികിത്സ കിട്ടാത്ത സന്ദർഭങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും നിയമനത്തിന് നടപടിയുണ്ട‍ാകുന്നില്ലെന്ന്​ റാങ്ക് പട്ടികയിലുള്ളവർ ആരോപിക്കുന്നു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 2021 ഫെബ്രുവരി 17 ന് ചേർന്ന മന്ത്രിസഭ യോഗം ആരോഗ്യ വകുപ്പിൽ മാത്രം 2027 തസ്തികകൾ സൃഷ്ടിക്കുന്നതിനും 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതിനും തീരുമാനിച്ചിരുന്നു. ഇതേ നേതൃത്വത്തിൽ പുതിയ സർക്കാർ വന്നിട്ടും ഈ തീരുമാനങ്ങൾ നടപ്പായിട്ടില്ല. സംസ്ഥാനത്തെ ഭൂരിഭാഗം സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെ സേവനം 24 മണിക്കൂർ ലഭിക്കുന്നില്ല. വിവര‍ാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയനുസരിച്ച് ആലപ്പുഴ ജില്ലയിലെ 15 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഏഴിടത്ത് 24 മണിക്കൂർ സേവനമില്ല. രണ്ടിടത്ത് രാത്രി 'ഓൺ കോൾ' ഡ്യൂട്ടി മാത്രമാണുള്ളത്. ആരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചക്ക്​ ശേഷമുള്ള ഒ.പി നിർത്തലാക്കി ആവശ്യമെങ്കിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജീവനക്കാരെ നിയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ്​ നിർദേശിച്ചിരിക്കുകയാണ്​. കഴിഞ്ഞ 21ന് മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലെ നിർദേശപ്രകാരമാണ് ഒ.പി നിർത്തലാക്കൽ നിർദേശം. ആവശ്യത്തിന്​ ഡോക്ടർമാരും മറ്റു ജീവനക്കാരും ഇല്ലാത്തതിനെ തുടർന്നാണ് ഒ.പി സേവനം വെട്ടിക്കുറച്ച് മറ്റു ചുമതലകളിൽ ജീവനക്കാരെ നിയോഗിക്കുന്നത്. ചില ജില്ലകളിൽ ഇത്​ സംബന്ധിച്ച സർക്കുലർ ഡി.എം.ഒമാർ പുറപ്പെടുവിച്ചിട്ടുമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story