Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'ബറക്ക' പ്രക്കാടും...

'ബറക്ക' പ്രക്കാടും പിന്നീട് പുറക്കാടുമായി

text_fields
bookmark_border
പേരിനുമുണ്ടൊരുകഥ -പ്രതിവാര പംക്തി അമ്പലപ്പുഴ: ആദ്യകാലത്ത് കേരളത്തിലുണ്ടായിരുന്ന മൂന്ന് പ്രകൃതിദത്ത തുറമുഖങ്ങളിൽ പ്രഥമ സ്ഥാനമായിരുന്നു 'ബറക്ക', ബറക്കേ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പുറക്കാടിന്​.​ യൂറോപ്യൻ രേഖകളിൽ പുറക്കാടിന്​ 'പെർക്കാ' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽനിന്നാണ്​ 'പുറക്കാട്​' എന്ന പേര് നിലവിൽ വന്നത്​. പ്രാചീനകാലത്ത് ചങ്ങനാശ്ശേരി, തിരുവല്ല, കോട്ടയം താലൂക്കുകളുടെ പടിഞ്ഞാറെ അതിർത്തിയോളം കയറിക്കിടന്നിരുന്ന കടൽ എ.ഡി നാലാം ശതകത്തോടെ പിന്മാറിയാണ് അമ്പലപ്പുഴ, ചേർത്തല താലൂക്കുകൾ ഉണ്ടായതെന്നാണ് അനുമാനം. പുറക്കാട്​ ബുദ്ധമതത്തിന് ഏറെ പ്രചാരമായിരുന്നു. എ.ഡി പത്താം ശതകംവരെ പ്രശസ്​തമായി തന്നെ നിലനിന്നിരുന്നു. കരുമാടിയിൽ സ്ഥാപിച്ച കരുമാടിക്കുട്ടൻ ബുദ്ധപ്രതിമ പുറക്കാട്ടെ തോട്ടപ്പള്ളിക്ക് സമീപത്തുനിന്ന്​ കണ്ടെടുക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. റോമാ സാമ്രാജ്യവുമായി വ്യാപാരബന്ധം ഉണ്ടായിരുന്ന പ്രാചീനതുറമുഖങ്ങളിൽ ഒന്നാണിത്. പുറക്കാട്​ തുറമുഖ പട്ടണത്തിന് പേർഷ്യ, അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര ബന്ധമുണ്ടായിരുന്നു. ഈ പ്രദേശത്തിന്‍റെ സമ്പൽ സമൃദ്ധിയെക്കുറിച്ചും വ്യാപാര അഭിവൃദ്ധിയെക്കുറിച്ചും പ്രമുഖ സഞ്ചാരികളുടെ കൃതികളിൽ പ്രതിപാദിച്ചിട്ടുണ്ട്. സുഗന്ധ ദ്രവ്യങ്ങളുടെ കയറ്റുമതിയിൽ ലോകത്ത് ഒന്നാമതായിരുന്നു പുറക്കാട്. വൈഡൂര്യം, പവിഴം, ചെമ്പ്, തകരം, ഈയം തുടങ്ങിയവ ഇവിടെ ഇറക്കുമതി ചെയ്തിരുന്നു. വാസ്​കോഡഗാമയുടെ രണ്ടാമത്തെ പര്യടനവേളയിൽ പോർച്ചുഗീസുകാർ ആലപ്പുഴയുമായി ബന്ധം സ്ഥാപിച്ചത്​ പുറക്കാട്​ വഴിയാണ്. പിന്നീട് ഡച്ചുകാരും ഇംഗ്ലീഷുകാരും വ്യാപാരകേന്ദ്രങ്ങൾ ഇവിടെ സ്ഥാപിച്ചു. 1642ൽ ഡച്ചുകാർ ഇഞ്ചിയും കുരുമുളകും കയറ്റുമതി സംബന്ധിച്ച് പുറക്കാട് രാജാവുമായി ഉടമ്പടിയിലായി. അങ്ങനെയാണ്​ പുറക്കാട് ഒരു പാണ്ടികശാല സ്ഥാപിച്ചത്​. ഇരുമ്പ്, തകരം, കറുപ്പ്, ചന്ദനത്തടി തുടങ്ങിയവക്ക് പകരമായി ഇവിടെനിന്ന്​ കുരുമുളക് കയറ്റി നൽകണമെന്നതായിരുന്നു വ്യവസ്ഥ. 17 ാം ശതകത്തിന്‍റെ രണ്ടാം പകുതിയിൽ ബ്രിട്ടീഷുകാരും പുറക്കാട് വ്യാപാരകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഡച്ചുകാരും രാജാവുമായുള്ള വ്യാപാരസന്ധി മൂലം പുറക്കാട്ടെ ബ്രിട്ടീഷ് വ്യാപാരത്തിന് മാന്ദ്യം സംഭവിച്ചു. 1665-ൽ ഡച്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ യുദ്ധമുണ്ടായതോടെ വാണിജ്യകേന്ദ്രം ഡച്ചുകാർ പിടിച്ചെടുത്തു. 1862ൽ രാജാകേശവദാസൻ ആലപ്പുഴ തുറമുഖം സ്ഥാപിച്ചതോടെ പുറക്കാട്​ തുറമുഖത്തിന്‍റെ പ്രാധാന്യം കുറഞ്ഞു. ആലപ്പുഴ അഭിവൃദ്ധി പ്രാപിച്ചതോടെയാണ്​ പുറക്കാട്​ വ്യാപാരം നിലച്ചത്​. കടലാക്രമണത്തിലും മറ്റും തുറമുഖവും കാലക്രമേണ നശിച്ചു. അജിത്ത് അമ്പലപ്പുഴ APL purakad thuramugham പുറക്കാട്​ തുറമുഖം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story