Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 5:29 AM IST Updated On
date_range 25 Jan 2022 5:29 AM ISTകൂട്ടുംവാതുക്കൽ പാലം: തീരവാസികളുടെ സ്വപ്നം യാഥാർഥ്യത്തിലേക്ക്
text_fieldsbookmark_border
-ദേവികുളങ്ങര, കണ്ടല്ലൂർ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ ഗതാഗത പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കായംകുളം: തീരവാസികളുടെ ഗതാഗത വികസനങ്ങളുടെ ചിരകാല സ്വപ്നമായ കൂട്ടുംവാതുക്കൽ പാലം സാക്ഷാത്കാരത്തിലേക്ക്. അപ്രോച്ച് റോഡിന്റെ ടാറിങ്ങും പൂർത്തിയായ പാലത്തിൽ പെയിൻറിങ് പുരോഗമിക്കുകയാണ്. വൈദ്യുതി വിളക്കുകൾ മാത്രമാണ് ഇനി സ്ഥാപിക്കാനുള്ളത്. 40 കോടി രൂപ ചെലവിൽ കായംകുളം കായലിൽ 356 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്. വാഹനങ്ങൾക്ക് ഏഴരമീറ്റർ വീതിയും ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. പാലത്തിന് ആകർഷണീയത നൽകുന്ന തരത്തിൽ മധ്യഭാഗത്ത് അഞ്ച് ആർച്ചും സ്ഥാപിച്ചിട്ടുണ്ട്. 2020 ജൂണിലാണ് നിർമാണം തുടങ്ങിയത്. ജില്ലയുടെ തെക്കേ അതിർത്തിയിലെ കടത്തുകടവിൽ പാലം യാഥാർഥ്യമാകുന്നതോടെ ദേവികുളങ്ങര, കണ്ടല്ലൂർ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ ഗതാഗത പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുകയാണ്. തീരദേശ മേഖലയുടെ ഗതാഗത വികസനം വിനോദസഞ്ചാര മേഖലക്കും ഉണർവ് നൽകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലാണ് കായംകുളം കായലിന് കുറുകെ പാലം നിർമിച്ചത്. കായൽ സഞ്ചാരമാർഗമായ ജനങ്ങളുടെ, റോഡ് ഗതാഗത ആവശ്യത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1967ലെ ഇ.എം.എസ് സര്‍ക്കാറിന്‍റെ കാലത്ത് കൂട്ടുംവാതുക്കൽ പാലത്തിനുള്ള നിർദേശം തത്ത്വത്തിൽ അംഗീകരിച്ചിരുന്നു. അനുമതിയായെങ്കിലും സാങ്കേതിക കാരണങ്ങളാൽ പദ്ധതി തടസ്സപ്പെട്ടു. പിന്നീട് നടപടിയുണ്ടായില്ല. ഒടുവിൽ കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് 50 കോടി രൂപ അനുവദിച്ചു. ഇതിൽ 10 കോടി സ്ഥലം ഏറ്റെടുക്കാനാണ് വകയിരുത്തിയത്. 2019 നവംബര്‍ 10 നായിരുന്നു ശിലാസ്ഥാപനം. രണ്ട് വർഷം പിന്നിടുമ്പോഴേക്കും നിർമാണം പൂർത്തിയാക്കാനായത് തീരമേഖലയിൽ വികസന കുതിപ്പിന് കാരണമാകുമെന്നാണ് പ്രതീക്ഷ. വകുപ്പ് മന്ത്രിയുടെ സൗകര്യാർഥം ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം ഉണ്ടായേക്കും. നിർമാണ പുരോഗതി വിലയിരുത്താൻ യു. പ്രതിഭ എം.എൽ.എ കഴിഞ്ഞ ദിവസം പാലം സന്ദർശിച്ചിരുന്നു. APLKY2BRIDJ കൂട്ടുംവാതുക്കൽ പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ യു. പ്രതിഭ എം.എൽ.എ എത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
