Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:33 AM IST Updated On
date_range 24 Jan 2022 5:33 AM ISTകെ.ഐ.പി കനാലിൽ വ്യാപക ചോർച്ച; വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറുന്നു
text_fieldsbookmark_border
ചാരുംമൂട്: രൂക്ഷമായ വേനലിൽ ആശ്വാസമായി തുറന്നുവിട്ട കെ.ഐ.പി കനാലിൽ ചോർച്ചയുണ്ടായി വീടുകളിലും പുരയിടങ്ങളിലും വെള്ളംകയറുന്നത് ദുരിതമാകുന്നു. കർഷകരുടെയടക്കം നിരന്തര ആവശ്യപ്രകാരമാണ് കല്ലട ജലസേചന പദ്ധതിയുടെ വലതുകര കനാൽ തുറന്നത്. എന്നാൽ, വെള്ളം ഒഴുകിയെത്തുന്നതിനിടയിൽ വ്യാപകമായി ചോർച്ചയുണ്ടാകുന്നതിനാൽ നാട്ടുകാർ ആശങ്കയിലാണ്. ആദിക്കാട്ടുകുളങ്ങരയിലെ നീർപ്പാലം പലസ്ഥലത്തും ചോരുന്നതിനാൽ അടിഭാഗം വെള്ളക്കെട്ടായി മാറി. കരിമാൻകാവ്, മാമ്മൂട്, എരുമക്കുഴി, കാവുമ്പാട്, ഉളവുക്കാട്, മുതുകാട്ടുകര, തത്തംമുന്ന, ഇടക്കുന്നം, പുതുപ്പള്ളിക്കുന്നം, പണയിൽ, പള്ളിക്കൽ, പയ്യനല്ലൂർ, താമരക്കുളം, ചുനക്കര ഭാഗങ്ങളിലേക്ക് കടന്നുപോകുന്ന ഉപകനാലുകൾ പലയിടങ്ങളിലും വ്യാപകമായി ചോരുന്നു. കഴിഞ്ഞ ദിവസം ചുനക്കരയിൽ മാത്രം ഇരുപതോളം വീടുകളാണ് കനാൽ ചോർച്ചയിൽ വെള്ളത്തിലായത്. സമീപകാലത്ത് നിർമാണം പൂർത്തിയാക്കിയ ഗ്രാമീണ റോഡുകളിൽ പലതും കനാൽവെള്ളത്തിന്‍റെ ഒഴുക്കിൽ തകർന്നനിലയിലാണ്. പാലമേൽ ഉളവുക്കാട് കണ്ണക്കര ജങ്ഷനിൽനിന്ന് ഉപകനാൽ ചോർന്ന് റോഡുവഴി നമ്പ്യാത്ത് റോഡിലേക്കും മാമ്മൂട് കവിത വായനശാലക്ക് വടക്കുഭാഗത്തെ കുഴിയത്ത് റോഡിലും വെള്ളം ഒഴുകുന്നു. ഈ ഭാഗങ്ങളിൽ പുരയിടങ്ങളിലും കൃഷി സ്ഥലങ്ങളിലും വെള്ളം കയറി. ഉപകനാലുകളിലുടെ എത്തുന്ന വെള്ളവും പലയിടങ്ങളിലും കവിഞ്ഞൊഴുകുന്നുണ്ട്. കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടതുമൂലം വൻതോതിൽ മാലിന്യങ്ങളും ഒഴുകിയെത്തുന്നുണ്ട്. വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായിട്ടുള്ള വൃത്തിയാക്കലിനോ തകർന്നുപോയ ഉപകനാലിന്‍റെ ഭാഗങ്ങൾ പൂർവ സ്ഥിതിയിലാക്കുന്നതിനോ അധികൃതർ തയാറാകാതിരുന്നതാണ് ചോർന്നൊലിക്കാൻ കാരണം. കെ.ഐ.പി സബ് സെക്ഷൻ ഓഫിസ് ചാരുംമൂട്ടിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ജീവനക്കാരില്ലാത്തതുകാരണം ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
