Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:29 AM IST Updated On
date_range 21 Jan 2022 5:29 AM ISTകുടിവെള്ളക്ഷാമം രൂക്ഷം; ജലഅതോറിറ്റി അനാസ്ഥക്കെതിരെ വ്യാപകപ്രതിഷേധം
text_fieldsbookmark_border
വണ്ടികളിൽ വെള്ളമെത്തിക്കാൻ പഞ്ചായത്തുകൾ ചെലവഴിക്കുന്നത് ലക്ഷങ്ങൾ തൃക്കുന്നപ്പുഴ: കുടിവെള്ള ക്ഷാമം സമയബന്ധിതമായി പരിഹരിക്കുന്നതിൽ ജല അതോറിറ്റി കാട്ടുന്ന അനാസ്ഥയിൽ വ്യാപക പ്രതിഷേധം. പ്രശ്നത്തിന് താൽക്കാലിക പരിഹാരം കാണാൻ പഞ്ചായത്തുകൾ ചെലവഴിക്കേണ്ടി വരുന്നത് ലക്ഷങ്ങളാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കണ്ടല്ലൂർ, ദേവികുളങ്ങര പഞ്ചായത്തുകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. കുളങ്ങളിലും കിണറുകളിലും ഓരുള്ളതായതിനാൽ പൈപ്പ് ജലം മാത്രമാണ് ഏക ആശ്രയം. കണ്ടല്ലൂരിന്റെ 8,9,10,11,12 വാർഡുകളും ആറാട്ടുപുഴ അഞ്ചും ദേവികുളങ്ങരയുടെ പന്ത്രണ്ടാം വാർഡും ഉൾപ്പെടുന്ന പ്രദേശമാണിവിടം. ഏകദേശം പന്ത്രണ്ടായിരത്തോളം താമസക്കാരുണ്ട്. 8,9 വാർഡുകളിൽ ഭാഗികമായും മറ്റിടങ്ങളിൽ പൂർണമായും ശുദ്ധജലം കിട്ടാത്ത അവസ്ഥയാണ്. കന്നുകാലികളെ സംരക്ഷിക്കാൻ കഴിയാതെ ക്ഷീരകർഷകരും പ്രയാസപ്പെടുന്നു. പഞ്ചായത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ എത്തിക്കുന്ന വെള്ളമാണ് ആകെയുള്ള ആശ്വാസം. ഇതാവട്ടെ ഒന്നിനും തികയില്ല. പലരും വിലക്കുവാങ്ങുകയാണ്. കുടിവെള്ളം നിലച്ചാൽ വണ്ടികളിൽവെള്ളം എത്തിക്കേണ്ട നിർബന്ധിതാവസ്ഥ പഞ്ചായത്തുകൾക്കുണ്ട്. ഈ ഇനത്തിൽ വലിയ സാമ്പത്തിക ബാധ്യതയാണ് പഞ്ചായത്തുകൾ പേറേണ്ടി വരുന്നത്. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ മൂന്ന് നാല്, അഞ്ച് വാർഡുകളിൽ മിക്കയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കുഴൽ കിണറിൽനിന്നും നേരിട്ട് വെള്ളം പമ്പ് ചെയ്യുന്ന രീതിയാണ് പഞ്ചായത്തുകളിൽ പൊതുവേ ഉള്ളത്. പമ്പ് കേടായാൽ ഉടൻ വെള്ളം നിലക്കുന്ന അവസ്ഥയാണുള്ളത്. സാധ്യമാകുന്ന ഇടങ്ങളിൽ പുതിയ കുഴൽക്കിണർ സ്ഥാപിക്കുകയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. തൃക്കുന്നപ്പുഴ പഞ്ചായത്ത് നാലാം വാർഡിൽ പുതിയ കുഴൽക്കിണർ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുകയും പഞ്ചായത്ത് ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. കുമാര കോടിയിലും പുതിയ കുഴൽ കിണറിന്‍റെ നിർമാണം ഉടൻ ആരംഭിക്കാൻ പദ്ധതിയുണ്ട്. എത്രയും വേഗം കുഴൽക്കിണറുകൾ പ്രവർത്തനസജ്ജമാക്കി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story