Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:28 AM IST Updated On
date_range 21 Jan 2022 5:28 AM ISTസി.പി.എം: ജില്ലയിൽ പ്രതിനിധി സമ്മേളനം മാത്രം
text_fieldsbookmark_border
പൊതുസമ്മേളനം, കലാപരിപാടികൾ എന്നിവയടക്കം ഒഴിവാക്കും ആലപ്പുഴ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ല സമ്മേളനം പ്രതിനിധി സമ്മേളനം മാത്രമാക്കി ചുരുക്കാൻ സി.പി.എം തീരുമാനം. രാഷ്ട്രീയ തിരുവാതിരയടക്കം കൂട്ടംചേരലുകൾക്ക് ഇടംനൽകുന്നതൊക്കെ ഒഴിവാക്കാനാണ് തിരുവനന്തപുരം അടക്കം ജില്ല സമ്മേളനങ്ങളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ജില്ല കമ്മിറ്റി-സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ സി.പി.ഐ അടക്കം പാർട്ടികൾ പരിപാടികളൊക്കെ മാറ്റിയതും കണക്കിലെടുത്തിട്ടുണ്ട്. വളന്‍റിയർ മാർച്ച്, പതാക, കൊടിമര ജാഥ, പൊതുസമ്മേളനം, സെമിനാറുകൾ, കലാപരിപാടികൾ എന്നിവയൊക്കെ ഒഴിവാക്കും. 28, 29, 30 തീയതികളിൽ കണിച്ചുകുളങ്ങരയിലാണ് ജില്ല സമ്മേളനം. ബുധനാഴ്ച ചേർന്ന ജില്ല കമ്മിറ്റി-സെക്രട്ടേറിയറ്റ് യോഗങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിന് അംഗീകാരം നൽകി. ജില്ലയിലെ പല കമ്മിറ്റിയിലും പ്രാദേശികമായി വിഭാഗീയത നിലനിൽക്കുന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് വിവരം. ആലപ്പുഴ മുതൽ തെക്കോട്ടുള്ള പല ഏരിയ സമ്മേളനങ്ങളിലും കമ്മിറ്റി തെരഞ്ഞെടുപ്പ് മത്സരത്തിലേക്ക് നീങ്ങിയത് വിഭാഗീയ പ്രവർത്തനത്തിന്‍റെ ഫലമാണ്. കുട്ടനാട്ടിലടക്കം കേന്ദ്രമാനദണ്ഡങ്ങളുടെ പരസ്യലംഘനം ഉണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സഹകരണ സംഘങ്ങളിലെ പാർട്ടി അംഗങ്ങളായ ജീവനക്കാർക്ക് കടുത്ത നിയന്ത്രണം വേണമെന്നതടക്കം നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. പ്രതിനിധി സമ്മേളനം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകുമെന്ന് ജില്ല സെക്രട്ടറി ആർ. നാസർ വാർത്തക്കുറിപ്പിൽ അറിയിച്ചു. റവന്യൂ വകുപ്പിലെ സ്ഥലംമാറ്റം: സി.പി.ഐ യൂനിയനെതിരെ എൻ.ജി.ഒ യൂനിയൻ ആലപ്പുഴ: സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പിൽ മാനദണ്ഡ വിരുദ്ധമായി സ്ഥലംമാറ്റം നടത്തുന്നെന്ന് ആരോപിച്ച് എൻ.ജി.ഒ യൂനിയൻ രംഗത്ത്. സി.പി.ഐയുടെ സർവിസ് സംഘടനയായ ജോയന്‍റ് കൗൺസിൽ ഇടപെട്ട് നടത്തുന്ന സ്ഥലംമാറ്റങ്ങൾ സി.പി.എം അനുകൂല സംഘടനയായ എൻ.ജി.ഒ യൂനിയന്‍റെ പ്രവർത്തകരെ ഉപദ്രവിക്കുന്ന തരത്തിലാകുന്നെന്നാണ് കുറ്റപ്പെടുത്തൽ. എന്നാൽ, ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ജോയന്റ് കൗൺസിൽ. സ്ഥലംമാറ്റം ഉണ്ടായിട്ടും ചട്ടവിരുദ്ധമായി കലക്ടറേറ്റിൽ വർഷങ്ങളായി തുടരുന്നവരാണ് ഇത്തരം സമരങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നാണ് ജോയന്റ് കൗൺസിൽ പറയുന്നത്. സ്ഥാനക്കയറ്റം വേണ്ടെന്നു എഴുതിനൽകി കലക്ടറേറ്റിൽ തുടരുന്ന എൻ.ജി.ഒ യൂനിയൻ നേതാവ് മുൻകാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം ആവശ്യപ്പെട്ടതായും ജോയന്‍റ് കൗൺസിൽ ആരോപിക്കുന്നു. എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനധികൃത സ്ഥലംമാറ്റത്തിനെതിരെ കഴിഞ്ഞദിവസം കലക്ട്രേറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.എസ്. ശ്രീകുമാർ, സെക്രട്ടറി പി.സി. ശ്രീകുമാർ, സംസ്ഥാന സമിതിയംഗം എൽ. മായ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story