Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right​പൊതുടാപ്പുകളിൽ...

​പൊതുടാപ്പുകളിൽ മിക്കവയിലുമില്ല വെള്ളം; വാട്ടർ അതോറിറ്റിക്ക്​ ടാപ്പെണ്ണം കണക്കാക്കി കാശ്

text_fields
bookmark_border
*തദ്ദേശസ്ഥാപനങ്ങളുടെ കുടിശ്ശിക കോടികൾ ആലപ്പുഴ: ജല അതോറിറ്റി തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്​ സർവിസ്​ ചാർജ്​ ഈടാക്കുന്നത് മു​മ്പെങ്ങോ സ്ഥാപിച്ച ടാപ്പുകളുടെ എണ്ണം കണക്കാക്കി​. അവയിൽ പലതിലും വെള്ളമുണ്ടോ എന്ന പരിശോധനയില്ല. പല തദ്ദേശസ്ഥാപനങ്ങളും പരിശോധിക്കാൻ മെനക്കെടുന്നില്ല. കിട്ടാത്ത വെള്ളത്തിനു മാത്രമല്ല, അറ്റകുറ്റപ്പണികൾക്കും അതോറിറ്റിക്ക്​ പഞ്ചായത്ത്​-മുനിസിപ്പൽ-കോർപറേഷനുകൾ പണം നൽകണം. പകുതിപോലും പൊതുടാപ്പുകൾ പ്രവർത്തനക്ഷമമല്ലെന്നതാണ്​ ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലെയും സ്ഥിതി. വെള്ളം കിട്ടാത്ത പൊതുടാപ്പുകളുടെ കണക്കെടുത്ത് തുക കുറക്കണമെന്ന് പഞ്ചായത്തുകളും നഗരസഭകളും ആവശ്യപ്പെടാറുണ്ടെങ്കിലും ഫലമില്ല. മിക്കവാറും തദ്ദേശസ്ഥാപനങ്ങളുടെ ജല ബിൽ കുടിശ്ശികയാണെന്നത്​ മറ്റൊരു കാര്യം. കോടികളാണ്​ കുടിശ്ശിക​. 5512 രൂപ വീതമാണ്​ ടാപ്പ്​ ഒന്നിന്​ അടക്കേണ്ടത്​. എന്നാൽ, വെള്ളം കിട്ടാത്ത പൈപ്പുകൾ ഒഴിവാക്കിവേണം ബിൽ നൽകാനെങ്കിലും ഇത്​ പരിഗണിക്കാറില്ല. പഞ്ചായത്തുകൾ കർശനനിലപാട്​ സ്വീകരിക്കാറുമില്ല. ജില്ലയിലെ മറ്റ്​ പഞ്ചായത്തുകൾ ബില്ല്​ വാങ്ങി ഫയലിൽ വെച്ചപ്പോൾ തലവടി പഞ്ചായത്ത്​ പ്രവർത്തനക്ഷമമായവക്ക്​ മാത്രം പണമെന്ന നിലപാടെടുത്ത്​ വിജയിച്ചു. അവിടെ 359 പൊതുടാപ്പുണ്ട്, 300 എണ്ണത്തിലും വെള്ളം എത്തുന്നില്ലെന്ന് അധികൃതർ കണ്ടെത്തി. വാട്ടർ അതോറിറ്റിയുമായി ചേർന്ന് പഞ്ചായത്ത് പരിശോധന നടത്തി പല ടാപ്പിലും വെള്ളം എത്തുന്നില്ലെന്ന് ഉറപ്പുവരുത്തി. നിലവിലില്ലാത്തതും വെള്ളം കിട്ടാത്തതുമായ ടാപ്പുകളുടെ എണ്ണം നൽകിയാൽ പിന്നീട് അവക്ക്​ പണം നൽകേണ്ടെന്ന്​ അതോറിറ്റി അധികൃതർ തലവടി പഞ്ചായത്ത്​ സെക്രട്ടറിയെ അറിയിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഓഫിസിനോടുചേർന്ന കമ്യൂണിറ്റി ഹാളിൽ നാലുവർഷമായി വെള്ളം കിട്ടിയിട്ടില്ല. അരലക്ഷം രൂപയുടെ ബില്ലാണ്​ നൽകിയത്​. പഞ്ചായത്ത് തുക ഒടുക്കിയിട്ടില്ല. 500 പൊതുടാപ്പുകളിൽ പകുതിയിൽപോലും വെള്ളമില്ല. ആലപ്പുഴ നഗരസഭ കോടികളാണ് ജല അതോറിറ്റിക്ക്​ നൽകാനുള്ളത്. ഇല്ലാത്ത പൊതുടാപ്പുകൾക്ക് പണം ഈടാക്കുന്നതാണ് കാരണമെന്ന് നഗരസഭ പറയുന്നു. സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. 1700 പൊതുടാപ്പുകളുണ്ടെന്നാണ് കണക്ക്. പലതും പ്രവർത്തിക്കുന്നില്ല. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന് നവംബറിൽ ജല അതോറിറ്റിയിൽനിന്ന്​ വന്ന ബിൽ 18,64,80,441 രൂപയുടേതാണ്. 800 പൊതുടാപ്പുകൾ ഉള്ളതിൽ പകുതിയും പ്രവർത്തനക്ഷമമല്ല. പതിറ്റാണ്ടുകളായി ജല അതോറിറ്റിയുടെ ശുദ്ധജലം ലഭിക്കാത്ത കുട്ടനാട്​ മേഖലയിലെ കാവാലം, നീലംപേരൂർ, പുളിങ്കുന്ന് പഞ്ചായത്തുകളിൽ കുടിശ്ശികയുള്ളത് ലക്ഷങ്ങളുടെ ബില്ലാണ്. നീലംപേരൂർ -17 ലക്ഷം, പുളിങ്കുന്ന് -36 ലക്ഷം. തിരുവല്ലയിൽ നടന്ന അദാലത്തിൽ പഞ്ചായത്ത് അധികൃതർ വിഷയം അവതരിപ്പിച്ചെങ്കിലും മുടക്കംകൂടാതെ ബിൽ കിട്ടുന്നതല്ലാതെ ഒന്നിലുമില്ല നടപടി. കൈനകരി, ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളിൽ ശുദ്ധജലം ലഭിക്കുന്നുണ്ടെങ്കിലും ബില്ലിൽ കാണിച്ചിരിക്കുന്ന അത്രയും പൊതുടാപ്പുകളില്ലെന്ന്​ അധികൃതർ പറയുന്നു. ചമ്പക്കുളം പഞ്ചായത്തിൽ മാസം 86,000-88,000 രൂപയുടെ ബില്ലാണ്​ ലഭിക്കുന്നത്​. ചെങ്ങന്നൂർ നഗരസഭയിൽ വെള്ളം കിട്ടാത്ത പൊതുടാപ്പുകളുടെ എണ്ണമെടുക്കാൻ പരിശോധന ആവശ്യപ്പെട്ട് ഒട്ടേറെത്തവണ കത്ത്​ നൽകിയെങ്കിലും നടപടിയില്ലെന്ന് നഗരസഭ അധികൃതർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വർഷം 36 ലക്ഷം രൂപ ജല അതോറിറ്റിക്ക്​ നൽകുന്നു. 300 പൊതുടാപ്പുകളിൽ മിക്കതിലും വെള്ളമില്ല. മാരാരിക്കുളം തെക്ക് പഞ്ചായത്ത് എല്ലാ വർഷവും 70 ലക്ഷത്തോളം രൂപയാണ് അടക്കുന്നത്. എന്നാൽ, മിക്കവാറും ടാപ്പുകളിൽ വെള്ളം എത്തുന്നില്ലെന്ന് പ്രസിഡന്‍റ്​ പി.പി. സംഗീത പറഞ്ഞു. ആര്യാട് മാസം 1,63,000 രൂപ വെള്ളക്കരം അടക്കുന്നു. പക്ഷേ, 15 പൊതുടാപ്പുകളിലേ വെള്ളമുള്ളൂ. ബില്ലിൽ 351 ടാപ്പുകളു‌ടെ കണക്കുണ്ട്. കൃഷ്ണപുരം പൊതുടാപ്പുകൾ പലതിലും വെള്ളമില്ല, പക്ഷേ 1.5 ലക്ഷം രൂപ ജല അതോറിറ്റിക്ക്​ നൽകുന്നു. താമരക്കുളം അഞ്ഞൂറോളം പൊതുടാപ്പുണ്ട്. പകുതിയിലും വെള്ളമില്ല. നൂറനാട് പകുതി ടാപ്പുകൾ ഒഴിവാക്കണമെന്ന് ജല അതോറിറ്റിക്ക് കത്ത്​ നൽകിയെങ്കിലും ഫലമില്ല. 426 ടാപ്പുകളിൽ പലതിലും വെള്ളമില്ല. 1.86 ലക്ഷം രൂപ മാസം അടക്കുന്നു. ചുനക്കര 186 ടാപ്പുകളിൽ പകുതിയിലും വെള്ളമില്ല. പട്ടണക്കാട് ഉപയോഗമില്ലാത്ത ടാപ്പുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്​ നൽകിയിരിക്കുകയാണ്​. ചേപ്പാട് 200 പൊതുടാപ്പുകളിൽ 120 എണ്ണത്തിലും വെള്ളം കിട്ടുന്നില്ലെന്ന്​ കണ്ടെത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story